Wednesday, July 25, 2012

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചില്ല: ഐസക്


സര്‍വകലാശാലകളില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡോ. തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഉപധനാഭ്യര്‍ഥനചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക സര്‍വകലാശാലയില്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ കഴിയാത്ത പ്രതിസന്ധിയുണ്ടായപ്പോള്‍ 30 കോടി രൂപ സര്‍ക്കാര്‍ നല്‍കി. അതിനുശേഷം സര്‍വകലാശാല പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്ന പദ്ധതി മുന്നോട്ടുവച്ചു. ജീവനക്കാര്‍ ശമ്പളത്തില്‍നിന്ന് വിഹിതം നല്‍കണമെന്നല്ല നിര്‍ദേശിച്ചത്. സര്‍വകലാശാലകള്‍ ഗ്രാന്റ് ഇനത്തില്‍ കിട്ടുന്ന തുകയില്‍നിന്ന് പത്ത് ശതമാനം നീക്കിവയ്ക്കണമെന്നാണ് നിര്‍ദേശിച്ചത്. മുനിസിപ്പാലിറ്റികളില്‍ ഇപ്പോഴും ഈ പദ്ധതിയാണ് നിലനില്‍ക്കുന്നത്. ഇതെങ്ങനെ പങ്കാളിത്ത പെന്‍ഷനാകുമെന്നും ഐസക് ചോദിച്ചു.

നെല്‍വയല്‍ നികത്തല്‍ ക്രമപ്പെടുത്തല്‍ നിര്‍ദേശം സംബന്ധിച്ചും സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് നികത്തിയ നെല്‍വയലുകള്‍ കരഭൂമിയായി ക്രമീകരിക്കാത്തതില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ബജറ്റില്‍ നിര്‍ദേശം വച്ചത്. തിരിമറി നടക്കാതിരിക്കാന്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കാനും തീരുമാനിച്ചു. എന്നാല്‍, ഡാറ്റാ ബാങ്ക് തയ്യാറാക്കാതെ 2005നുമുമ്പ് നികത്തിയ വയലുകളെല്ലാം ക്രമീകരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് ഐസക് പറഞ്ഞു. വികസനസാധ്യതകള്‍ മനസ്സിലാക്കി ഇടപെടാന്‍ ധനമന്ത്രിക്ക് കഴിയുന്നില്ല. ധവളപത്രത്തിന്റെ പേരില്‍ നടത്തിയത് തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായി. സാമ്പത്തികപ്രതിസന്ധിയില്ലെന്ന് എജിയുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നു. വിരമിക്കല്‍പ്രായം ഉയര്‍ത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചില്ല. പ്രായം 58 ആയി വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

deshabhimani 250712

No comments:

Post a Comment