ഹര്‍ത്താല്‍ അനുകൂലികള്‍ യൂണിയന്‍ നേതാവിനെ ആക്രമിച്ചു
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ഹര്‍ത്താല്‍ അനുകൂലികളായ ഐഎന്‍ടിയുസിക്കാര്‍ കെഎസ്ആര്‍ടിഇഎ പ്രവര്‍ത്തകരെ ആക്രമിച്ചു. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഐ എം ആണെന്നു പറഞ്ഞ് ഡ്യൂട്ടിയിലുള്ള ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ബസ്റ്റാന്‍ഡില്‍ പോസ്റ്ററുകള്‍ പതിക്കുന്നതിനെ ചോദ്യം ചെയ്തതാണ് പ്രകോപനം. ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിഇഎ (സിഐടിയു) യൂണിറ്റ് സെക്രട്ടറി മണലൂര്‍ സ്വദേശി കെ വി ഡേവി(48)യെ ജില്ലാ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎന്‍ടിയുസി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ എ നാരായണന്‍, യൂണിറ്റ് സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മുഖത്തും തലയ്ക്കും അടിയേറ്റു വീണ ഡേവിയെ സഹപ്രവര്‍ത്തകര്‍ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ഐന്‍ടിയുസി യൂണിയന്‍ ജില്ലാ സെക്രട്ടറി നാരായണനടക്കമുള്ളവര്‍ക്കെതിരെ ഡേവി പൊലീസില്‍ പരാതി നല്‍കി. സിഐടിയു തൃശൂര്‍ ഏരിയ കമ്മിറ്റിയംഗമാണ് ഡേവി.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഐ എംകാരാണെന്ന് രമേശ് ചെന്നിത്തലയും കൂട്ടരും ചാനലിലൂടെ പറഞ്ഞത് കേട്ട ഉടന്‍ ഐഎന്‍ടിയുസി യൂണിയന്‍കാര്‍ പോസ്റ്റര്‍ തയ്യാറാക്കി ബസ്റ്റാന്‍ഡില്‍ ഒട്ടിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് ഔദ്യോഗിക വിവരം കിട്ടുന്നതിനു മുമ്പ് ഇത്തരം പ്രചാരം ശരിയല്ലെന്ന് ഡേവിയും സഹപ്രവര്‍ത്തകരും ഐഎന്‍ടിയുസിക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഡ്യൂട്ടി സമയത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യുഡിഎഫ് ഹര്‍ത്താലിനെ സഹായിക്കും വിധം പ്രചാരം നടത്തുകയും അസോസിയേഷന്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിഇഎ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഡേവിയെ ഭരണകക്ഷി യൂണിയന്‍കാര്‍ അന്യായമായി ആക്രമിച്ച സംഭവത്തില്‍ സിഐടിയു തൃശൂര്‍ ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു.
ഹര്‍ത്താലിന്റെ മറവില്‍ വ്യാപക കോണ്‍ഗ്രസ് അക്രമം
പാലക്കാട്: വെള്ളിയാഴ്ച അര്‍ധരാത്രി യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. ഹര്‍ത്താല്‍ വിവരം അറിയാതെ പതിവുപോലെ പുറത്തിറങ്ങിയ പലരും എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളെ ശനിയാഴ്ച രാവിലെ എട്ടോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍തുടങ്ങി. പല ബസുകളുടെയും ചില്ലുകള്‍ തകര്‍ത്തു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനും തുടങ്ങി. യാത്രക്കാരെ ഭീഷണിപ്പെടുത്തിയും മറ്റും തിരിച്ചയക്കാനും തുടങ്ങി. അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്ന യാത്രക്കാരേയും ഇവര്‍ വെറുതെ വിട്ടില്ല.
ജില്ലാ സഹകരണബാങ്കിന്റെ ചെര്‍പ്പുളശേരി ശാഖയുടെ ചില്ലുകളും മറ്റും പൂര്‍ണമായി തകര്‍ത്തു. ചെര്‍പ്പുളശേരി അര്‍ബന്‍ബാങ്കിന്റെ ഹെഡ്ഓഫീസിലും ടൗണ്‍ബ്രാഞ്ചിലും ജീവനക്കാരെ വലിച്ചിഴച്ച് കൈയേറ്റം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും ഐഎന്‍ടിയുസി നേതാവിന്റെയും നേതൃത്വത്തിലാണ് അക്രമവും പേക്കൂത്തും നടത്തിയത്. ബാങ്കിലെ ചില്ലുകളും ഉപകരണങ്ങളും തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി.
ശ്രീകൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തു. പാലക്കാടുനിന്നും മുറിയങ്കണ്ണിവഴി പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ബസിനെ ശനിയാഴ്ച പകല്‍ 12ന് കടമ്പഴിപ്പുറം ഹൈസ്കൂളിന് സമീപത്തായിരുന്നു അക്രമം. പൊലീസ് കേസെടുത്തു. കുഴല്‍മന്ദത്ത് യുത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീകരതസൃഷ്ടിച്ചു. രാവിലെ പത്തിന് ദേശീയപാതയില്‍ വടിയും ആയുധങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാത്രക്കാരെ നേരിട്ടത്. പൊലീസ് നോക്കിനില്‍ക്കെയാണ് രണ്ട് മണിക്കൂറോളം അഴിഞ്ഞാടിയത്. വാഹനങ്ങള്‍ തടഞ്ഞും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചും ഭീകരത തുടര്‍ന്നു. കുളവന്‍മുക്കിലും ഇത്തരത്തില്‍ സമാനമായ അക്രമം അരങ്ങേറി. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ശനിയാഴ്ച വൈകീട്ട് യാത്രക്കാര്‍ കുഴപ്പമുണ്ടാക്കി. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ബസ് വിടാതെ അധികൃതര്‍ യാത്രക്കാരെ വലച്ചതാണ് കുഴപ്പത്തിന് കാരണം. തമിഴ്നാട്ടില്‍നിന്നും മറ്റും വന്ന യാത്രക്കാര്‍ ഹര്‍ത്താല്‍ വിവരം അറിയാതെ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ കുടുങ്ങിയിട്ടും അധികൃതര്‍ സര്‍വീസ് നടത്താന്‍ തയ്യാറായില്ല.
സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ് ലീഗ് സംഘം ആക്രമിച്ചു
പരപ്പനങ്ങാടി: ഹര്‍ത്താലിന്റെ മറവില്‍ സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ഓഫീസിനുനേരെ അക്രമം. പരപ്പനങ്ങാടിയിലെ എ കെ ജി ഭവനാണ് ശനിയാഴ്ച രാവിലെ 10ന് എട്ടംഗ ലീഗ് സംഘം ആക്രമിച്ചത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ടൗണില്‍ പ്രകടനംനടത്തിയ സംഘം നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചിരുന്നു. അതിനിടെയാണ് ഓഫീസിനുനേരെ തിരിഞ്ഞത്. ഓഫീസ് സെക്രട്ടറി ചന്ദ്രനെ മര്‍ദിക്കാനും മുതിര്‍ന്നു. സിപിഐ എം ഏരിയാ സെക്രട്ടറി എം കൃഷ്ണന്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി. പാര്‍ടി ഓഫീസ് ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
യുഡിഎഫ് ഹര്‍ത്താല്‍ ഭാഗികം
തൃശൂര്‍: റവല്യൂഷനറി മാര്‍ക്സിസ്റ്റ് നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പേരില്‍ യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. അജ്ഞാത ക്രിമിനല്‍ സംഘം നടത്തിയ കൊലപാതകം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവച്ച് രാഷ്ട്രീയ മുതലെടുപ്പിനായി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് ജനം കാര്യമായ അനുഭാവം കാട്ടിയില്ല. സ്വകാര്യ ബസുകള്‍ മുഴുവന്‍ സമയവും ഓടിയില്ലെങ്കിലും കെഎസ്ആര്‍ടിസി ബസുകളും ടാക്സി, ഓട്ടോകളും സാധാരണപോലെ സര്‍വീസ് നടത്തി. രാവിലെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങിയെങ്കിലും യുഡിഎഫുകാര്‍ തടയുകയായിരുന്നു. വൈകിട്ട് അഞ്ചിനുശേഷം വീണ്ടും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങി.
കടകള്‍ പട്ടണ പ്രദേശത്ത് അടപ്പിച്ചെങ്കിലും ഗ്രാമങ്ങളില്‍ തുറന്നു. ഹര്‍ത്താലനുകൂലികള്‍ പലയിടത്തും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയായിരുന്നു. ഹാജര്‍ കുറവായെങ്കിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. തൃശൂര്‍ ബസ്സ്റ്റാന്‍ഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിഇഎ പ്രവര്‍ത്തകരെ ആക്രമിച്ചു. കയ്പമംഗലത്ത് കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്തു. യാത്രക്കാരുടെ സൗകര്യാര്‍ഥം തൃശൂരില്‍നിന്ന് ഗുരുവായൂര്‍, ഷൊര്‍ണൂര്‍, കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി റൂട്ടുകളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തി.
ഹര്‍ത്താല്‍ ജനം തള്ളി
കണ്ണൂര്‍: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ കാര്യമായി ഏശിയില്ല. നഗരങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മിക്ക സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വീസ് നടത്തി. സ്വകാര്യബസ്സുകള്‍ രാവിലെ സര്‍വീസ് നടത്തിയെങ്കിലും കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ കുറച്ചുസമയം ഓടിയില്ല.
പെട്ടെന്നുള്ള ഹര്‍ത്താല്‍ പ്രഖ്യാപനമായതിനാല്‍ വിദൂര സ്ഥലങ്ങളില്‍നിന്ന് ട്രെയിനുകളിലും ബസ്സുകളിലും വന്നവര്‍ മറ്റുവാഹനങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടി. ടൗണുകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളടക്കമുള്ള യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിട്ടു. ആശുപത്രിയില്‍ പോകുന്നവരുടെ വാഹനങ്ങളും വിദേശത്തേക്ക് പോകുന്നവരുടെ വാഹനങ്ങളും തടഞ്ഞു. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ യുഡിഎഫുകാര്‍ പ്രകടനം നടത്തിയ ശേഷം വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് സാന്നിധ്യത്തിലാണ് അഴിഞ്ഞാടിയത്. ബസ്സോടിച്ചെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയും ഭീഷണിപ്പെടുത്തി.
ഹര്‍ത്താലില്‍ പരക്കെ അക്രമം
ആലപ്പുഴ: യുഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ അക്രമം. കെഎസ്ആര്‍ടിസി ബസുകള്‍ സാധാരണനിലയില്‍ സര്‍വീസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ പലസ്ഥലങ്ങളിലും തടഞ്ഞു. കടകമ്പോളങ്ങള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും പലസ്ഥലങ്ങളിലും സംഘടിതമായെത്തി ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങള്‍ ഹര്‍ത്താലില്‍ പങ്കാളികളായില്ല. ജലഗതാഗതവകുപ്പ് ബോട്ട് സര്‍വീസ് സാധാരണ നിലയില്‍ നടത്തി. നഗരത്തിലെ പെട്രോള്‍ ബങ്കുകള്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു.
അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പ്ലസ്ടുവിന്റെ മൂല്യനിര്‍ണയം ഹര്‍ത്താലനുകൂലികള്‍ തടസ്സപ്പെടുത്തി. അഡ്വ. എം ലിജുവിന്റെ നേതൃത്വത്തിലുള്ള 20 ഓളം പ്രവര്‍ത്തകരാണ് രാവിലെ തടസ്സപ്പെടുത്തിയത്. 60 ഓളം അധ്യാപകരാണ് ഇവിടെ മൂല്യനിര്‍ണയത്തിനെത്തിയത്. മൂല്യനിര്‍ണയത്തിനായി രാവിലെ ഒമ്പതോടെ അധ്യാപകര്‍ സ്കൂളിലെത്തിയെങ്കിലും ചുമതലയുള്ള പ്രിന്‍സിപ്പല്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് അധ്യാപകര്‍ ഹയര്‍ സെക്കന്‍ഡറി അഡീഷണല്‍ ജോയിന്റ് ഡയറക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 11 ഓടെ ഒരുജീവനക്കാരനെത്തി ക്ലാസ്മുറികള്‍ തുറന്നുകൊടുത്തു. തുടര്‍ന്ന് മൂല്യനിര്‍ണയം ആരംഭിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഹര്‍ത്താലനുകൂലികള്‍ മുദ്രാവാക്യംവിളിച്ച് മൂല്യനിര്‍ണയം തടസ്സപ്പെടുത്തിയത്. പിന്നീട് അമ്പലപ്പുഴയില്‍നിന്ന് പൊലീസെത്തിയെങ്കിലും മൂല്യനിര്‍ണയം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് മടങ്ങി. ഹര്‍ത്താലിന് അനുകൂലമായ നിലപാട് പ്രിന്‍സിപ്പല്‍ കൈക്കൊണ്ടതാണ് മൂല്യനിര്‍ണയം തടസ്സപ്പെടാന്‍ കാരണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം സി പ്രസാദ് ആവശ്യപ്പെട്ടു.
പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജില്‍ ഹര്‍ത്താല്‍ദിനത്തില്‍ പ്രിന്‍സിപ്പലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും എത്തിയില്ല. ചില ജീവനക്കാര്‍ എത്തിയെങ്കിലും ഒപ്പിടാന്‍ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ഇല്ലായിരുന്നു. പിന്നീട് ഒരു പ്യൂണെത്തി പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്ന് രജിസ്റ്ററെടുത്ത് ഒപ്പിടാന്‍ നല്‍കി. അമ്പലപ്പുഴ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. രാവിലെ പ്രവര്‍ത്തനമാരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ ചില പ്രവര്‍ത്തകരെത്തി ബാങ്ക് അടപ്പിച്ചു. രാവിലെ തുറന്ന കെഎസ്എഫ്ഇ ശാഖ പിന്നീട് അടച്ചു. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ സ്റ്റേഷന്‍മാസ്റ്ററെയും കണ്‍ട്രോള്‍ ഇന്‍സ്പെക്ടറെയും കൈയേറ്റം ചെയ്തു. മാവേലിക്കര നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പകല്‍ 11 ഓടെയായിരുന്നു പ്രകടനം. ചെയര്‍മാന്റെ ഡ്രൈവര്‍, കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ എന്നിവരാണ് ആക്രമണം നടത്തിയത്. അസഭ്യംവിളികളുമായി ഓഫീസിലേക്കു തള്ളിക്കയറിയ അക്രമികള്‍ വനിതാജീവനക്കാരെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. ഭയചകിതരായ വനിതാജീവനക്കാര്‍ നിലവിളിച്ചു. ഐഎന്‍ടിയുസി യൂണിയന്റെ സ്റ്റേഷനിലെ വൈസ് പ്രസിഡന്റും സ്റ്റേഷന്‍ മാസ്റ്ററുമായ വസന്തകുമാരന്‍പിള്ള, പ്രസിഡന്റും കാണ്‍ട്രോള്‍ ഇന്‍സ്പെക്ടറുമായ ജി ചന്ദ്രഖേശരന്‍പിള്ള എന്നിവരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തത്.
തുറവൂരില്‍ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഹൈവേ ഉപരോധിച്ചു. യുഡിഎഫ് ഭരിക്കുന്ന തുറവൂര്‍ പഞ്ചായത്ത് ഓഫീസിലെ കൃഷിഭവനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫീസ് ഉച്ചവരെ പ്രവര്‍ത്തിച്ചു. പ്രകടനക്കാര്‍ ബലമായി കട അടപ്പിക്കാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. കുത്തിയതോട് പഞ്ചായത്തില്‍ പീലിങ് ഷെഡ്ഡുകളില്‍ സുഗമായി പ്രവര്‍ത്തനം നടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. കുത്തിയതോട് സബ് രജിസ്ട്രാര്‍ ഓഫീസ്, കുത്തിയതോട് മൃഗാശുപത്രി, വില്ലേജ് ഓഫീസ്, കൃഷിഭവന്‍ എന്നിവ ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. കോടംതുരുത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എരമല്ലൂര്‍, ചന്തിരൂര്‍, അരൂര്‍, ചാവടി, വല്ലേത്തോട്, കരുമാഞ്ചേരി എന്നിവിടങ്ങളിലെ പീലിങ് ഷെഡ്ഡുകളും മത്സ്യസംസ്കരണശാലകളും അരൂര്‍ വ്യവസായമേഖലയിലെ തൊഴില്‍ശാലകളും പ്രവര്‍ത്തിച്ചു. ഐഎന്‍ടിയുസിയിലെ അടക്കമുള്ള തൊഴിലാളികള്‍ ജോലിക്ക് ഹാജരായി. അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കയറി സെക്യൂരിറ്റി ഓഫീസ് തകര്‍ക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തിയപ്പോള്‍ ഇവര്‍ പിരിഞ്ഞുപോയി.
കെല്‍ട്രോണില്‍ യൂത്ത് കോണ്‍. അതിക്രമം
അരൂര്‍: ഹര്‍ത്താലിന്റെ മറവില്‍ അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ ബൈക്കിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം അഴിഞ്ഞാടി. പത്തോളംപേരാണ് സംഘത്തിലുണ്ടായിരുന്നത്. സെക്യൂരിറ്റി ഓഫീസില്‍ അതിക്രമിച്ചുകയറിയ സംഘം ഓഫീസ് ഉപകരണങ്ങും ചില്ലുകളും തകര്‍ത്തു. ഉമ്മന്‍ചാണ്ടിക്ക് ജയ്വിളിച്ച ഇവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉച്ചത്തില്‍ ചീത്തവിളിക്കുകയും ചെയ്തു. ശനിയാഴ്ച പകല്‍ 12 ഓടെയായിരുന്നു സംഭവം. ഈ ബഹളംകേട്ട് ജീവനക്കാര്‍ സെക്യൂരിറ്റി ഓഫീസിന്റെ മുന്നില്‍ തടിച്ചുകൂടി. ഇതില്‍ ഹര്‍ത്താലില്‍ പങ്കെടുക്കാതെ ജോലിക്കുകയറിയ കെല്‍ട്രോണിലെ ഐഎന്‍ടിയുസി ഭാരവാഹികളും ഉണ്ടായിരുന്നു. കമ്പനി അധികൃതര്‍ അരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുന്നതറിഞ്ഞ് ബൈക്കിലെത്തിയ സംഘം കൊടി ചുരുട്ടി സ്ഥലംവിട്ടു. കമ്പനിക്കകത്ത് നിയമവിരുദ്ധമായി അതിക്രമിച്ചുകയറി പ്രകോപനം സൃഷ്ടിച്ച ഇവര്‍ക്കെതിരെ പൊലീസ് ഭാഗത്തുനിന്നും നടപടി വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
deshabhimani 060512
വെള്ളിയാഴ്ച അര്‍ധരാത്രി യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. ഹര്‍ത്താല്‍ വിവരം അറിയാതെ പതിവുപോലെ പുറത്തിറങ്ങിയ പലരും എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളെ ശനിയാഴ്ച രാവിലെ എട്ടോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍തുടങ്ങി. പല ബസുകളുടെയും ചില്ലുകള്‍ തകര്‍ത്തു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനും തുടങ്ങി. യാത്രക്കാരെ ഭീഷണിപ്പെടുത്തിയും മറ്റും തിരിച്ചയക്കാനും തുടങ്ങി. അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്ന യാത്രക്കാരേയും ഇവര്‍ വെറുതെ വിട്ടില്ല.
ReplyDelete