Saturday, July 7, 2012

കച്ചവടക്കാര്‍ക്ക് മന്ത്രിവേഷത്തില്‍ ഒരടിമ


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം, ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം പാടില്ല. അനൗദ്യോഗികപ്രമേയങ്ങളുടെ രൂപത്തിലാണ് രണ്ട് വിഷയങ്ങളും എത്തിയതെങ്കിലും സഭ ഒറ്റക്കെട്ടായാണ് അംഗീകരിച്ചത്. കാടുകയറിയ ചര്‍ച്ചയും പോര്‍വിളികളും ഒഴിഞ്ഞുനിന്ന ചര്‍ച്ചയില്‍ പ്രതിഫലിച്ചത് കേരളത്തിന്റെ വികാരമായിരുന്നു. അനൗദ്യോഗിക കാര്യങ്ങള്‍ക്കായി അരമണിക്കൂര്‍മാത്രമാണ് ലഭിച്ചതെങ്കിലും രണ്ടു പ്രമേയങ്ങളുടെയും ചര്‍ച്ച അതിനകം പൂര്‍ത്തിയാക്കിയത് പുതിയ അനുഭവമായി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന പ്രമേയത്തിന് പുരുഷന്‍ കടലുണ്ടിയാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ അനൗദ്യോഗികദിനത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മാറ്റിവച്ച പ്രമേയം വീണ്ടും പരിഗണനയ്ക്ക് എടുക്കുകയായിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉണ്ടാവുകതന്നെ ചെയ്യുമെന്ന ദൃഢവിശ്വാസക്കാരനാണ് ചര്‍ച്ച പുനരാരംഭിച്ച ജോസഫ് വാഴക്കന്‍. വിഷയത്തില്‍നിന്ന് വ്യതിചലിക്കാന്‍ വാഴക്കന്‍ നേരിയ ശ്രമം നടത്തിയെങ്കിലും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അതിന് ബ്രേക്കിട്ടു. പ്രമേയം തര്‍ക്കരഹിതമായി പാസാക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ടെന്ന് പി സി ജോര്‍ജ് വെളിപ്പെടുത്തി. അതോടെ പ്രമേയത്തിന്റെ വഴി സുഗമമായി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാംതവണയാണ് സഭ പ്രമേയം പാസാക്കിയത്. കേരളത്തില്‍ ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ചൂടുപകര്‍ന്നതായി. തേറമ്പില്‍ രാമകൃഷ്ണന്‍ നോട്ടീസ് നല്‍കിയ പ്രമേയത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല രംഗത്തുവന്നപ്പോള്‍ രാജു എബ്രഹാം ചോദ്യമുയര്‍ത്തി.

വിദേശനിക്ഷേപത്തെ അനുകൂലിച്ച് കേരളം കത്തയച്ചിട്ടുണ്ടെന്ന കേന്ദ്രമന്ത്രി ആനന്ദ്ശര്‍മയുടെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നു രാജുവിന്റെ ചോദ്യം. അതൊരു ധാരണപ്പിശകുമാത്രമാണെന്നും സര്‍ക്കാര്‍ വേഗംതന്നെ തിരുത്തിയെന്നുമായി ചെന്നിത്തല. പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി അനുകൂലിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാര്‍നിലപാടെന്ന് എം ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് കത്ത് എഴുതിയാലും ഇല്ലെങ്കിലും ജനം ആശയക്കുഴപ്പത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സാമ്പത്തികനയം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞതിലാണ് വി എസ് സുനില്‍കുമാര്‍ ആശ്വാസംകൊണ്ടത്. വിദേശനിക്ഷേപം പാടില്ലെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് ഉറച്ച നിലപാടാണെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. അബ്ദുറബ്ബ് എന്നുവച്ചാല്‍ ദൈവത്തിന്റെ അടിമ എന്നാണ് അര്‍ഥമെന്ന് കണ്ടെത്തിയത് എം കെ മുനീറാണ്. കുഞ്ഞാലിക്കുട്ടിയുടെ അടിമയാണോയെന്ന് ശങ്കിച്ചാണ് മുനീര്‍ അര്‍ഥം പരതിയത്. മുനീറിന്റെ ദൗത്യം തുടരാന്‍ തീരുമാനിച്ച പി ശ്രീരാമകൃഷ്ണന് മറ്റൊരു അര്‍ഥമാണ് തടഞ്ഞത്. മന്ത്രിയുടെ വാക്കും പ്രവൃത്തിയും കൂട്ടിവായിച്ചപ്പോള്‍ "വിദ്യാഭ്യാസക്കച്ചവടക്കാരുടെ അടിമ" എന്നാണ് ശ്രീരാമകൃഷ്ണന്റെ ഗവേഷണബുദ്ധിയില്‍ തെളിഞ്ഞത്. ഈ പേര് വിളിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പണത്തിന്റെ അടിമയെന്നും ആകാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിദ്യാഭ്യാസക്കച്ചവടക്കാരുടെ പെട്ടിതൂക്കി എന്ന വിശേഷണവും മന്ത്രിക്ക് അനുയോജ്യമാണെന്നാണ് ശ്രീരാമകൃഷ്ണന്റെ പക്ഷം. ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഒരുമ്പെട്ട മന്ത്രിയാകട്ടെ ഒടുവില്‍ പൊല്ലാപ്പിലായി. ഗുണനിലവാരമില്ലാത്ത സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ അടിയന്തരപ്രമേയ നോട്ടീസ്. ശ്രീരാമകൃഷ്ണന്‍ ഇത്തരത്തില്‍ ഒരു കോളേജിന്റെ ഡയറക്ടറാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഇത് ഉടനടി നിഷേധിച്ച ശ്രീരാമകൃഷ്ണന്‍ താന്‍ ഒരു കോളേജിന്റെയും ഡയറക്ടറല്ലെന്ന് അറിയിച്ചു. മന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. തന്റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പിന്‍വലിക്കാമെന്നായി മന്ത്രി. പ്രതിപക്ഷം മുറുകിയതോടെ ആരോപണം പിന്‍വലിക്കാന്‍ മന്ത്രി നിര്‍ബന്ധിതനായി. നിലവാരമില്ലെന്ന് കോടതി പറഞ്ഞ കോളേജിന് എംടെക് കോഴ്സ് അനുവദിച്ച മന്ത്രിയെ നമസ്കരിച്ചേ മതിയാകൂവെന്നാണ് കോടിയേരിയുടെ നിലപാട്.
(കെ ശ്രീകണ്ഠന്‍)

deshabhimani 070612

1 comment:

  1. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം, ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം പാടില്ല. അനൗദ്യോഗികപ്രമേയങ്ങളുടെ രൂപത്തിലാണ് രണ്ട് വിഷയങ്ങളും എത്തിയതെങ്കിലും സഭ ഒറ്റക്കെട്ടായാണ് അംഗീകരിച്ചത്. കാടുകയറിയ ചര്‍ച്ചയും പോര്‍വിളികളും ഒഴിഞ്ഞുനിന്ന ചര്‍ച്ചയില്‍ പ്രതിഫലിച്ചത് കേരളത്തിന്റെ വികാരമായിരുന്നു. അനൗദ്യോഗിക കാര്യങ്ങള്‍ക്കായി അരമണിക്കൂര്‍മാത്രമാണ് ലഭിച്ചതെങ്കിലും രണ്ടു പ്രമേയങ്ങളുടെയും ചര്‍ച്ച അതിനകം പൂര്‍ത്തിയാക്കിയത് പുതിയ അനുഭവമായി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന പ്രമേയത്തിന് പുരുഷന്‍ കടലുണ്ടിയാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ അനൗദ്യോഗികദിനത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മാറ്റിവച്ച പ്രമേയം വീണ്ടും പരിഗണനയ്ക്ക് എടുക്കുകയായിരുന്നു.

    ReplyDelete