Sunday, July 29, 2012

എയ്ഡ്സിന് കടിഞ്ഞാണിടാമെന്ന് ക്യൂബന്‍ ആരോഗ്യവിദഗ്ധര്‍


വാഷിങ്ടണ്‍: പ്രതിരോധം മുന്നില്‍ക്കണ്ടുള്ള കര്‍മപദ്ധതികളിലൂടെ എച്ച്ഐവി ബാധയ്ക്ക് അന്ത്യംകുറിക്കാമെന്ന് ക്യൂബന്‍ ആരോഗ്യവിദഗ്ധര്‍. രോഗബാധ നേരത്തേ കണ്ടെത്തിയോ മുന്‍കൂട്ടിചികിത്സ നടത്തിയോ എച്ച്ഐവിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ക്യൂബയിലെ പെഡ്രോകൗരി ആരോഗ്യസ്ഥാപനത്തിന്റെ ഡയറക്ടറായ ഡോ. ജോര്‍ജ് പെരെസ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, ഒറ്റ പദ്ധതി കൊണ്ടോ അത്ഭുതമരുന്ന് കൊണ്ടോ എയ്ഡ്സ് തടയാമെന്ന ധാരണ തെറ്റാണ്. കൃത്യമായ ആസൂത്രണങ്ങളിലൂടെയും കര്‍മപദ്ധതികളിലൂടെയും രോഗത്തെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കാണ് രൂപംകൊടുക്കേണ്ടത്. വാഷിങ്ടണില്‍ നടന്ന ലോക എയ്ഡ്സ് സമ്മേളനത്തില്‍ പങ്കെടുത്ത ജോര്‍ജ് പെരെസും ക്യൂബയിലെ എച്ച്ഐവി പ്രതിരോധപദ്ധതിക്ക് നേതൃത്വം നല്‍കുന്ന മാരിയ ഇസേല ലാന്‍റ്റേറോയും എച്ച്ഐവി നിരക്ക് കുറയ്ക്കാന്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചു. വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്യൂബയില്‍ എച്ച്ഐവി നിരക്ക് വളരെ കുറവാണ്. ഈ വിഷയത്തില്‍ മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ ക്യൂബ തയ്യാറാണെന്നും ഇരുവരും പറഞ്ഞു.

കുഷ്ഠരോഗികളില്‍ 55 ശതമാനം ഇന്ത്യയില്‍

പുണെ: ഏഴുവര്‍ഷംമുമ്പ് കുഷ്ഠരോഗ വിമുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ കുഷ്ഠരോഗികളുടെ കണക്കെടുപ്പില്‍ മുന്നില്‍. 2010ല്‍ നടത്തിയ കണക്കെടുപ്പില്‍ ഇന്ത്യയില്‍ 1,26,800 കുഷ്ഠരോഗ ബാധിതരാണുള്ളത്. ലോകത്തെ മൊത്തം രോഗികളുടെ 55 ശതമാനവും ഇന്ത്യയിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്ന് അന്താരാഷ്ട്ര ലെപ്രസി യൂണിയന്‍ പ്രസിഡന്റ് എസ് ഡി ഗോഖലെ പറഞ്ഞു. 2012 മാര്‍ച്ച് 13ന് രാജ്യസഭ ഈ കണക്ക് അംഗീകരിച്ചതാണെന്നും ഗോഖലെ ചൂണ്ടിക്കാട്ടി. കുഷ്ഠരോഗികളുടെ പ്രശ്നങ്ങള്‍ മനുഷ്യാവകാശകമീഷന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ അന്താരാഷ്ട്ര ലെപ്രസി യൂണിയന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ലോകത്തുടനീളം 2,28,474 കുഷ്ഠരോഗ ബാധിതരെയാണ് 2010ലെ കണക്കെടുപ്പില്‍ കണ്ടെത്തിയത്.

deshabhimani 290712

No comments:

Post a Comment