Friday, July 27, 2012

നെയ്യാറ്റിന്‍കര: യുഡിഎഫ്-ബിജെപി രഹസ്യധാരണ പുറത്ത്


നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മലുണ്ടാക്കിയ രഹസ്യധാരണ വെളിച്ചത്തുവന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്നും വ്യക്തമായി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്ത് എത്തുമെന്ന് നേതൃത്വം ഭയന്നിരുന്നു. ഇതിനിടയിലാണ് തിരുവനന്തപുരത്ത് കൃഷ്ണദാസ്-തിരുവഞ്ചൂര്‍ രഹസ്യ കൂടിക്കാഴ്ച നടന്നത്. ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിലാണ് ഇതുസംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍. സംഭവം ബിജെപിയില്‍ വന്‍ കലഹത്തിന് വഴിമരുന്നിട്ടു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.

ബിജെപിയിലെ ഉരുള്‍പൊട്ടലിന്റെ തുടര്‍ച്ചയായി ഭൂരിപക്ഷം ഭാരവാഹികളും ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് യോഗം ബഹിഷ്കരിച്ചു. ആകെയുള്ള 26 ഭാരവാഹികളില്‍ കൃഷ്ണദാസ് ഉള്‍പ്പെടെ 14 പേരും യോഗത്തിനെത്തിയില്ല. ബുധനാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റി യോഗവും ഇവര്‍ ബഹിഷ്കരിച്ചിരുന്നു. എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി കെ പത്മനാഭന്‍, പി എസ് ശ്രീധരന്‍പിള്ള, കെ പി ശ്രീശന്‍ ഉള്‍പ്പെടെയുള്ളവരാണ് യോഗം ബഹിഷ്കരിച്ചത്. ആഗ്സ്ത് 12ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനുള്ള രണ്ട് നിര്‍ണായക യോഗങ്ങളാണ് നേതാക്കള്‍ കൂട്ടത്തോടെ ബഹിഷ്കരിച്ചത്.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബിജെപി നേതാവ് പി പി മുകുന്ദന്‍ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ട് ലഭിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു. മുകുന്ദന്റെ അടുത്ത അനുയായിയാണ് പി കെ കൃഷ്ണദാസ്. മുന്‍കാലങ്ങളില്‍ ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചുവില്‍ക്കുന്നതിന് നേതൃത്വം നല്‍കിയതില്‍ പ്രമുഖനായിരുന്നു മുകുന്ദന്‍. ഇത്തവണയും മുകുന്ദന്റെ പിന്തുണയോടെ കോണ്‍ഗ്രസുമായി വോട്ടുകച്ചവടം നടന്നെന്നാണ് ബിജെപി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന ആരോപണം. കൃഷ്ണദാസിനു പുറമെ മുകുന്ദന്റെ കടുത്ത അനുയായികളായ എം ടി രമേശും എ എന്‍ രാധാകൃഷ്ണനും ഔദ്യോഗിക നേതൃത്വത്തിന്റെ വിമര്‍ശത്തിന് ഇരയായി. ഇവര്‍ രണ്ടുപേരും ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നുവെന്നാണ് പരാതി. സംസ്ഥാന ഭാരവാഹിയോഗത്തില്‍ വി മുരളീധരന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പങ്കെടുത്തു.

deshabhimani 270712

1 comment:

  1. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മലുണ്ടാക്കിയ രഹസ്യധാരണ വെളിച്ചത്തുവന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്നും വ്യക്തമായി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്ത് എത്തുമെന്ന് നേതൃത്വം ഭയന്നിരുന്നു. ഇതിനിടയിലാണ് തിരുവനന്തപുരത്ത് കൃഷ്ണദാസ്-തിരുവഞ്ചൂര്‍ രഹസ്യ കൂടിക്കാഴ്ച നടന്നത്. ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിലാണ് ഇതുസംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍. സംഭവം ബിജെപിയില്‍ വന്‍ കലഹത്തിന് വഴിമരുന്നിട്ടു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.

    ReplyDelete