Sunday, July 29, 2012

കമ്മീഷന്‍ തട്ടാന്‍ ലോട്ടറി സമ്മാനം വൈകിപ്പിക്കുന്നു


കാസര്‍കോട്: സമ്മാനാര്‍ഹരില്‍നിന്ന് കമീഷന്‍ അടിച്ചെടുത്തും ചെറുകിട വില്‍പ്പനക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെയും ചില ഉദ്യോഗസ്ഥര്‍ ലോട്ടറിവകുപ്പിനെ കറവപ്പശുവാക്കുന്നു. ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തിലാണ് വ്യാപക അഴിമതി. ഒരുലക്ഷം രൂപമുതല്‍ താഴോട്ടുള്ള സമ്മാനടിക്കറ്റുകളില്‍നിന്നാണ് ഉദ്യോഗസ്ഥര്‍ കമീഷന്‍ പിരിക്കുന്നത്. ടിക്കറ്റ് ഹാജരാക്കി ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കി ഡിഡി സമ്മാനാര്‍ഹനായ വ്യക്തിക്കോ ഏജന്റിനോ കൈമാറുകയാണ് പതിവ്. എന്നാല്‍, ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഡിഡി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നു. ഒന്നിലധികം ടിക്കറ്റുകള്‍ക്ക് ഡിഡി നല്‍കാന്‍ വൈകിപ്പിക്കുകയും പിന്നീട് കമീഷന്‍ ഉറപ്പാക്കി ടിക്കറ്റുകളുടെ ബില്ലെഴുതി ട്രഷറിയില്‍ നല്‍കുകയും ചെയ്യുന്നു.

എറണാകുളം ജില്ലാ ലോട്ടറി ഓഫീസില്‍ കഴിഞ്ഞ ദിവസം 21 പേര്‍ക്കാണ് ഒരുമിച്ച് ഡിഡി നല്‍കിയത്. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന നേതാവാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലും ഈ രീതിയില്‍ അനധികൃത പിരിവ് നടക്കുന്നതായി ആക്ഷേപമുണ്ട്. വന്‍കിട ഏജന്റുമാര്‍ക്കായി ടിക്കറ്റുകള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കിയും കമീഷന് അവസരമൊരുക്കുന്നു. ടിക്കറ്റില്ലെന്ന് പറഞ്ഞ് ചെറുകിട ഏജന്റുമാരെ മടക്കി ഓഫീസ് സമയത്തിനുശേഷം വന്‍കിടക്കാര്‍ക്ക് വിറ്റാണ് പണം തട്ടല്‍. ഇത് വന്‍കിടക്കാരില്‍നിന്ന് അധികതുക നല്‍കി ടിക്കറ്റ് വാങ്ങാന്‍ ചെറുകിടക്കാരെ നിര്‍ബന്ധിതരാക്കുകയാണ്. ചെറുകിടക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കിയ ശേഷമേ വന്‍കിടക്കാര്‍ക്ക് നല്‍കേണ്ടതുള്ളൂവെന്ന ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെയും ഭരണാനുകൂല സംഘടനയുടെയും നേതൃത്വത്തില്‍ ക്രമക്കേട് നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരം തെറ്റായ നടപടികള്‍ തടയുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ പരിശോധന കടലാസില്‍ മാത്രമായി.
(ജെയ്സണ്‍ ഫ്രാന്‍സിസ്)

deshabhimani 290712

No comments:

Post a Comment