Sunday, July 29, 2012

സഹകരണ വിജിലന്‍സിനു തടസ്സം ആഭ്യന്തരവകുപ്പെന്ന് മന്ത്രി


സഹകരണ വിജിലന്‍സ് വിഭാഗത്തിന് നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് തടസ്സം നില്‍ക്കുന്നത്ആഭ്യന്തര വകുപ്പാണെന്ന് സഹകരണ വകുപ്പ്. ഡിഐജി അടക്കമുള്ള ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് നല്‍കാത്തതിനാലാണ് നിയമിക്കാത്തതെന്നാണ് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ വാദം. 46 ജീവനക്കാരുള്ള വിജിലന്‍സ് വിഭാഗത്തില്‍ തലവന്‍ അടക്കം ഏഴ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതുമൂലം വിജിലന്‍സിന്റെ പ്രവര്‍ത്തനം നിലച്ചമട്ടാണ്. യുഡിഎഫ് അധികാരമേറ്റശേഷം വിജിലന്‍സ് ഒരു കേസുപോലും എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സഹകരണ സ്ഥാപനങ്ങളിലെ പണാപഹരണം, സാമ്പത്തിക ക്രമക്കേട്, മറ്റ് ഗുരുതര ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് വിജിലന്‍സിന്റെ ചുമതല. സംസ്ഥാനം മുഴുവന്‍ അധികാര പരിധിയുള്ള ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ (ഡിഐജി) നേതൃത്വത്തിലാണ് ഈ വിഭാഗം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. സഹകരണ ജോയിന്റ് രജിസ്ട്രാറും (വിജിലന്‍സ്) ഈ വിഭാഗത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിനുപുറമെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവടങ്ങളില്‍ മേഖലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്ല നിലയിലാണ് വിജിലന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. ലഭിച്ച പരാതികളില്‍ 54 എണ്ണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തി. ഇടപെടലുകള്‍ ഇല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാനായി. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വിജിലന്‍സിന്റെ പ്രവര്‍ത്തനം പിന്നോട്ടായി. വിജിലന്‍സിന് നേതൃത്വം നല്‍കേണ്ട ഡിഐജിയുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലേറെയായി. നിലവിലുള്ള ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമീഷന്‍ അംഗമായപ്പോള്‍ പകരം നിയമനം നടത്തിയിട്ടില്ല. തലവന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാതായിട്ടും വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയൊന്നുമില്ലെന്നാണ് സഹകരണ മന്ത്രി അവകാശപ്പെടുന്നത്. ഇതേ മന്ത്രിയാണ് തുടര്‍നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് വിഭാഗത്തില്‍ നിലവില്‍ കേസൊന്നുമില്ലെന്ന് നിയമസഭയില്‍ പറഞ്ഞത്. കടലാസ് സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ അംഗത്വം നല്‍കാന്‍ നിയമ ഭേദഗതി വരുത്തി വന്‍ വായ്പാ തട്ടിപ്പിന് കളമൊരുക്കുന്ന സര്‍ക്കാരാണ്, തട്ടിപ്പ് തടയാനുള്ള വിജിലന്‍സ് സംവിധാനവും ഇല്ലാതാക്കുന്നത്.

deshabhimani 290712

No comments:

Post a Comment