Sunday, May 6, 2012
എന്‍ജിഒ യൂണിയന്‍ സമ്മേളനം: കൂട്ടായ്മയുടെ പുതുചരിത്രം
കൊല്ലം: സംസ്ഥാന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കൊപ്പം പൊതുസമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള പോരാട്ടങ്ങളില്‍ അണിചേരുമെന്ന പ്രഖ്യാപനം കേരള എന്‍ജിഒ യൂണിയന്‍ 49-ാം സംസ്ഥാന സമ്മേളനത്തിന് ചരിത്രപരമായ സവിശേഷത നല്‍കുന്നു. തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ കൊല്ലത്തിന്റെ ഈടുവയ്പായി മാറുകയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്നു ദിവസത്തെ സമ്മേളനം. ജീവനക്കാരുടെ പ്രശ്നങ്ങളോട് പൊതുസമൂഹവും അവരുടെ പ്രശ്നങ്ങളോട് ജീവനക്കാരും എങ്ങനെ താദാത്മ്യം പ്രാപിക്കുന്നു എന്നതിന് സമ്മേളനം അടിവരയിടുന്നു. സമ്മേളനവിജയത്തിന് ഇതര മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും അധ്യാപകരും തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയും ഉണ്ട്.
ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ലോകത്താകമാനം ഉയരുന്ന തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളുടെ കരുത്ത് കൈമുതലാക്കിയുള്ള അവകാശ സമരങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ തകര്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുള്ള ജീവനക്കാരുടെ സമരത്തിന് യൂണിയന്‍ നേതൃത്വം നല്‍കും. സിവില്‍സര്‍വീസിനെ സ്വകാര്യവല്‍ക്കരിച്ച് പെന്‍ഷന്‍ ഇല്ലാതാക്കുന്നതിനെതിരെ ജീവനക്കാരുടെ ഐക്യനിര പടുത്തുയര്‍ത്താനുള്ള ചര്‍ച്ചകളും സമ്മേളനത്തിലുണ്ടാകും. അഴിമതിരഹിതവും കാര്യക്ഷമമവുമായ സിവില്‍ സര്‍വീസിന്റെ വ്യാപനം മുദ്രാവാക്യമാക്കിയുള്ള പോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ സമ്മേളനം ആഹ്വാനംചെയ്തു.
പെന്‍ഷന്‍പ്രായം കൂട്ടിയത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് മുന്നോടി: കോടിയേരി
കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പെന്‍ഷന്‍പ്രായം ഒരുവര്‍ഷം കൂട്ടിനല്‍കി ജീവനക്കാരെ സ്വാധീനിക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം സ. എം കെ പന്ഥെ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ ഹാള്‍) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്നു. എന്നാല്‍, പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി റദ്ദാക്കി. വക്കത്തിന്റെ നയം നടപ്പാക്കണമെന്ന് ഇപ്പോള്‍ കേന്ദ്രധനമന്ത്രി കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പെന്‍ഷന്‍പ്രായം ഒരുവര്‍ഷം കൂട്ടിയപ്പോള്‍ പെന്‍ഷന്‍ ബെനിഫിറ്റായി 3000 കോടി രൂപയാണ് ഖജനാവില്‍ എത്തിയത്. ആ തുക അഴിമതിക്കും മന്ത്രിമാരുടെ ധൂര്‍ത്തിനുമായി ഉപയോഗിക്കുകയാണ്. തലങ്ങും വിലങ്ങും സ്ഥലംമാറ്റി ജീവനക്കാരെ സര്‍ക്കാര്‍ അരക്ഷിതത്വത്തിലാക്കി. ഒരു മാനദണ്ഡവുമില്ലാതെയാണ് സ്ഥലംമാറ്റം നടപ്പാക്കുന്നത്. എന്നാല്‍, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലംമാറ്റത്തില്‍ വ്യക്തമായ മാനദണ്ഡം പാലിച്ചു. പെന്‍ഷന്‍പ്രായം കൂട്ടിയപ്പോള്‍ പുതിയ തസ്തിക ഉണ്ടാക്കി അത്രയും പോസ്റ്റില്‍ പുതിയ നിയമനം നടത്തുമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം. സൂപ്പര്‍ന്യൂമറി തസ്തിക വഴി എത്രപേര്‍ക്ക് തൊഴില്‍നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് ഒന്നാമതായിരുന്ന കേരളം ഒരു വര്‍ഷത്തിനിടെ നാലാം സ്ഥാനത്തായി. തലസ്ഥാനത്ത് സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിനു മുന്നിലെ വീട്ടില്‍നിന്ന് പട്ടാപ്പകല്‍ 100 പവന്‍ കവര്‍ന്നു. ഒരു പ്രതി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. ബാലരാമപുരം പൊലീസ് സ്റ്റേഷനു സമീപം ജ്വല്ലറി കുത്തിത്തുറന്ന് മൂന്നുകിലോ സ്വര്‍ണം കവര്‍ന്നു. കവര്‍ച്ചയ്ക്ക് ഏറ്റവും യോജിച്ച സ്ഥലം പൊലീസ് സ്റ്റേഷന്റെ ചുറ്റുവട്ടമായി മാറിയെന്നും കോടിയേരി പറഞ്ഞു.
deshabhimani 060512
Labels:
ട്രേഡ് യൂണിയന്‍,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
സംസ്ഥാന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കൊപ്പം പൊതുസമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള പോരാട്ടങ്ങളില്‍ അണിചേരുമെന്ന പ്രഖ്യാപനം കേരള എന്‍ജിഒ യൂണിയന്‍ 49-ാം സംസ്ഥാന സമ്മേളനത്തിന് ചരിത്രപരമായ സവിശേഷത നല്‍കുന്നു. തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ കൊല്ലത്തിന്റെ ഈടുവയ്പായി മാറുകയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്നു ദിവസത്തെ സമ്മേളനം. ജീവനക്കാരുടെ പ്രശ്നങ്ങളോട് പൊതുസമൂഹവും അവരുടെ പ്രശ്നങ്ങളോട് ജീവനക്കാരും എങ്ങനെ താദാത്മ്യം പ്രാപിക്കുന്നു എന്നതിന് സമ്മേളനം അടിവരയിടുന്നു. സമ്മേളനവിജയത്തിന് ഇതര മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും അധ്യാപകരും തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയും ഉണ്ട്.
ReplyDelete