Tuesday, July 31, 2012

ഫോണ്‍ചോര്‍ത്തല്‍: സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍


എംഎല്‍എമാരടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളുടെ ടെലിഫോണ്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തായതോടെ ആഭന്തരമന്ത്രിയും സര്‍ക്കാരും പ്രതിക്കൂട്ടില്‍. ഫോണ്‍ചോര്‍ത്തലില്‍ പരസ്പരവിരുദ്ധ വിശദീകരണവുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മലക്കംമറിയുന്നതിനിടയിലാണ് എംഎല്‍എയുടെ ഫോണ്‍ചോര്‍ത്തി റെക്കോഡ് ചെയ്തതായി വ്യക്തമായത്. എംഎല്‍എമാരായ എളമരം കരീം, കെ കെ ലതിക, ടി വി രാജേഷ് തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് ആവര്‍ത്തിച്ച് നിഷേധിക്കുകയായിരുന്നു സര്‍ക്കാര്‍. ഫോണ്‍ചോര്‍ത്തല്‍ നിഷേധിച്ചുകൊണ്ടിരുന്ന ആഭ്യന്തരമന്ത്രി അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഇപ്പോള്‍ അദ്ദേഹം അവകാശപ്പെടുന്നത് ഫോണ്‍ചോര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ്.

അതേസമയം, മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് തെളിയിച്ച് സിപിഐ എം നേതാക്കളുടെയും എംഎല്‍എമാരുടെയും എല്‍ഡിഎഫ് നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തിയതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍പുറത്തുവന്നു. എല്‍ഡിഎഫ് എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തുന്നത് എളമരം കരീം ജൂലൈ 11ന് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ഫോണ്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ആക്ഷേപം സംബന്ധിച്ച് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, ജൂലൈ 23ന് മന്ത്രി നിലപാട് മാറ്റി. എംഎല്‍എമാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയുടെ ഏതെങ്കിലും നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതിന് ആഭ്യന്തരവകുപ്പില്‍നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന എളമരം കരീമിന്റെതന്നെ ചോദ്യത്തിന് "അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല" എന്നാണ് മന്ത്രി മറുപടി നല്‍കിയത്. ആരുടെയെല്ലാം ഫോണ്‍കോള്‍ ചോര്‍ത്താന്‍ ആര്‍ക്കെല്ലാമാണ് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയുമില്ല. ഇതേദിവസംതന്നെ ഇ പി ജയരാജന്‍ എംഎല്‍എ ഉന്നയിച്ച മറ്റൊരുചോദ്യത്തിനും "അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല" എന്ന മറുപടിയാണ് തിരുവഞ്ചൂര്‍ നല്‍കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകളോ വ്യക്തികളോ ഇ-മെയില്‍മുഖേനയോ ഫോണ്‍മുഖേനയോ നടത്തുന്ന ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഫോണ്‍ചോര്‍ത്തല്‍ സംബന്ധിച്ച ചോദ്യമുയര്‍ന്നു. ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു അപ്പോള്‍ മന്ത്രിയുടെ അവകാശവാദം. മന്ത്രിയുടെ പരസ്പരവിരുദ്ധമായ വാദങ്ങള്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കൈകളാണ് ഫോണ്‍ചോര്‍ത്തലിനു പിന്നിലെന്നു വ്യക്തമാക്കുന്നു.

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ എംഎല്‍എമാരോട് "നിങ്ങള്‍ വരുമെന്ന് മൂന്നു മണിക്കൂര്‍മുമ്പേ അറിയാമായിരുന്നു" എന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണത്തില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന സൂചനയും അദ്ദേഹത്തില്‍നിന്നുണ്ടായി. നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിന്റെ വ്യക്തമായ തെളിവുകളിലൊന്നായിരുന്നു അത്. ടെലിഫോണ്‍കമ്പനികളുടെ അറിവോടെ ഫോണ്‍ ചോര്‍ത്തുന്നതിനൊപ്പം അവരുടെ അനുമതിയില്ലാതെ ഫോണ്‍സംഭാഷണം ചോര്‍ത്താനും റെക്കോഡ് ചെയ്യാനും പൊലീസിന് സംവിധാനമുണ്ട്.

ടി വി രാജേഷ് സ്പീക്കര്‍ക്ക് പരാതി നല്‍കി

കണ്ണൂര്‍: തന്റെ ഫോണ്‍ കോളുകള്‍ പൊലീസ് ചോര്‍ത്തിയതായി ടി വി രാജേഷ് സ്പീക്കര്‍ക്ക് പരാതി നല്‍കി. തന്റെ മണ്ഡലത്തിലെ സിപിഐ എം കണ്ണപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി വി ലക്ഷ്മണനുമായി ഫോണില്‍ സംസാരിച്ചത് പൊലീസ് ടേപ്പ് ചെയ്തത് നേരിട്ടു കേള്‍പ്പിക്കുകയുണ്ടായി. ഒരു കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസില്‍ തന്റെ മൊഴിയെടുക്കുന്ന സന്ദര്‍ഭത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് സംഭാഷണം കേള്‍പ്പിച്ചത്. എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി 13ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. ജനപ്രതിനിധികളുടെ ഫോണ്‍ ചോര്‍ത്തുന്നത് ഹീനമായ കാര്യമാണ്. നിയമസഭാംഗം എന്ന നിലയില്‍ തന്റെ അവകാശത്തില്‍ കൈയേറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani 310712

1 comment:

  1. എംഎല്‍എമാരടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളുടെ ടെലിഫോണ്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തായതോടെ ആഭന്തരമന്ത്രിയും സര്‍ക്കാരും പ്രതിക്കൂട്ടില്‍. ഫോണ്‍ചോര്‍ത്തലില്‍ പരസ്പരവിരുദ്ധ വിശദീകരണവുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മലക്കംമറിയുന്നതിനിടയിലാണ് എംഎല്‍എയുടെ ഫോണ്‍ചോര്‍ത്തി റെക്കോഡ് ചെയ്തതായി വ്യക്തമായത്. എംഎല്‍എമാരായ എളമരം കരീം, കെ കെ ലതിക, ടി വി രാജേഷ് തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് ആവര്‍ത്തിച്ച് നിഷേധിക്കുകയായിരുന്നു സര്‍ക്കാര്‍. ഫോണ്‍ചോര്‍ത്തല്‍ നിഷേധിച്ചുകൊണ്ടിരുന്ന ആഭ്യന്തരമന്ത്രി അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഇപ്പോള്‍ അദ്ദേഹം അവകാശപ്പെടുന്നത് ഫോണ്‍ചോര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ്.

    ReplyDelete