Saturday, July 28, 2012

നവവത്സര കറണ്ടടി വരുന്നു


കറണ്ട് ചാര്‍ജ് കൊളളയ്ക്കു പുറമേ നവവത്സര സമ്മാനമായി മറ്റൊരു ഇരുട്ടടി കൂടിവരുന്നു. ജനുവരി ഒന്ന് മുതല്‍ 500  യൂണിറ്റില്‍ കൂടുതല്‍ കറണ്ട് ഉപയോഗിക്കുന്നവര്‍ക്ക് ആറ് മുതല്‍ 10 മണിവരെ ഇരട്ടിയോളം നിരക്കു നല്‍കേണ്ടിവരും. മഹാഭൂരിപക്ഷം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ 40 ശതമാനമെങ്കിലും 500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്.

ഉപഭോഗം അനുസരിച്ച് ഫിക്‌സഡ് ചാര്‍ജ് തോന്നുംപടി വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷനു മുന്നില്‍വച്ചത്. കറണ്ട് ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഇത്തരം ഭീമമായ ഫിക്‌സഡ് ചാര്‍ജ് വര്‍ധന കൂടിയായാല്‍ നാടെമ്പാടും പ്രതിഷേധജ്വാലകള്‍ ഉയരുമെന്ന തിരിച്ചറിവിലാണ് നവവത്സരം മുതല്‍ താങ്ങാനാവാത്ത മറ്റൊരു കൊള്ളയ്ക്ക് റഗുലേറ്ററി കമ്മിഷന്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

വ്യവസായ-വാണിജ്യ ഉപഭോക്താക്കളും വന്‍നിരക്കു വര്‍ധനയുടെ പ്രഹരമേല്‍ക്കേണ്ടിവരും. 20 കിലോവാട്ടിനുമേല്‍ കണക്റ്റഡ് ലോഡുള്ള വ്യവസായങ്ങള്‍ക്ക് വൈകിട്ട് ആറ് മുതല്‍ 10 മണിവരെയുള്ള സമയത്ത് ഇരട്ടിത്തുക ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിന് മുന്‍കൂര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഈ നവവത്സര ഇരുട്ടടിക്ക് വൈദ്യുതി ബോര്‍ഡ് 'ടൈം ഓഫ് ഡേ ടാരിഫ്' എന്ന ഓമനപ്പേരും നല്‍കിക്കഴിഞ്ഞു. പ്രതിമാസം മുപ്പതിനായിരം യൂണിറ്റ് വൈദ്യുതി ഉപഭോഗമുള്ള കമേഴ്‌സ്യല്‍ മേഖലയുടെ നിരക്കും ഗണ്യമായി ഉയര്‍ത്തും.
നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനമൂലം എല്ലാ വിഭാഗം ജനങ്ങളും പൊറുതിമുട്ടുമ്പോള്‍ ഭീമമായ കറണ്ടുചാര്‍ജ് വര്‍ധനയും ജനജീവിതത്തില്‍  ഇരുള്‍ പരത്തുമെന്നുറപ്പാണ്. ഇടത്തരക്കാരെയാണ് ഈ വര്‍ധന ഏറ്റവുമധികം ബാധിക്കുന്നതെന്ന് വൈദ്യുതി രംഗത്തെ വിദഗ്ധര്‍ പറയുന്നു. ചെറുകിട വ്യവസായങ്ങള്‍ പലതും അടച്ചിടേണ്ടിവരും. ഉല്‍പ്പാദന ചെലവ് കുത്തനെ ഉയരുന്നതിനാല്‍ ഉല്‍പ്പന്നങ്ങളുടെ വിലകളും വര്‍ധിക്കും.

സാധനവിലക്കയറ്റംമൂലം കുടുംബ ബജറ്റുകളുടെ താളം ഇപ്പോള്‍ത്തന്നെ തെറ്റിക്കഴിഞ്ഞതിനിടയില്‍ കറണ്ടു ചാര്‍ജ് വര്‍ധന കൂടിയാകുമ്പോല്‍ ജീവിതഭാരം താങ്ങാനാവാത്തതാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ടു ട്യൂബ് ലൈറ്റുകളും രണ്ട് സി എഫ് ലാമ്പുകളും രണ്ട് ഫാനും ഒരു മിക്‌സിയും ഒരു ഫ്രിഡ്ജും ഒരു ടി വിയും ഒരു ഇലക്ട്രിക് തേപ്പുപെട്ടിയും ഒരു കമ്പ്യൂട്ടറുമുള്ള ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ കറണ്ടു ചാര്‍ജ് നിശ്ചിതസമയക്രമമനുസരിച്ച് 675 രൂപയില്‍ നിന്നും 938 രൂപയോ അതിലധികമോ ആയി കുതിച്ചുയരുമെന്നാണ് കണക്ക്.

മൂന്ന് ട്യൂബ് ലൈറ്റുകള്‍, മൂന്ന് സി എഫ് എല്‍ ലാമ്പുകള്‍, മൂന്ന് ഫാനുകള്‍, ഒരു മിക്‌സി, ഒരു ഫ്രിഡ്ജ്, ഒരു ടി വി, ഒരു അയണ്‍, ഒരു കമ്പ്യൂട്ടര്‍, ഒരു വാഷിംഗ് മെഷീന്‍, രണ്ട് എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍, ഒരു വാട്ടര്‍ ഹീറ്റര്‍, ഒരു മൈക്രോവേവ് അവണ്‍, ഒരു എ സി എന്നിവയുള്ള കുടുംബങ്ങളുടെ പ്രതിമാസ കറണ്ട് ചാര്‍ജ് നിശ്ചിത സമയക്രമമനുസരിച്ച് ശരാശരി 1624 രൂപയില്‍ നിന്നും 2217 രൂപയായി ഉയരും. അതേസമയം സമ്പന്ന കുടുംബങ്ങളുടെ ശരാശരി പ്രതിമാസ കറണ്ട് ചാര്‍ജ് 7219 രൂപയില്‍ നിന്നും 8599 രൂപയായി വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ കണക്ക്.

കേരളത്തിലെ പത്ത് പ്രമുഖ വ്യവസായശാലകള്‍ക്ക് വര്‍ധിപ്പിച്ച കറണ്ട് ചാര്‍ജ് മൂലം നൂറു കോടിയില്‍പ്പരം രൂപയുടെ അധികച്ചെലവുണ്ടാകും. ഗാര്‍ഹിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക മേഖലകളെ തളര്‍ത്തുന്ന ഈ ഭീമന്‍ വര്‍ധനയില്‍ നിന്നു കരകയറാന്‍ സബ്‌സിഡി അനുവദിക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ ജനം കൊള്ളയടിക്കുനിന്നുതരണമെന്ന സര്‍ക്കാര്‍ നിലപാടും വ്യക്തമായിക്കഴിഞ്ഞു.

janayugom 280712

1 comment:

  1. കറണ്ട് ചാര്‍ജ് കൊളളയ്ക്കു പുറമേ നവവത്സര സമ്മാനമായി മറ്റൊരു ഇരുട്ടടി കൂടിവരുന്നു. ജനുവരി ഒന്ന് മുതല്‍ 500 യൂണിറ്റില്‍ കൂടുതല്‍ കറണ്ട് ഉപയോഗിക്കുന്നവര്‍ക്ക് ആറ് മുതല്‍ 10 മണിവരെ ഇരട്ടിയോളം നിരക്കു നല്‍കേണ്ടിവരും. മഹാഭൂരിപക്ഷം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ 40 ശതമാനമെങ്കിലും 500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്.

    ReplyDelete