Saturday, July 28, 2012

അധ്യാപകനിയമനത്തില്‍ മന്ത്രി അവിഹിതമായി ഇടപെട്ടു


സഹകരണ അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്(കേപ്പ്) കീഴിലെ കോളേജുകളിലെ അധ്യാപക നിയമനത്തില്‍ സഹകരണമന്ത്രി അവിഹിതമായി ഇടപെട്ടെന്ന് മുന്‍ ഡയറക്ടര്‍. ഇതു സഹിക്കാന്‍ വയ്യാതെയാണ് സ്ഥാനം ഒഴിയുന്നതെന്ന് കാണിച്ച് മുന്‍ ഡയറക്ടര്‍ കെ എസ് പ്രേമചന്ദ്രക്കുറുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന് അയച്ച കത്ത് പുറത്തായി. കേപ്പിന്റെ കൊച്ചി മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് എന്‍ആര്‍ഐ സീറ്റ് നല്‍കുന്നതിലും മന്ത്രി ഇടപെട്ടെന്നും കത്തില്‍ സൂചനയുണ്ട്.

കേപ്പിന്റെ എന്‍ജിനിയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ ഒഴിവാക്കി ഇന്റര്‍വ്യൂ മാത്രം നടത്തി നിയമനം നടത്താമായിരുന്നുവെന്ന് താങ്കള്‍ സൂചിപ്പിച്ചുവല്ലൊ? എന്ന ആമുഖത്തോടെ അയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ-

"ആദ്യം ഒരവസരത്തില്‍ കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സിലിനെ കൊണ്ട് പരീക്ഷ നടത്തി അതില്‍ വിജയികളായവരെ ഇന്റര്‍വ്യൂ നടത്തി കുറ്റമറ്റരീതിയില്‍ ഒരു ലിസ്റ്റ് തയ്യാറാക്കി അംഗീകാരത്തിന് നല്‍കിയിരുന്നതാണ്. പക്ഷേ ""നാം കൊടുത്ത ഒരു പേരും ഇതില്‍ ഇല്ല എല്ലാം കുറുപ്പ് സാറിന്റെ ആളുകള്‍ക്ക് മാത്രമേ നല്‍കിയുള്ളൂ"" എന്ന് അങ്ങയുടെ അടുത്തുനിന്ന് പ്രൈവറ്റ് സെക്രട്ടറി പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നാല്‍, വാസ്തവം മറിച്ചായിരുന്നു. അവിടെ നിന്നു ലഭിച്ച പേരുകളില്‍ ഭൂരിപക്ഷവും ലിസ്റ്റില്‍ ഉണ്ടായിരുന്നു. തീരെ മോശമായ മാര്‍ക്ക് ലഭിച്ചവരെ ഒരു കാരണവശാലും ഉള്‍പ്പെടുത്താന്‍ കഴിയില്ലായിരുന്നു. പിന്നീട് അങ്ങയുടെ നിര്‍ദേശം അനുസരിച്ച് കിറ്റ്കോ മുഖേന വീണ്ടും എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി. എഴുത്തുപരീക്ഷ വേണ്ടിയിരുന്നില്ല എന്നുണ്ടായിരുന്നെങ്കില്‍ ഉത്തരവിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ അപ്രകാരം ഒഴിവാക്കാമായിരുന്നു. അതിനാല്‍ എഴുത്തുപരീക്ഷ ഒഴിവാക്കാമായിരുന്നു എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എംബിബിഎസിന്റെ എന്‍ആര്‍ഐ ക്വോട്ടയിലെ സീറ്റുകള്‍ നല്‍കുന്നതു സംബന്ധിച്ച യോഗതീരുമാനത്തില്‍ അങ്ങേക്കു പുറമെ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, സഹകരണ സെക്രട്ടറി വി എം ഗോപാലമേനോന്‍ എന്നിവര്‍ ഒപ്പിട്ടിട്ടുണ്ട്. ഇതനുസരിച്ച് യുക്തമായ നിര്‍ദേശത്തിനു വേണ്ടിയാണ് ഞാന്‍ കുറിപ്പ് നല്‍കിയത്. യുക്തമായ നിര്‍ദേശം നല്‍കുന്നതിന് അങ്ങേക്ക് അധികാരമുണ്ടല്ലോ? എന്നിട്ടും ഇന്നത്തെ ചര്‍ച്ചയില്‍ അങ്ങ് രൂക്ഷമായ അഭിപ്രായപ്രകടനം നടത്തിയതില്‍ എനിക്ക് ദുഃഖമുണ്ട്. പ്രത്യേക സാഹചര്യത്തിലാണ് ഞാന്‍ ഇവിടെ വന്നത്. കെപിസിസി പ്രസിഡന്റിന്റെയും അങ്ങയുടെയും താല്‍പ്പര്യം ഞാന്‍ അങ്ങയുടെ പ്രൈവറ്റ് സെക്രട്ടറി ആകണമെന്നായിരുന്നു. എന്നാല്‍,എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. വളരെ പ്രധാനപ്പെട്ട സ്റ്റാറ്റ്യൂട്ടറി കമീഷനില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. എന്നിട്ടും നമ്മുടെ ഗവര്‍മെന്റ്, നമ്മുടെ മുഖ്യമന്ത്രി, നമ്മുടെ മന്ത്രി, കേപ്പിന്റെ മുന്‍ ഡയറക്ടറായി മുന്‍പരിചയം എന്നിവയെല്ലാം കണക്കിലെടുത്താണ് പിന്നീട് ഞാന്‍ ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്- കത്തില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വകുപ്പുമന്ത്രിയുടെയും വിശ്വസ്തനായ ഒരാളായിരുന്നു കെ എസ് പ്രേമചന്ദ്രക്കുറുപ്പെന്ന് ഈ കത്ത് വ്യക്തമാക്കുന്നു. അങ്ങനെയൊരു ഉദ്യോഗസ്ഥനാണ് മന്ത്രിയും മന്ത്രിയുടെ ഓഫീസും നടത്തിയ അവിഹിതമായ ഇടപെടലുകള്‍ വെളിപ്പെടുത്തുന്നത്. മുന്നൂറിലേറെ അധ്യാപകരുടെ നിയമനത്തിലാണ് മന്ത്രിയും ഓഫീസും ഇടപെട്ടത്. കൂടാതെ എംബിബിഎസ് പ്രവേശനത്തിനുള്ള എന്‍ആര്‍ഐ ക്വോട്ടയില്‍ തിരിമറി നടത്തുന്നതിനും.

deshabhimani 280712

1 comment:

  1. സഹകരണ അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്(കേപ്പ്) കീഴിലെ കോളേജുകളിലെ അധ്യാപക നിയമനത്തില്‍ സഹകരണമന്ത്രി അവിഹിതമായി ഇടപെട്ടെന്ന് മുന്‍ ഡയറക്ടര്‍. ഇതു സഹിക്കാന്‍ വയ്യാതെയാണ് സ്ഥാനം ഒഴിയുന്നതെന്ന് കാണിച്ച് മുന്‍ ഡയറക്ടര്‍ കെ എസ് പ്രേമചന്ദ്രക്കുറുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന് അയച്ച കത്ത് പുറത്തായി. കേപ്പിന്റെ കൊച്ചി മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് എന്‍ആര്‍ഐ സീറ്റ് നല്‍കുന്നതിലും മന്ത്രി ഇടപെട്ടെന്നും കത്തില്‍ സൂചനയുണ്ട്.

    ReplyDelete