പുനലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ സപ്ലൈകോ വാടകയ്ക്കെടുത്ത് നടത്തുന്ന വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണില്‍ പത്തനാപുരം തഹസില്‍ദാര്‍ ഡി രാജന്‍പിള്ള, താലൂക്ക് സപ്ലൈ ഓഫീസര്‍ സി രാധാകൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന് പരിശോധന ആരംഭിച്ചു. എലികള്‍ തുരന്ന നിലയിലുള്ള അരിച്ചാക്കുകള്‍ കണ്ടെത്തി. ഗോഡൗണ്‍ നിറയെ എലിക്കാട്ടം നിറഞ്ഞിരുന്നു. എലികളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. ഗോഡൗണ്‍ പകല്‍ 12ന് പൂട്ടി. കൊല്ലത്ത് പൊലീസ് ക്ലബിനു സമീപത്തെ എഫ്സിഐ ഗോഡൗണില്‍ പകല്‍ 10.30ന് പരിശോധന ആരംഭിച്ചു. രണ്ട് കെട്ടിടങ്ങളിലും പരിശോധന നടത്തിയെങ്കിലും എലി ശല്യമോ പ്രാണികളുടെ സാന്നിധ്യമോ കണ്ടെത്തിയില്ല. അരിച്ചാക്കുകള്‍ താരതമ്യേന ശുചിയായ ചുറ്റുപാടില്‍ അടുക്കിവച്ച നിലയിലായിരുന്നു. രണ്ടിടത്ത് മേല്‍ക്കൂര ചോരുന്നത് കണ്ടെത്തി. ചോര്‍ച്ചയുള്ള ഇടങ്ങളില്‍ ഷീറ്റ് മാറ്റിയിടുന്ന പ്രവൃത്തി ആരംഭിച്ചെന്ന് എഫ്സിഐ ക്വാളിറ്റി കണ്ട്രോളര് ശിശുപാലന് കലക്ടര്‍ക്ക് മറുപടി നല്കി. ഗുണനിലവാരമുള്ള അരിയും ഗോതമ്പുമാണ് എഫ്സിഐ ഗോഡൗണില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇവ റേഷന്‍കടകള്‍ വഴി ജനങ്ങളില്‍ എത്തുന്നുണ്ടോ എന്നത് പരിശോധിക്കുമെന്ന് ആര്‍ഡിഒ പറഞ്ഞു. എഫ്സിഐ ഗോഡൗണില്‍നിന്നു കയറ്റിക്കൊണ്ടുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍ വഴിയില്‍ കൈമാറ്റം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. സമീപത്തെ സപ്ലൈകോ ഗോഡൗണിലെ പരിശോധനയിലും ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയില്ല. പ്രാഥമിക പരിശോധനയില്‍ തൃപ്തനാണെന്ന് കലക്ടര്‍ പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് വ്യാഴാഴ്ച ആര്‍ഡിഒ വി ജയപ്രകാശ് കലക്ടര്‍ക്ക് നല്‍കും.
ഭക്ഷ്യസുരക്ഷ: മഹിളകള്‍ എഫ്സിഐ ഗോഡൗണ്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കൊല്ലം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കൊല്ലം എഫ്സിഐ ഗോഡൗണിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കൊല്ലം റെസ്റ്റ്ഹൗസിനു സമീപം കേന്ദ്രീകരിച്ചു നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്യുക, പൊതുവിതരണം ശക്തിപ്പെടുത്തുക, ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. അസോസിയേഷന് കേന്ദ്രകമ്മിറ്റി അംഗം സൂസന്‍കോടി ധര്‍ണ ഉദ്ഘാടനംചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജമ്മാ ഭാസ്കരന്, എം ബി ബിന്ദു, ജില്ലാപ്രസിഡന്റ് എം ലീലാമ്മ, സെക്രട്ടറി സി രാധാമണി, കെ ശോഭന, ആനന്ദകുസുമം, രാജവല്ലി, ഗീതാകുമാരി, ഷീനാപ്രസാദ്, വസന്ത, അഡ്വ. ലീല, ആശ, രാധാമണി, വിജയാനന്ദ, ലീലാമണി തുടങ്ങിയവര്‍ സംസാരിച്ചു.
പരിശോധന ഡിവൈഎഫ്ഐ, മഹിളാ അസോ. സമരത്തെ തുടര്‍ന്ന്
കൊല്ലം: ഫുഡ് കോര്പറേഷന്, സിവില്‍ സപ്ലൈസ് കോര്പറേഷന് ഗോഡൗണുകളില്‍ റെവന്യൂ- സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് സിപിഐ എം, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തെതുടര്‍ന്ന്. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലെ സ്കൂള്‍, അങ്കണവാടി എന്നിവിടങ്ങളില്‍ വിതരണത്തിനായി കഴുതുരുട്ടിയിലെ മാവേലി സ്റ്റോറില്‍ ചൊവ്വാഴ്ച എത്തിച്ച അരിച്ചാക്കിലാണ് ജീവനുള്ളതും ചത്തതുമായ പത്തോളം എലികളെ കണ്ടത്. സംഭവത്തെതുടര്‍ന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി മുരളീധരന്, സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം എഫ്സിഐ ഗോഡൗണ്‍ ഏരിയ മാനേജര്‍ കെ പി ഗിരിജാവല്ലഭന്‍, ഡിഎസ്ഒ സുരേന്ദ്രന്, എഡിഎം ഒ രാജു എന്നിവരെ ഉപരോധിച്ചു. കലക്ടര്‍ പി ജി തോമസ് സമരക്കാരുമായി ചര്‍ച്ച നടത്തി ബുധനാഴ്ച ഫുഡ് കോര്പറേഷന്, സിവില്‍ സപ്ലൈസ് കോര്പറേഷന് ഗോഡൗണുകളില്‍ പരിശോധന നടത്താമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. മഹിളാ അസോസിയേഷന് നേതാക്കളായ സൂസന്‍കോടി, രാജമ്മാ ഭാസ്കരന്, സി രാധാമണി, എം കെ നിര്‍മല എന്നിവരും സമരത്തില്‍ പങ്കെടുത്തു. സിപിഐ എം പ്രവര്‍ത്തകര്‍ കഴുതുരുട്ടിയിലും സമരം നടത്തി.
എഫ്സിഐ ഗോഡൗണിലേക്ക് മഹിളാ മാര്‍ച്ച്
നെടുമങ്ങാട്: പുഴു അരിക്കുന്നതും ചത്ത എലികള്‍ നിറഞ്ഞതുമായ ഭക്ഷ്യധാന്യങ്ങള്‍ പിന്‍വലിച്ച് ഉപയോഗയോഗ്യമായ ധാന്യങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ നെടുമങ്ങാട് എഫ്സിഐ ഗോഡൗണിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പഴകുറ്റിയിലെ ഗോഡൗണിനു മുന്നില്‍ ധര്‍ണ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി എം ജി മീനാംബിക ഉദ്ഘാടനംചെയ്തു. ചന്ദ്രിക രഘുനാഥ് അധ്യക്ഷയായി. ജെ അരുന്ധതി സ്വാഗതം പറഞ്ഞു. നസിമുന്നീസ, അജയകുമാരി, ഡി എ രത്നമ്മ എന്നിവര്‍ സംസാരിച്ചു.
deshabhimani 260712
No comments:
Post a Comment