Monday, May 7, 2012

മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണം വെല്ലുവിളി: കെ എന്‍ പണിക്കര്‍


മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണമാണ് കേരളീയസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്നും കക്ഷിരാഷ്ട്രീയം മാറ്റിവച്ച് ഈ പ്രശ്നത്തിന് പരിഹാരം തേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യത്തോട് നാം വിടപറയുമെന്നും ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ജനാധിപത്യമില്ലാത്ത അവസ്ഥയില്‍ സ്വേച്ഛാധിപത്യ സ്വഭാവമുള്ള വ്യവസ്ഥയെ ആശ്ലേഷിക്കേണ്ടിവരും. വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങലാകും ഇതിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ 49-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "മതനിരപേക്ഷത സമകാലീനകേരളത്തില്‍" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കെ എന്‍ പണിക്കര്‍.

മതേതരത്വമില്ലാത്ത മതസൗഹാര്‍ദത്തില്‍ ഊന്നിയതാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണം. മതസൗഹാര്‍ദത്തിലൂടെ മതേതരത്വം എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. ഇത് വികലമായ ആശയമാണ്. മതേതരത്വത്തിലൂടെ മാത്രമെ നമുക്ക് മതസൗഹാര്‍ദം സൃഷ്ടിക്കാനാകൂ. ഇത് മനസ്സിലാക്കാതെയാണ് പലപ്പോഴും നാം മതസൗഹാര്‍ദത്തിനുവേണ്ടി ഉപവാസം നടത്തുന്നത്. മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണമാണ് ഇന്ന് കേരളത്തില്‍ ഏറ്റവും ഭയപ്പെടേണ്ട പ്രവണത. ഇത് മതേതരത്വത്തിന്റെ അവസാനം കുറിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയം ഏവരും നോക്കിക്കാണുന്നത് മനസ്സിന്റെ രാഷ്ട്രീയവല്‍ക്കരണത്തിലൂടെയാണ് എന്നുവന്നിരിക്കുന്നു. മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയത്തിന് മതസ്വഭാവം വന്നിരിക്കുന്നു. നമ്മെ പ്രതിനിധീകരിക്കുന്നവര്‍ ജനാധിപത്യവാദിയല്ല മറിച്ച് ഹിന്ദുവും ക്രൈസ്തവനും മുസ്ലിമും ഈഴവനും നായരും എന്നതാണ് അവസ്ഥ-കെ എന്‍ പണിക്കര്‍ പറഞ്ഞു.

"കമ്യൂണിറ്റി" അഥവാ അയല്‍പക്ക മതേതര സംസ്കാരം നഷ്ടപ്പെട്ടതാണ് നമ്മുടെ നാട് ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്- സെമിനാറില്‍ സംസാരിച്ച പ്രൊഫ. നൈാന്‍ കോശി ചൂണ്ടിക്കാട്ടി. മതനിരപേക്ഷത കളിയാടിയിരുന്ന പള്ളിക്കൂടങ്ങള്‍ മുതല്‍ ഭരണകൂടംവരെ ഇന്ന് മതവല്‍ക്കരിക്കപ്പെട്ടു. മന്ത്രിമാരെയും അവരുടെ വകുപ്പുകളും തീരുമാനിക്കുന്നത് തിരുവനന്തപുരത്ത് അല്ല; മറ്റ് ചിലയിടങ്ങളിലാണ് എന്നതും ഈ ഭീഷണിയുടെ മറ്റൊരു മുഖമാണെന്നും നൈാന്‍കോശി പറഞ്ഞു. മതം രാഷ്ട്രീയശക്തിയായി അധികാരകേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നതാണ് കേരളം ഇന്ന് കാണുന്നതെന്നും ഈ അപകടം ചെറുക്കാന്‍ കഴിയണമെന്നും സെമിനാറില്‍ പങ്കെടുത്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. മതമാണ് രാഷ്ട്രീയം എന്നതാണ് അവസ്ഥ. വളര്‍ന്നുവരുന്ന പുത്തന്‍തലമുറയില്‍ മതസൗഹാര്‍ദവും മാനവികതയും വര്‍ഗബോധവും വളര്‍ത്താന്‍ സംവിധാനമില്ല. അവരില്‍ ജാതിചിന്തയും മതബോധവും ഉള്‍പ്പെടുന്ന വര്‍ഗീയവിഷമാണ് കുത്തിവയ്ക്കുന്നത്. ചുള്ളിക്കാട് പറഞ്ഞു.

deshabhimani 070512

No comments:

Post a Comment