Tuesday, July 31, 2012

ടി വി രാജേഷ് എംഎല്‍എയുടെ ഫോണ്‍ പൊലീസ് ചോര്‍ത്തി


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കല്യാശേരി എംഎല്‍എയുമായ ടി വി രാജേഷിന്റെ ഫോണ്‍ സംഭാഷണം പൊലീസ് ചോര്‍ത്തി. ചോര്‍ത്തിയ ഫോണ്‍ ശബ്ദരേഖ തിങ്കളാഴ്ച പൊലീസ്തന്നെ രാജേഷിനെ കേള്‍പ്പിച്ചു. ഇതോടെ, എംഎല്‍എമാരുള്‍പ്പെടെ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം ഒന്നുകൂടി പൊളിഞ്ഞു. തളിപ്പറമ്പ് അരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനിടെയാണ് കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍ നായരും സംഘവും രാജേഷിനെ, അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചത്.

കല്യാശേരി മണ്ഡലത്തിലുള്‍പ്പെടുന്ന സിപിഐ എം കണ്ണപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി വി ലക്ഷ്മണനുമായി രാജേഷ് ഫോണില്‍ സംസാരിച്ചതാണ് പൊലീസ് ചോര്‍ത്തി നേരിട്ടു കേള്‍പ്പിച്ചത്. എംഎല്‍എമാരായ എളമരം കരീം, കെ കെ ലതിക തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് ആവര്‍ത്തിച്ച് നിഷേധിക്കുകയായിരുന്നു സര്‍ക്കാര്‍. എംഎല്‍എമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. അതീവ രഹസ്യമായതിനാല്‍ ഇക്കാര്യം "വെളിപ്പെടുത്താനാവില്ലെ"ന്നായിരുന്നു ആഭ്യന്തരമന്ത്രി അന്ന് സഭയില്‍ നല്‍കിയ മറുപടി. ഇതേതുടര്‍ന്ന്് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കണമെന്ന് നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം പ്രസ്താവനയില്‍ ആവശ്യമുന്നയിച്ച പിണറായി തിങ്കളാഴ്ച രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയോടുള്ള പ്രതികരണമായാണ്, ഫോണ്‍ ചോര്‍ത്തല്‍ എന്ന സംഭവമേ ഇല്ലെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കിയത്. തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു വ്യക്തമായിരിക്കെ ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ടി വി രാജേഷ് സ്പീക്കര്‍ക്ക് കത്തയച്ചു. ഫോണ്‍ചോര്‍ത്തല്‍ നിയമസഭാംഗമെന്ന നിലയില്‍ തന്റെ അവകാശത്തിലുള്ള കൈയേറ്റമാണെന്നും പരാതിയില്‍ പറഞ്ഞു. ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. തന്റെ വീട്ടില്‍നിന്നും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നുമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പരാതിയില്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ എംഎല്‍എമാരോട് "നിങ്ങള്‍ വരുമെന്ന് മൂന്നു മണിക്കൂര്‍മുമ്പേ അറിയാമായിരുന്നു" എന്ന് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണത്തില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന സൂചനയും അദ്ദേഹത്തില്‍നിന്നുണ്ടായി. നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിന്റെ വ്യക്തമായ തെളിവുകളിലൊന്നായിരുന്നു അത്.

deshabhimani 310712

1 comment:

  1. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കല്യാശേരി എംഎല്‍എയുമായ ടി വി രാജേഷിന്റെ ഫോണ്‍ സംഭാഷണം പൊലീസ് ചോര്‍ത്തി. ചോര്‍ത്തിയ ഫോണ്‍ ശബ്ദരേഖ തിങ്കളാഴ്ച പൊലീസ്തന്നെ രാജേഷിനെ കേള്‍പ്പിച്ചു. ഇതോടെ, എംഎല്‍എമാരുള്‍പ്പെടെ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം ഒന്നുകൂടി പൊളിഞ്ഞു. തളിപ്പറമ്പ് അരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനിടെയാണ് കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍ നായരും സംഘവും രാജേഷിനെ, അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചത്.

    ReplyDelete