Saturday, July 28, 2012

വന്‍കിട അബ്കാരികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍നീക്കം പുറത്തായി


ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ച ഹൈക്കോടതി വിധിയിലൂടെ പുറത്തായത്, മദ്യം വ്യാപകമാക്കാനും വന്‍കിട അബ്കാരികളെ സംരക്ഷിക്കാനുമുള്ള സര്‍ക്കാര്‍ അജന്‍ഡ. അധികാരത്തിലെത്തി ആദ്യ ആറു മാസത്തിനുള്ളില്‍ മുപ്പതോളം ഹോട്ടലുകള്‍ക്കാണ് സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത്. വന്‍കിട അബ്കാരി മുതലാളിമാരുടെ മദ്യവില്‍പ്പനയിലെ കുത്തക നിലനിര്‍ത്താനായിരുന്നു ബാറുകള്‍ തമ്മില്‍ ദൂരപരിധി നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബറിനുശേഷം ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കുകയും ബാറുകള്‍ തമ്മില്‍ അശാസ്ത്രീയ ദൂരപരിധി നിശ്ചയിക്കുകയുംചെയ്ത സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഉയര്‍ന്ന വരുമാനക്കാരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിടുന്ന സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കുന്നത് ടൂറിസത്തെ തകര്‍ക്കുമെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ് ലക്ഷമിടുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ 72 ശതമാനവും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള്‍ വഴിയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി. ബാര്‍ ഹോട്ടലുകളിലെ മദ്യവില്‍പ്പനയുടെ കണക്കുകളൊന്നും ഹാജരാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞുമില്ല. ഈ സാഹചര്യത്തിലാണ് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിച്ച നടപടിയുടെ ഉദ്ദേശ്യശുദ്ധി കോടതിവിധിയിലൂടെ ചോദ്യംചെയ്യപ്പെട്ടത്.

ഈവര്‍ഷം മാര്‍ച്ച് 31 വരെ മാത്രമേ ത്രീസ്റ്റാര്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കൂ എന്ന് 2011 ആഗസ്തിലാണ് മന്ത്രി കെ ബാബു പ്രഖ്യാപിച്ചത്. ഹോട്ടലുകള്‍ തിരക്കിട്ട് ത്രീസ്റ്റാര്‍ സൗകര്യങ്ങള്‍ ഒരുക്കിയതിന്റെ ഭാഗമായി മുമ്പൊന്നും ഇല്ലാത്തവിധം ആദ്യ ആറുമാസത്തിനുള്ളില്‍ മുപ്പതോളം പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചു. ഇതിനിടെ അവസാന തീയതി മാര്‍ച്ച് 31ല്‍നിന്ന് ഡിസംബര്‍ ഒമ്പതാക്കി ചുരുക്കി. പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടായിരുന്നു ഇത്. ഉപതെരഞ്ഞെടുപ്പുകാലത്തുതന്നെ പിറവം മണ്ഡലത്തില്‍ രണ്ടിടത്ത് പുതിയ ബാര്‍ ഹോട്ടലുകള്‍ തുറന്നതിനെതിരായ പ്രതിഷേധം ഇല്ലാതാക്കാനായിരുന്നു നടപടി. ത്രീസ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സംഘടിപ്പിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ നടത്തിയ കൈക്കൂലി ഇടപാടും പുറത്തുവന്നു. നാല് ഐടിഡിസി ഉദ്യോഗസ്ഥര്‍ സിബിഐയുടെ പിടിയിലായതോടെ ലൈസന്‍സ് അനുവദിക്കുന്നതിനു പിന്നിലെ കോഴക്കഥകളും പുറത്തായി.

മദ്യനയം നടപ്പാക്കാനുള്ള അധികാരം സര്‍ക്കാരിന്: എക്സൈസ് മന്ത്രി

കാസര്‍കോട്: മദ്യനയം നടപ്പാക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്ന് എക്സൈസ് മന്ത്രി കെ ബാബു. സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി റദ്ദാക്കിയതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി ഇടപെടല്‍ മദ്യനയം നടപ്പാക്കുന്നതിന് പ്രയാസമുണ്ടാക്കുന്നുണ്ട്. ഹൈക്കോടതി വിധി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഏത് സാഹചര്യത്തിലാണ് വിധിയുണ്ടായതെന്ന് അറിയില്ല. അഡ്വക്കറ്റ് ജനറലുമായി ആലോചിച്ച് ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും-മന്ത്രി പറഞ്ഞു.

deshabhimani 280712

1 comment:

  1. ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ച ഹൈക്കോടതി വിധിയിലൂടെ പുറത്തായത്, മദ്യം വ്യാപകമാക്കാനും വന്‍കിട അബ്കാരികളെ സംരക്ഷിക്കാനുമുള്ള സര്‍ക്കാര്‍ അജന്‍ഡ. അധികാരത്തിലെത്തി ആദ്യ ആറു മാസത്തിനുള്ളില്‍ മുപ്പതോളം ഹോട്ടലുകള്‍ക്കാണ് സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത്. വന്‍കിട അബ്കാരി മുതലാളിമാരുടെ മദ്യവില്‍പ്പനയിലെ കുത്തക നിലനിര്‍ത്താനായിരുന്നു ബാറുകള്‍ തമ്മില്‍ ദൂരപരിധി നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബറിനുശേഷം ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കുകയും ബാറുകള്‍ തമ്മില്‍ അശാസ്ത്രീയ ദൂരപരിധി നിശ്ചയിക്കുകയുംചെയ്ത സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

    ReplyDelete