Tuesday, July 31, 2012
വിയറ്റ്നാം തൊഴില്‍ശക്തിയില്‍ പകുതി സ്ത്രീകള്‍
വിയറ്റ്നാമിലെ തൊഴില്‍ശക്തിയില്‍ പകുതിയും സ്ത്രീകളാണെന്ന് വിയറ്റ്നാം വിമന്‍സ് യൂണിയന്‍ വൈസ്പ്രസിഡന്റ് ഗുയെന്‍ തി തുയെത് പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ വിയറ്റ്നാം വനിതാ പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കുന്ന അവര്‍ "ദേശാഭിമാനി"ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമിലെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികജീവിതത്തില്‍ സ്ത്രീകളുടെ പങ്ക് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു.
വിയറ്റ്നാം ദേശീയ അസംബ്ലിയില്‍ സ്ത്രീകളുടെ പങ്കാളിത്തം 25.76 ശതമാനമാണ്. പ്രവിശ്യാ ജനകീയ കൗണ്‍സിലില്‍ 23.88 ശതമാനവും ജില്ലാ ജനകീയ കൗണ്‍സിലുകളില്‍ 23.01 ശതമാനവുമാണ് സ്ത്രീകളുടെ പ്രാതിനിധ്യം. കമ്യൂണിസ്റ്റ് പാര്‍ടി അംഗസംഖ്യയില്‍ 24.61 ശതമാനവും സ്ത്രീകളാണ്. പാര്‍ടിയുടെയും സംഘടനകളുടെയും വിവിധ തലങ്ങളുടെ നേതൃത്വത്തില്‍ 50.86 ശതമാനം പങ്കാളിത്തം സ്ത്രീകള്‍ക്കുണ്ട്. കൃഷിയെ മാത്രം അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ നിലവിലിരുന്ന വിയറ്റ്നാമില്‍ വ്യവസായങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും 20 വര്‍ഷത്തിനിടയില്‍ വലിയ മുന്നേറ്റം ഉണ്ടായി. രാജ്യത്തിന്റെ തൊഴില്‍ശക്തിയില്‍ 49.16 ശതമാനം സ്ത്രീകളാണ്. സംരംഭകരില്‍ 25 ശതമാനം സ്ത്രീകളാണ്. ഇപ്പോഴും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖലയിലെ തൊഴില്‍ ചെയ്യുന്നവരില്‍ 51.33 ശതമാനവും സ്ത്രീകളാണ്. ഹോട്ടല്‍-റസ്റ്റോറന്റ് മേഖലയില്‍ 67.07 ശതമാനവും വിദ്യാഭ്യാസം - പരിശീലനമേഖലയില്‍ 69 ശതമാനവും ആരോഗ്യരക്ഷാ പ്രവര്‍ത്തകരില്‍ 57.42 ശതമാനവും സ്ത്രീകളാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ വിയറ്റ്നാം സ്ത്രീകള്‍ ഐതിഹാസികമായ പങ്കാണ് വഹിച്ചതെന്നും അവര്‍ അനുസ്മരിച്ചു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ സേന ഉപയോഗിച്ച വിനാശകാരിയായ രാസവസ്തു "ഏജന്റ് ഓറഞ്ച്" ഉല്‍പ്പാദിപ്പിക്കുന്ന "ഡൗ കെമിക്കല്‍സി"നെ ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്പോണ്‍സറാക്കരുതെന്ന് ആവശ്യപ്പെട്ട് വിമന്‍സ് യൂണിയന്‍ ഒളിമ്പിക്സ് കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സംഘം ഡല്‍ഹിയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഓഫീസിലെത്തി നേതാക്കളുമായി ആശയവിനിമയം നടത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബ ഫാറൂഖി തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
(വി ജയിന്‍)
deshabhimani 280712
Labels:
വിയറ്റ്നാം,
സ്ത്രീ
Subscribe to:
Post Comments (Atom)

ReplyDelete