Monday, July 30, 2012

പയ്യന്നൂരില്‍ വീടുകളില്‍ അര്‍ധരാത്രി പൊലീസ് ഭീകരത

പയ്യന്നൂരിലെ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയില്‍ പൊലീസ് ഭീകരത. വീട്ടുമുറ്റത്തെ ചെടികളും വാഴയും മറ്റു കൃഷികളും വെട്ടിനശിപ്പിച്ച പൊലീസ് കുടിവെള്ള പമ്പുകളുടെ വൈദ്യുതി കണക്ഷന്‍ മാറ്റി ഷോക്കേല്‍ക്കുംവിധം ക്രമീകരിച്ചു. വൈദ്യുതിചാര്‍ജ് വര്‍ധനക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധമാര്‍ച്ചിന്റെ കേസിലുള്‍പ്പെട്ടവരെ അറസ്റ്റുചെയ്യാനെന്ന വ്യാജേനെയാണ് അതിക്രമം.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സും പൊലീസും വീടുകളില്‍ എത്തിയത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി വി ദിലീപ്, വെള്ളൂര്‍ സെന്‍ട്രല്‍ വില്ലേജ് കമ്മറ്റി അംഗം പി ഗിരീഷ്, ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും വെള്ളൂര്‍ ജനതാ മില്‍ക്കിലെ സെയില്‍സ്മാനുമായ കെ ബിജു എന്നിവരുടെ വീടുകളിലാണ് അക്രമം നടത്തിയത്. ഇവരുടെപേരില്‍ നരഹത്യാശ്രമത്തിനാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. ദിലീപിന്റെ കൊക്കാനിശേരിയിലെ വീട്ടിലെത്തിയ പൊലീസ് അച്ഛന്‍ സി വി കുഞ്ഞിക്കണ്ണനോട് വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ദിലീപ് വീട്ടിലില്ലെന്നും ദിലീപിന്റെ ഭാര്യയും മകളും മറ്റു കുടുംബാംഗങ്ങളുമാണ് രണ്ടുമുറികളിലായി ഉറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന്, പൊലീസ് വീട് അരിച്ചുപെറുക്കുന്നതിനിടെയാണ് വീടുവളഞ്ഞ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് അതിക്രമം നടത്തിയത്. കുലച്ച വാഴകളും മുരിങ്ങയും ചേനയും വെട്ടിനിരത്തി. പൈപ്പുതുറന്ന് ടാങ്കിലെ വെള്ളം ചോര്‍ത്തിക്കളഞ്ഞു. ഇതിനുശേഷം കിണറ്റുകരയിലെ മോട്ടോര്‍പമ്പിന്റെ കണക്ഷന്‍ വിടുവിച്ച് പമ്പിലേക്ക് നേരിട്ട് ബന്ധിപ്പിച്ചു. പമ്പ് ഓണ്‍ ചെയ്താല്‍ വൈദ്യുതാഘാതമേല്‍ക്കും വിധമാണ് സജ്ജീകരിച്ചത്. പേടിച്ചരണ്ട വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഗിരീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം അച്ഛന്‍ പി കെ വാസുക്കുട്ടന്‍ മാസ്റ്ററെ വിളിച്ചെഴുന്നേല്‍പ്പിച്ച് വീട് പരിശോധിച്ചു. ബിജുവിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ചൂലും ചെരുപ്പും പെറുക്കിയിട്ടു. ചെടിച്ചട്ടികളും ചവിട്ടിപ്പൊട്ടിച്ചു.


പൊലീസ് അക്രമം അവസാനിപ്പിക്കണം: ടി വി രാജേഷ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. സിപിഐ എം ഏരിയാകമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറി വിജീഷിനെ അകാരണമായാണ് പൊലീസ് മര്‍ദിച്ചത്. ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളില്‍ ചെന്ന് അക്രമം കാട്ടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ യുവജനങ്ങള്‍ തയ്യാറായിവരും. ഇതുതടയാന്‍ ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസിന് കഴിയില്ല. അതിക്രമം കാട്ടിയ പൊലീസുകര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ഭരണം എപ്പോഴും ഉണ്ടാവില്ലെന്ന്് പൊലീസ് മനസിലാക്കണമെന്നും രാജേഷ് പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ ജനമൈത്രിക്കുപകരം ജനദ്രോഹം: പി കെ ശ്രീമതി

പയ്യന്നൂര്‍: എല്‍ഡിഎഫ് ഭരണകാലത്തെ ജനമൈത്രി പൊലീസ്സ്റ്റേഷനുകള്‍ ഇപ്പോള്‍ ജനദ്രോഹ പൊലീസ് സ്റ്റേഷനുകളാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കാക്കിയിട്ടതുകൊണ്ടുമാത്രം പൊലീസാവില്ല. കേരളത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ പൊലീസിനെയാണ് ഉമ്മന്‍ചാണ്ടി നിയോഗിക്കുന്നത്. വീടുകളില്‍ അര്‍ധരാത്രിയില്‍ചെന്ന് സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്താന്‍ പൊലീസിനാരാണ് അധികാരം നല്‍കിയത്. പൊലീസ് സംസ്കാരമില്ലാത്തവരായി പെരുമാറിയാല്‍ എന്തുചെയ്യണമെന്ന് ജനങ്ങള്‍ ആലോചിക്കും. കേരളം ഭരിക്കുന്ന സര്‍ക്കാരിനുതന്നെ സംസ്കാരമില്ല. പിന്നെങ്ങനെയാണ് പൊലീസിന് സംസ്കാരമുണ്ടാകുന്നത്. അതിക്രമം കാണിച്ച പൊലീസുകാരെ സര്‍വീസില്‍നിന്ന് നീക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.

തിരുവഞ്ചൂരിന്റെ പൊലീസ് ചമ്പല്‍ കൊള്ളക്കാരെപ്പോലെ: പി ജയരാജന്‍

പയ്യന്നൂര്‍: ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ തിരുവഞ്ചൂരിന്റെ പൊലീസ് ചമ്പല്‍ക്കൊള്ളക്കാരാവുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളില്‍ പൊലീസ് നടത്തിയ റെയ്ഡിലും അക്രമത്തിലും പ്രതിഷേധിച്ച് സിപിഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിതഭാരം കൂട്ടുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ ജ്യാമ്യമില്ല വകുപ്പ് ചേര്‍ത്ത് കേസെടുത്താണ് പൊലീസ് പീഡിപ്പിക്കുന്നത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ജോ. സെക്രട്ടറിമാരായ സി വി ദിലീപിന്റെയും, വെള്ളൂരിലെ കെ ബിജുവിന്റെയും, വെള്ളൂര്‍ സെന്‍ട്രല്‍ വില്ലേജ് കമ്മിറ്റിയംഗമായ ഗിരീഷ്കുമാറിന്റെയും വീടുകളില്‍ ചെന്ന് ചമ്പല്‍കൊള്ളക്കാരെപോലെ പെരുമാറാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് ജയരാജന്‍ പറഞ്ഞു. വീട്ടുപറമ്പിലെ കാര്‍ഷിക വിളകളും, പമ്പ്സെറ്റുകളും നശിപ്പിക്കുകയാണ്. കള്ളന്‍മാരുടെ രൂപത്തില്‍ പൊലീസ് വന്ന് പാതിരാത്രിയില്‍ അക്രമം നടത്തുകയാണ്. രാത്രിയുടെ മറവില്‍ നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയ പൊലീസുകാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സിപിഐ എം

സിപിഐ എം നേതാക്കള്‍ക്കെതിരെ കേസെടുത്തു

പയ്യന്നൂര്‍: ഡിവൈഎഫ്ഐ നേതാക്കളുടെ വീട്ടില്‍ ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിലും അക്രമത്തിലും പ്രതിഷേധിച്ച് സിപിഐ എം ഏരിയാകമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയടക്കം 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, ഏരിയാസെക്രട്ടറി ടി ഐ മധുസൂദനന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് എന്നിവര്‍ക്കെതിരെയാണ് കേസെുടത്തത്. നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.


deshabhimani 300712

1 comment:

  1. പയ്യന്നൂരിലെ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയില്‍ പൊലീസ് ഭീകരത. വീട്ടുമുറ്റത്തെ ചെടികളും വാഴയും മറ്റു കൃഷികളും വെട്ടിനശിപ്പിച്ച പൊലീസ് കുടിവെള്ള പമ്പുകളുടെ വൈദ്യുതി കണക്ഷന്‍ മാറ്റി ഷോക്കേല്‍ക്കുംവിധം ക്രമീകരിച്ചു. വൈദ്യുതിചാര്‍ജ് വര്‍ധനക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധമാര്‍ച്ചിന്റെ കേസിലുള്‍പ്പെട്ടവരെ അറസ്റ്റുചെയ്യാനെന്ന വ്യാജേനെയാണ് അതിക്രമം.

    ReplyDelete