Wednesday, July 25, 2012

അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള 10 കോടി ചെലവഴിച്ചില്ല


കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായിആരംഭിച്ച ക്ഷേമനിധി പദ്ധതി രണ്ടുവര്‍ഷത്തിനിപ്പുറവും തുടങ്ങിയിടത്തുതന്നെ. ക്ഷേമപദ്ധതികള്‍ക്കായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപയില്‍ ഒരു രൂപപോലും ഇനിയും ചെലവഴിച്ചിട്ടില്ല. 2.7 ശതമാനം തൊഴിലാളികളെ മാത്രമാണ് ഇതിനകം പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ കഴിഞ്ഞിട്ടുള്ളതും. കൊച്ചി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസിന്റെ(സിഎസ്ഇഎസ്) പഠനപ്രകാരം സംസ്ഥാനത്ത് 10 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. 2010 മെയ്ദിനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനുകീഴില്‍ ഇവര്‍ക്കായി ക്ഷേമപദ്ധതി ആരംഭിച്ചത്. 10 കോടി രൂപയും വകയിരുത്തി. എന്നാല്‍, പദ്ധതിയില്‍ ഇതിനകം അംഗങ്ങളായത് 27,790 പേര്‍ മാത്രം. ഒന്നര ലക്ഷത്തിനും രണ്ടുലക്ഷത്തിനും ഇടയില്‍ അന്യസംസ്ഥാന തൊഴിലാളികളുള്ള എറണാകുളം ജില്ലയില്‍നിന്ന് ഇതുവരെ അംഗങ്ങളായവര്‍ 5,388 പേര്‍ മാത്രം. കണ്ണൂരില്‍ 4,473 പേരും കോഴിക്കോട് 1,449 പേരും അംഗങ്ങളായപ്പോള്‍ തലസ്ഥാന ജില്ലയില്‍ അംഗങ്ങള്‍ 949 പേര്‍ മാത്രം. ഇതരജില്ലകളിലെ കണക്കും പരിതാപകരമാണ്.

സര്‍ക്കാരിന്റെ 10 കോടിക്കു പുറമേ അംഗങ്ങളാകുന്ന തൊഴിലാളികളില്‍നിന്ന് വാര്‍ഷികവരിസംഖ്യയായി 30 രൂപ ഈടാക്കിയും ബോര്‍ഡും സര്‍ക്കാരും 30 രൂപവീതം നിക്ഷേപിച്ചും പദ്ധതിക്ക് തുക കണ്ടെത്തണം. ഇപ്രകാരം സ്വരൂപിച്ച 25 ലക്ഷത്തോളം രൂപയില്‍ അഞ്ചുപേര്‍ക്കായി 56,134 രൂപ മാത്രമാണ് ഇതിനകം ചെലവഴിച്ചതെന്ന് ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി എ അലക്സാണ്ടര്‍ പറഞ്ഞു. തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബോര്‍ഡിന് ചെലവിടാവുന്ന പരമാവധി തുക 15,000 രൂപയാണ്. പ്രത്യേക സാഹചര്യത്തില്‍ ഒരു തൊഴിലാളിക്കായി 42,000 രൂപ ചെലവിട്ടതുമൂലമാണ് തുക ഇത്രയെങ്കിലുമായത്. നാലു തൊഴിലാളികള്‍ക്ക് ചികിത്സാസഹായവും നല്‍കി.

തൊഴിലാളികളെ കണ്ടെത്തി അംഗത്വകാര്‍ഡ് തയ്യാറാക്കാന്‍ ആദ്യം ചുമതല കെല്‍ട്രോണിനായിരുന്നു. ആളൊന്നിന് 25 രൂപ പ്രതിഫലവും നിശ്ചയിച്ചു. പദ്ധതി കെല്‍ട്രോണ്‍ ഉപേക്ഷിച്ചതോടെ ക്ഷേമനിധിബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കായി ചുമതല. ഇവര്‍ക്ക് ക്യാമറയും ലഭ്യമാക്കി. 17,50,000 അംഗങ്ങളുള്ള നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഭാരിച്ച ജോലിത്തിരക്കിനിടയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ശ്രദ്ധിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ബോര്‍ഡിന് സംസ്ഥാനത്തൊട്ടാകെ 190 ജീവനക്കാരേയുള്ളുവെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സ്വാഭാവിക മരണത്തിന് 10,000 രൂപ, അപകടമരണത്തിന് 50,000 രൂപ, ചികിത്സയ്ക്ക് പരാമവധി 25,000 രൂപ, ആശ്വാസ ധനസഹായം 25,000 രൂപ, വിരമിക്കല്‍ ധനസഹായം 10,000 മുതല്‍ 25,000 രൂപവരെ, മക്കളുടെ വിദ്യാഭ്യാസ ഗ്രാന്റ് 1000 മുതല്‍ 3000 രൂപ വരെ എന്നിങ്ങനെ വിവിധ പദ്ധതികളാണ് ബോര്‍ഡ് ലഭ്യമാക്കുന്നത്. എന്നാല്‍, പദ്ധതിയിലേക്ക് തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനുള്ള പരിപാടികളാണ് ഇനിയും ഊര്‍ജിതമാകേണ്ടത്. പദ്ധതിയെക്കുറിച്ച് ബഹുഭൂരിപക്ഷവും ബോധവാന്മാരല്ല. അയല്‍സംസ്ഥാന തൊഴിലാളി ക്ഷേമപദ്ധതി നടപ്പാക്കുന്നതില്‍ വേണ്ടത്ര ഊന്നല്‍ നല്‍കാനായില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പേരെ അംഗങ്ങളാക്കാന്‍ ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. മുതല്‍മുടക്കില്ലെങ്കിലും തൊഴിലുടമകളും തൊഴിലാളികളെ പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ മുന്‍കൈ എടുക്കുന്നില്ല.
(ഷഫീഖ് അമരാവതി)

deshabhimani 250712

No comments:

Post a Comment