Monday, May 7, 2012

മുല്ലപ്പെരിയാര്‍: മന്ത്രിമാര്‍ രണ്ടുതട്ടില്‍


മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാന മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമായി. സംസ്ഥാന താല്‍പ്പര്യങ്ങള്‍ തള്ളി തമിഴ്നാടിന് അനുകൂലമായി ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് വന്നതോടെയാണ് യുഡിഎഫ് സര്‍ക്കാരില്‍ ഈ വിഷയത്തിലുള്ള ഭിന്നത പുറത്തായത്. ജലവിഭവമന്ത്രി പി ജെ ജോസഫും ഗ്രാമവികസനമന്ത്രി കെ സി ജോസഫുമാണ് പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സമിതിയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത ജുഡീഷ്യല്‍ അംഗം സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കെ ടി തോമസിന്റെ നിലപാടിനെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതാക്കളായ ഇരുമന്ത്രിമാരും കൊമ്പുകോര്‍ത്തത്. വിഷയത്തില്‍ രണ്ട് പാര്‍ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇതിനുപിന്നിലുണ്ട്. ഇടുക്കിയില്‍ തുടരുന്ന മുല്ലപ്പെരിയാര്‍ സമരത്തിലടക്കം ഈ പാര്‍ടികള്‍ രണ്ടു തട്ടിലുമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്ന ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ് കെ ടി തോമസിന്റെ പ്രസ്താവന പരോക്ഷമായ കുറ്റസമ്മതമാണെന്ന് മന്ത്രി പി ജെ ജോസഫ് വ്യക്തമാക്കിയപ്പോള്‍, ജസ്റ്റിസ് കെ ടി തോമസിന്റെ നിലപാട് കേരളത്തിന് എതിരല്ലെന്ന് കൊച്ചിയില്‍ കെ സി ജോസഫ് പറഞ്ഞു. ജസ്റ്റിസ് കെ ടി തോമസിന്റെ വിയോജനക്കുറിപ്പ് അംഗീകരിക്കുന്നതായി പറഞ്ഞ് മന്ത്രി ആര്യാടനും പി ജെ ജോസഫിന്റെ നിലപാടിനെ തള്ളി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് ഉന്നതാധികാരസമിതി പറഞ്ഞപ്പോള്‍ ജസ്റ്റിസ് കെ ടി തോമസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമായിരുന്നു. കേരളത്തിന്റെ ആശങ്കകള്‍ ഉന്നതാധികാരസമിതിയെ വേണ്ടവിധത്തില്‍ അറിയിക്കാതിരുന്നത് അദ്ദേഹത്തിന്റെ വീഴ്ചയാണ്. കേരളത്തിന്റെ സുരക്ഷയ്ക്കുള്ള ഏക പ്രതിവിധി പുതിയ ഡാം നിര്‍മിക്കലാണെന്നും മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ഉന്നതാധികാരസമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ജസ്റ്റിസ് കെ ടി തോമസിന്റെ പ്രവര്‍ത്തനം പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റബോധം തോന്നുന്നതുകൊണ്ടാകാം താന്‍ കേരളത്തിന്റെ മാത്രം പ്രതിനിധിയല്ല എന്ന് പറയുന്നത്. കേരളത്തിന്റെ പ്രതിനിധിയല്ലെങ്കില്‍ ജസ്റ്റിസ് കെ ടി തോമസിന് മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയില്‍ നിയമനത്തിനുപോലും അര്‍ഹതയില്ലായിരുന്നു- ജോസഫ് പറഞ്ഞു. എന്നാല്‍, പി ജെ ജോസഫിനെ വ്യക്തിപരമായി പോലും അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നു കെ സി ജോസഫിന്റെ പ്രതികരണം. "ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിനെപ്പറ്റി ചിലര്‍ അഭിപ്രായം പറയുന്നത് കുരുടന്‍ ആനയെ കണ്ടതുപോലെയാണ്. റിപ്പോര്‍ട്ട് പഠിക്കാതെ അഭിപ്രായം പറയരുത്. പ്രശ്നത്തെ വൈകാരികമായി സമീപിക്കുകയുമരുത്. റിപ്പോര്‍ട്ടില്‍ പ്രശ്നമുണ്ടെന്നുതോന്നിയാല്‍ നിയമപരമായി നേരിടണം" കെ സി ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജസ്റ്റിസ് കെ ടി തോമസിന്റെ വിയോജനക്കുറിപ്പ് അംഗീകരിക്കുന്നെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ പി ടി തോമസ് ജസ്റ്റിസ് കെ ടി തോമസിനെ വിമര്‍ശിച്ച് രംഗത്തെത്തി.

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിനോട് യോജിപ്പില്ലെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പ്രതികരിച്ചു. ഇതേസമയം, റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി പി ജെ ജോസഫിനെതിരെ ജസ്റ്റിസ് കെ ടി തോമസ് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ പരാതി നല്‍കും. സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ എസ് ആനന്ദ് മുഖേനയാണ് പരാതി നല്‍കുക. സുപ്രീംകോടതിക്കാണ് സമിതിയുടെ മേല്‍നോട്ടം. ഈ പശ്ചാത്തലത്തിലാണ് പരാതി നല്‍കുന്നതെന്ന് കെ ടി തോമസ് പറഞ്ഞു. റിപ്പോര്‍ട്ട് മനസ്സിലാക്കാതെയാണ് ജോസഫ് ആക്ഷേപം ഉന്നയിച്ചത്. മന്ത്രി പറയുന്നതുകേട്ട് എഴുതാന്‍ തനിക്കാവില്ല. ഉന്നതാധികാരസമിതിയിലെ ഒരംഗമാണ് താന്‍. അല്ലാതെ കേരളത്തിന്റെയോ തമിഴ്നാടിന്റെയോ പ്രതിനിധിയല്ല. റിപ്പോര്‍ട്ടിന് കടകവിരുദ്ധമായ പ്രസ്താവനകള്‍ ജോസഫ് നടത്തിയതുമൂലം ജനങ്ങള്‍ തനിക്കെതിരെ തിരിയുകയാണ്- അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കെ ടി തോമസിന്റെ കോട്ടയത്തെ വസതിയിലേക്ക് മുല്ലപ്പെരിയാര്‍ സമരസമിതി നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തിയിരുന്നു.

deshabhimani 070515

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാന മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമായി. സംസ്ഥാന താല്‍പ്പര്യങ്ങള്‍ തള്ളി തമിഴ്നാടിന് അനുകൂലമായി ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് വന്നതോടെയാണ് യുഡിഎഫ് സര്‍ക്കാരില്‍ ഈ വിഷയത്തിലുള്ള ഭിന്നത പുറത്തായത്. ജലവിഭവമന്ത്രി പി ജെ ജോസഫും ഗ്രാമവികസനമന്ത്രി കെ സി ജോസഫുമാണ് പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്.

    ReplyDelete