Friday, July 27, 2012
അതിര്‍വരമ്പുകള്‍ മായുന്നു
അസാധ്യമായതിനെ സാധ്യമാക്കാനുള്ള മഹായത്നമാണ് മനുഷ്യജീവിതത്തിന്റെ ഉള്ളടക്കം. സാഹസികതയുടെ ഈ ചോരയോട്ടമാണ് ചരിത്രത്തിന്റെ ദശാസന്ധികളില്‍ വെള്ളിവെളിച്ചമായി വഴികാട്ടിയത്. കായികലോകത്തിന്റെ വ്യാകരണവും മറ്റൊന്നല്ല. അണക്കെട്ടില്‍ സംഭരിച്ചുവച്ച ഊര്‍ജംപോലെ സ്വന്തം ശരീരം വിദ്യുത്പ്രവാഹമാക്കി കാലത്തിനുമീതെ പാദമുദ്രകള്‍ പതിക്കുകയാണ് കായികതാരം.
സ്പോര്‍ട്സില്‍ ലക്ഷ്മണരേഖകളില്ല. വിശ്വകായികവേദിയായ ഒളിമ്പിക്സ് ലക്ഷ്മണരേഖകളെ വിസ്മൃതിയിലേക്കു തള്ളുന്ന മഹോത്സവമാണ്. സമയത്തിന്റെയും ദൂരത്തിന്റെയും ഉയരത്തിന്റെയും പരിധികളെ മനുഷ്യന്‍ വെല്ലുവിളിക്കുന്ന ഉജ്ജ്വല മുഹൂര്‍ത്തം. ഇതിന് ഭാഷയില്ല, വ്യാഖ്യാനങ്ങളില്ല. ഉത്തുംഗശൃംഗങ്ങളിലേക്ക് മനുഷ്യന്‍ വെട്ടുന്ന ഒറ്റയടിപ്പാതയാണത്. ഇതുതന്നെയാണ് കോടിക്കണക്കിനു മനുഷ്യരെ കായികവേദിയുടെ ആരാധകരാക്കുന്നതും. ഒരാള്‍ എത്ര ഉയരത്തില്‍ ചാടിയാലും, എത്ര വേഗത്തില്‍ ഓടിയാലും അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതല്ല. എന്നിട്ടും എന്തുകൊണ്ട് ഈ നിമിഷങ്ങള്‍ക്കുവേണ്ടി ആകാംക്ഷയോടെ മനുഷ്യന്‍ കാത്തിരിക്കുന്നു? അത്ഭുതങ്ങളെ പ്രണയിക്കുന്ന മനസ്സുകളോടാണ് കായികതാരം ആശയവിനിമയം നടത്തുന്നത്. ജെസ്സെ ഓവന്‍സില്‍, പാവോ നൂര്‍മിയില്‍, മാര്‍ക് സ്പിറ്റ്സില്‍, നാദിയ കൊമനേച്ചിയില്‍, കാള്‍ ലൂയിസില്‍, സെര്‍ജി ബുബ്കയില്‍, ഫ്ളോറന്‍സ് ഗ്രിഫിത് ജോയ്നറില്‍ കാണുന്നത് നമ്മള്‍ കൊതിക്കുന്ന അത്ഭുതങ്ങളുടെ പതാകവാഹകരെയാണ്.
സാഹസികതയുടെ മുത്തശ്ശിക്കഥകളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന കളിത്തോഴരെയാണ്. നോവല്‍വായനയുടെ അനുഭൂതിമണ്ഡലംതന്നെയാണ് ഒരു കായികതാരവും സൃഷ്ടിക്കുന്നത്. മൈക്കേല്‍ ഫെല്‍പ്സ് നീന്തല്‍ക്കുളത്തില്‍ ഇറങ്ങുമ്പോള്‍, യുസൈന്‍ ബോള്‍ട്ട് സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ഒരു നോവലിന്റെ ആദ്യ അധ്യായത്തിലേക്കു പ്രവേശിക്കുകയാണ്. വിയര്‍പ്പിന്റെ സര്‍ഗാത്മകത ആത്മാവിനെ സ്പര്‍ശിക്കുകയാണ്. ഇവിടെ സങ്കുചിതമായ ദേശീയതകളില്ല, വര്‍ണവ്യത്യാസങ്ങളില്ല. കായികസംസ്കാരത്തിന്റെ കളരിമുറ്റത്തെ അക്ഷരമാലകളില്‍ സവര്‍ണാവര്‍ണഭേദങ്ങളില്ല. വര്‍ണ-വംശീയ ധിക്കാരങ്ങള്‍ ഇടയ്ക്ക് തലപൊക്കിയിട്ടുണ്ടെങ്കിലും കായികകരുത്തിന്റെ കനത്ത കാലടികള്‍ അവയെ ഞെരിച്ചമര്‍ത്തി.
1936 ബര്‍ലിനില്‍ ഇരുകൈകളുമുയര്‍ത്തി വിജയപീഠമേറിയ ജെസ്സെ ഓവന്‍സിന്റെ മുന്നില്‍ ആര്യരക്തത്തിന്റെ അഹങ്കാരം തലതാഴ്ത്തി. നാലിനങ്ങളില്‍ ഓവന്‍സ് ഒന്നാമതെത്തിയപ്പോള്‍ ഓരോ സ്വര്‍ണവും അഡോള്‍ഫ് ഹിറ്റ്ലറുടെ മുഖത്തു നോക്കി ഗര്‍ജിച്ചു- തോല്‍ക്കുന്നില്ല മനുഷ്യന്‍. 28 ലോകറെക്കോഡുമായി ഇസിന്‍ബയേവ ആകാശത്തിന്റെ അതിരുകളിലേക്കു പറക്കുമ്പോള്‍, 9.40 ലക്ഷ്യമിട്ട് യുസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ മിന്നല്‍പ്പിണരാവുമ്പോള്‍, സ്വര്‍ണം വാരിയണിഞ്ഞ് മൈക്കേല്‍ ഫെല്‍പ്സ് നീന്തുമ്പോള്‍, 1500 മീറ്റര്‍ നീന്തലില്‍ ലോകറെക്കോഡ് തകര്‍ത്ത സണ്‍യാങ് നീന്തുമ്പോള്‍, ലിംഗനിര്‍ണയത്തിന്റെ അയിത്തം മാറി കാസ്റ്റര്‍ സെമെന്യ 800ന്റെ ട്രാക്കില്‍ നില്‍ക്കുമ്പോള്‍, ദീര്‍ഘദൂരങ്ങളെ കാല്‍ച്ചുവട്ടിലാക്കി വിവിയുന്‍ ചെറൂയിയുട് ക്ഷീണമറിയാതെ കുതിക്കുമ്പോള്‍, 9039 എന്ന ലോകറെക്കോഡ് പോയിന്റുമായി ആഷ്ടണ്‍ ഈറ്റോണ്‍ ട്രാക്കില്‍ നിറയുമ്പോള്‍ കായികവേദിക്ക് ഒരേ സ്വരം, ഒരേ വികാരം, ഒരേ മനസ്സ്. അതാണ് ഒളിമ്പിക്സിന്റെ ഹൃദയം.
ലണ്ടനില്‍ ചെറിയ പ്രതീക്ഷകളോടെ ഇന്ത്യയുമുണ്ട്. ഇതുവരെ അയച്ചതില്‍ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ഇക്കുറി ലണ്ടനില്‍ അയച്ചിരിക്കുന്നത്- 81. ഷൂട്ടിങ്ങില്‍, അമ്പെയ്ത്തില്‍, ഗുസ്തിയില്‍, ബോക്സിങ്ങില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നു. അഭിനവ് ബിന്ദ്രയ്ക്കുശേഷം ആരാവും ഒരു ഒളിമ്പിക് സ്വര്‍ണവുമായി ലണ്ടനില്‍നിന്നു വരിക? അതിരുകടന്നതാവുമോ ഈ പ്രതീക്ഷ? ഒരിക്കല്‍ ഇന്ത്യക്കുമാത്രമായി നീക്കിവച്ച ഹോക്കിയില്‍ പൊന്‍കിനാവുകളുണ്ടെങ്കിലും അത് സഫലമാകാനുള്ള സാധ്യത തീര്‍ത്തും കുറവാണ്. ഇനി കണക്കുകൂട്ടലുകള്‍ വേണ്ട. ലണ്ടന്‍ ഉണര്‍ന്നു. റെക്കോഡുകളുടെ ഘടികാരത്തില്‍നിന്ന് സെക്കന്‍ഡുകള്‍ ചീന്തിയെറിയാന്‍, ദൂരങ്ങളുടെ ദൂരം കൂട്ടാന്‍, ഉയരങ്ങളുടെ ഉയരം കൂട്ടാന്‍ കായികതാരങ്ങള്‍ തയ്യാര്‍. കാത്തിരിക്കാം മനുഷ്യന്റെ അമാനുഷികത.
deshabhimani editorial 280712
Labels:
കായികം
Subscribe to:
Post Comments (Atom)
അസാധ്യമായതിനെ സാധ്യമാക്കാനുള്ള മഹായത്നമാണ് മനുഷ്യജീവിതത്തിന്റെ ഉള്ളടക്കം. സാഹസികതയുടെ ഈ ചോരയോട്ടമാണ് ചരിത്രത്തിന്റെ ദശാസന്ധികളില്‍ വെള്ളിവെളിച്ചമായി വഴികാട്ടിയത്. കായികലോകത്തിന്റെ വ്യാകരണവും മറ്റൊന്നല്ല. അണക്കെട്ടില്‍ സംഭരിച്ചുവച്ച ഊര്‍ജംപോലെ സ്വന്തം ശരീരം വിദ്യുത്പ്രവാഹമാക്കി കാലത്തിനുമീതെ പാദമുദ്രകള്‍ പതിക്കുകയാണ് കായികതാരം.
ReplyDelete