Saturday, July 28, 2012

ഓര്‍ക്കുക, വെറുതെ ചുവന്നതല്ല കണ്ണൂര്‍



ഇടതുപക്ഷം ദുര്‍ബലമായാല്‍ ഭാവി ഇരുളടയും : ഇ പി

ഇടതുപക്ഷം ദുര്‍ബലമായാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ലോകത്താകമാനം സാമ്രാജ്യത്വശക്തികള്‍ ജനപക്ഷ രാഷ്ട്രീയത്തിനെതിരെ കരുക്കള്‍ നീക്കുകയാണ്. ഇന്ത്യയില്‍ ഈ നീക്കത്തെ പ്രതിരോധിക്കുന്നത് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ്. അത് ദുര്‍ബലമായാല്‍ സാമ്രാജ്യത്വ അജന്‍ഡ എളുപ്പം നടപ്പാകും. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും അറിഞ്ഞും അറിയാതെയും ഇതിന് കൂട്ടുനില്‍ക്കുകയാണ്. സിപിഐ എം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ "കണ്ണൂര്‍ കണ്ണു തുറന്നുതന്നെ" സിഡിയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഇ പി.

സിപിഐ എമ്മിനെതിരെയുള്ള വ്യാജപ്രചാരണം തുറന്നുകാട്ടി ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് സിഡി തയ്യാറാക്കിയത്. ആശയലോകത്തെ പ്രധാന ശക്തികളായ മാധ്യമങ്ങളെ ആഗോളതലത്തില്‍ തന്നെ ദുരുപയോഗം ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അതാണ് കണ്ടത്. സിപിഐ എം നേതാക്കളെയും മക്കളേയും കള്ളക്കേസില്‍ കുടുക്കാന്‍ ഒരുകോടി വാഗ്ദാനംചെയ്തത് തമസ്കരിക്കപ്പെട്ടു. ക്രൈം നന്ദകുമാറിന്റെ ധനസ്രോതസ്സായ കുമാരന്‍മാരെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കുന്നില്ല. ആരൊക്കെ എഴുതിയാലും സിപിഐ എം വര്‍ഗീയകലാപം സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുമോ?. പരിയാരം മെഡിക്കല്‍ കോളേജിലെ പി ജി അഡ്മിഷനുമായി തന്റെ പേര് ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇ പി പറഞ്ഞു.

പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇ പി ജയരാജനില്‍ നിന്ന് പ്രൊഫ. എം അബ്ദുറഹ്മാന് സിഡി ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ പി സഹദേവന്‍, എം വി ജയരാജന്‍, കെ കെ രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോക്യുമെന്ററിയുടെ ആവിഷ്കാരം നിര്‍വഹിച്ചത് ബിജു മുത്തത്തിയും ബാബുരാജ് മോറാഴയുമാണ്. പ്രൊഫ. എം അബ്ദുറഹ്മാന്റെ നിരീക്ഷണങ്ങളും അരമണിക്കൂറുള്ള ചിത്രത്തിലുണ്ട്. ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം കല്യാശേരി പിസിആര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇ കെ നായനാരുടെ സഹധര്‍മിണി ശാരദ ടീച്ചര്‍ നിര്‍വഹിച്ചു. ടി അജയകുമാര്‍ അധ്യക്ഷനായി.

deshabhimani 280712

1 comment:

  1. സിപിഐ എമ്മിനെതിരെയുള്ള വ്യാജപ്രചാരണം തുറന്നുകാട്ടി ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് സിഡി തയ്യാറാക്കിയത്. ആശയലോകത്തെ പ്രധാന ശക്തികളായ മാധ്യമങ്ങളെ ആഗോളതലത്തില്‍ തന്നെ ദുരുപയോഗം ചെയ്യുന്നു.

    ReplyDelete