Saturday, July 28, 2012

അസി. രജിസ്ട്രാറെ ആക്രമിച്ചുവെന്നത് വാസ്തവവിരുദ്ധം: സിപിഐ എം


സഹകരണസംഘം അസി. രജിസ്ട്രാര്‍ (മാനന്തവാടി) തോമസ് പൈലിയെ സിപിഐ എം നേതാക്കളുടെ സാന്നിധ്യത്തില്‍ ആക്രമിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സിപിഐ എം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടിയെ കരിതേച്ചു കാണിക്കുന്നതിനുവേണ്ടി കെട്ടിച്ചമച്ചതാണിത്. ബത്തേരി കാര്‍ഷിക വികസനബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനുവേണ്ടി എല്ലാ ജനാധിപത്യ മര്യാദയും ലംഘിച്ച് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ അംഗങ്ങളുടെയും ജനങ്ങളുടെയും പ്രതിഷേധം വഴിതിരിച്ചു വിടുന്നതിനാണ് കള്ളപ്രചാരണം. സിപിഐ എം ഏരിയാകമ്മിറ്റിയംഗം പി ആര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു എന്നാണ് അസി. രജിസ്ട്രാര്‍ പറഞ്ഞതായി ചില പത്രങ്ങള്‍ പറയുന്നത്. പാര്‍ടി നേതാക്കള്‍ക്കായി കോഴിക്കോട് നടന്ന മേഖല റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നു പത്രം പറയുന്ന സമയത്ത് ജയപ്രകാശ്.

ബത്തേരി കാര്‍ഷികബാങ്ക് തെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം പേര്‍ കരട് വോട്ടര്‍പ്പട്ടികയില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ അവസാന വോട്ടര്‍ പട്ടികയില്‍ 6000 പേരെ ഒഴിവാക്കിയതിന് ഒരുന്യായവും പറയാനുണ്ടായിരുന്നില്ല. ഇതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധം ജൂണ്‍ 30ന് നടന്നിട്ടുണ്ട്. സിഐയുടെയും, എസ്ഐയുടെയും നിരവധി പോലീസുകാരുടെയും സാന്നിധ്യത്തില്‍ നടന്ന പ്രതിഷേധത്തെ അന്നൊന്നും ഉന്നയിക്കാത്ത കാര്യങ്ങളാണ് പാര്‍ടി നേതാക്കള്‍ക്കുനേരെ ഉന്നയിക്കുന്നത്. മുമ്പ് ഉണ്ടായിരുന്ന കാര്‍ഷികവികസന ബാങ്കില്‍നിന്ന് വായ്പയെടുത്തതിന്റെ ഗഡു അടയ്ക്കാന്‍ ചെന്ന വ്യക്തിയോട് അസി. രജിസ്ട്രാര്‍ തോമസ് പൈലി മോശമായി പെരുമാറി എന്നാണറിയുന്നത്. അതിന്റെ ഭാഗമായി ഉണ്ടായ വാക്തര്‍ക്കം അക്രമമായി ചിത്രീകരിക്കുകയാണ്. ഇത് ജനങ്ങളോട് പ്രതിബന്ധതയുള്ള ഒരു പാര്‍ടിയുടെ മേല്‍ കെട്ടി വെക്കാനുള്ള ശ്രമം വിലപ്പോവില്ല. ബാങ്കിന്റെ എല്ലാ നടപടികളും കോടതിയില്‍ ചോദ്യം ചെയ്തിരക്കുകയാണ്. ജനാധിപത്യവിരുദ്ധമായി ബാങ്ക് പിടിച്ചെടുക്കാന്‍ കൂട്ടുനിന്ന അസി. രജിസ്ട്രാര്‍ക്കും കൂട്ടാളികള്‍ക്കും കള്ളക്കഥകള്‍ മെനഞ്ഞ് ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. കള്ള പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും, ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും സിപിഐ എം ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു

deshabhimani 280712

No comments:

Post a Comment