Sunday, July 29, 2012
എസ്എഫ്ഐ സമ്മേളനം സമാപിച്ചു; ഷിജുഖാന്‍ പ്രസിഡന്റ്, ബിനീഷ് സെക്രട്ടറി
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി ജെ എസ് ഷിജുഖാനേയും സെക്രട്ടറിയായി ടി പി ബിനീഷിനേയും തെരഞ്ഞെടുത്തു. പാലക്കാട്ട് നടന്ന 31-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റ് ഭാരവാഹികള്‍: കെ സബീഷ്, ചിന്ത ജെറോം, ശീതള്‍ ഡേവിസ്, ആര്‍ എസ് ബാലമുരളി (വൈസ് പ്രസിഡന്റുമാര്‍). ധന്യ വിജയന്‍, കെ റഫീഖ്, എം ഷാജര്‍, പി ജി സുബിദാസ് (ജോയിന്റ് സെക്രട്ടറിമാര്‍), ആര്‍ രാഹുല്‍, പി ജിജി, അനീഷ് എം മാത്യു, റിബിന്‍ ഷാ, എന്‍ ദിനേശ് ബാബു, സരിന്‍ ശശി (സെക്രട്ടറിയറ്റംഗങ്ങള്‍). 77 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
തിരുവനന്തപുരം നെടുമങ്ങാട് പത്താങ്കല്‍ സ്വദേശിയായ ഷിജുഖാന്‍ 2007 മുതല്‍ 2011 വരെ ബാലസംഘം സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റംഗമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നിന്ന് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ നേടിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം ലോ അക്കാദമി വിദ്യാര്‍ഥിയാണ്. കോഴിക്കോട് ഒഞ്ചിയം തയ്യില്‍ സ്വദേശിയായ ടി പി ബിനീഷ് കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിയാണ്. എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സിപിഐ എം ഊരാളങ്കല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. കലിക്കറ്റ് സര്‍വകലാശാലാ സെനറ്റംഗമായിരുന്നു.
തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരെ അണിനിരക്കുക: എസ്എഫ്ഐ
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ വികല നയത്തിനെതിരെ എല്ലാവരും അണിനിരക്കണമെന്ന് എസ്എഫ്ഐ സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്തു. സ്കൂള്‍ പാഠ്യപദ്ധതി നിര്‍ണയിക്കാനുള്ള അവകാശം മത-സാമുദായികപ്രമാണിമാര്‍ക്ക് വീതിച്ചുകൊടുക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. സര്‍ക്കാര്‍ സമിതികളുടെ തലപ്പത്ത് മുസ്ലിംലീഗ് പ്രാദേശികനേതാക്കന്മാരെ അവരോധിച്ചു. മതനിരപേക്ഷതയും ജനാധിപത്യകാഴ്ചപ്പാടും ശാസ്ത്രീയബോധവും ഉയര്‍ത്തിപ്പിടിക്കേണ്ട ഇത്തരം സമിതികളില്‍ വര്‍ഗീയ-സങ്കുചിത താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. സ്കൂളിലെ ഉച്ചക്കഞ്ഞിപദ്ധതി തകര്‍ക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ലീഗ് നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ള 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള ശ്രമം ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍ വേണ്ടിയാണ്. ഹയര്‍സെക്കന്‍ഡറി പ്രവേശനമാകട്ടെ താളപ്പിഴകള്‍ നിറഞ്ഞതും. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്ലസ്വണ്‍ പ്രവേശനത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു.
സദാചാരഗുണ്ടായിസത്തിന്റെ പേരില്‍ പൗരാവകാശങ്ങള്‍ കേരളത്തില്‍ ലംഘിക്കപ്പെടുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയവാദികളും തീവ്രവാദ ചിന്താഗതിക്കാരും സദാചാരഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കാസര്‍കോട് എസ്എഫ്ഐ നേതാക്കളെ മര്‍ദിച്ചവശരാക്കിയത് "താലിബാനിസ"ത്തിന്റെ പ്രചാരകരാണ്. അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കലിക്കറ്റ് സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണം. വൈസ്ചാന്‍സിലറും നോമിനേറ്റഡ് സിന്‍ഡിക്കേറ്റും ജനാധിപത്യവിരുദ്ധ നിലപാടാണ് തുടരുന്നത്. ഭരണരംഗത്താകെ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നു. വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കേണ്ട സര്‍വകലാശാലാഭൂമി രാഷ്ട്രീയ പങ്കുകച്ചവടത്തിന് ഉപയോഗിക്കുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് 39ഓളം സ്വാശ്രയകോളേജുകള്‍ക്ക് അനുമതി നല്‍കിയത്. ഏകജാലക സംവിധാനത്തിലൂടെയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തെ അട്ടിമറിച്ചു. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവുമെല്ലാം കുത്തഴിഞ്ഞു. ഫലപ്രഖ്യാപനം കൃത്യമായി നടക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാര്‍ഥികളുടെ അവസരവും നിഷേധിക്കപ്പെടുന്നു. ബിരുദവിദ്യാര്‍ഥികള്‍ക്കായി തീരുമാനിച്ച ഗ്രേഡ്കാര്‍ഡ് സംവിധാനവും കൃത്യമായി നടപ്പാക്കുന്നില്ല. സെനറ്റ്, യൂണിവേഴ്സിറ്റി, കോളേജ്യൂണിയനുകള്‍ എന്നിവയുടെ തെരഞ്ഞെടുപ്പിനെയും പ്രവര്‍ത്തനത്തെയും അട്ടിമറിക്കാനും ശ്രമമുണ്ട്. ഇതിനെതിരെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭഐക്യനിര രൂപപ്പെടണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു.
ലീഗ്വല്‍ക്കരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തും: എസ്എഫ്ഐ
വിദ്യാഭ്യാസരംഗത്തെ ലീഗ്വല്‍ക്കരണത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ എസ്എഫ്ഐ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംസ്ഥാന സമ്മേളന തീരുമാനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷും പ്രസിഡന്റ് ജെ എസ് ഷിജുഖാനും പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സമിതിയുടെയും തലപ്പത്ത് മുസ്ലിംലീഗുകാരെ തിരുകിക്കയറ്റാനാണ് മന്ത്രി അബ്ദുറബ്ബ് ശ്രമിക്കുന്നത്. ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശനം താളപ്പിഴകള്‍ നിറഞ്ഞതാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ പ്ലസ് ടു പ്രവേശനത്തില്‍നിന്ന് പുറന്തള്ളപ്പെട്ടു. ഇതാണ് പട്ടാമ്പിയിലെ വിദ്യാര്‍ഥിനി രേഷ്മയെ ആത്മഹത്യയിലേക്കു തള്ളിവിട്ടത്. സ്വാശ്രയ വിദ്യാഭ്യാസം ജാതി-മത ശക്തികള്‍ക്കായി തീറെഴുതികൊടുത്തിരിക്കുകയാണ്. ഇത് അപകടകരമാണ്. നേഴ്സിങ് മേഖലയില്‍ ബലരാമന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. വികലമായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരുമെന്നും അതിനായുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
വിദ്യാഭ്യാസ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: കോടിയേരി
പാലക്കാട്: വിദ്യാഭ്യാസ മേഖലയിലെ കൊള്ളയടിക്ക് സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്}ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനവിരുദ്ധനയങ്ങള്‍ മാത്രമാണ് യുഡിഎഫ് നടപ്പാക്കുന്നത്. എല്ലാ മേഖലയെയും ദുരിതത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ ഒടുവില്‍ വൈദ്യുതിനിരക്കും വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണെന്ന് കോടിയേരി പറഞ്ഞു. എസ്എഫ്ഐ 31-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ക്കുണ്ടായിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന പട്ടാമ്പിയിലെ രേഷ്മ യുഡിഎഫ്സര്‍ക്കാര്‍ തുടരുന്ന വിദ്യാഭ്യാസ നയത്തിന്റെ രക്തസാക്ഷിയാണ്. മുമ്പ് യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴാണ് രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ഥിനിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലേതുപോലെ ഉയര്‍ന്ന ഫീസ് മറ്റൊരു സംസ്ഥാനത്തുമില്ല. വിദ്യാര്‍ഥിവിരുദ്ധ നിലപാടിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുകയും ചെയ്യുന്നു. ഇത്തരം അനീതിക്കെതിരെ പ്രതികരിക്കുന്ന എസ്എഫ്ഐയേയും പൊതുരംഗത്ത് സിപിഐ എമ്മിനേയും തകര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് ഒരു നയവും ഇടതുപക്ഷപ്രസ്ഥാനത്തിന് മറ്റൊരു നയവുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നെടുങ്കണ്ടത്ത് അനീഷ്രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഡിസിസി ഓഫീസില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. അരീക്കോട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ മുസ്ലിംലീഗ് എംഎല്‍എ ബഷീനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നുമില്ല. അതേസമയംതന്നെ ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടുകയാണ്. കേസില്‍ ഏഴ് പ്രതികളാണുള്ളതെന്ന് പറയുന്നു. എന്നാല്‍, എണ്‍പതോളംപേരെയാണ് പൊലീസ് പ്രതിയാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയാക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായ അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തിനുപിന്നില്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനാണെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഴീക്കോടന്‍ കൊലപാതകം സര്‍ക്കാര്‍ വീണ്ടും അന്വേഷിക്കുമോയെന്ന് കോടിയേരി ചോദിച്ചു.
അക്രമവും കൊലപാതകവുംകൊണ്ട് ഏതെങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അക്രമത്തില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായത് എസ്എഫ്ഐക്കും സിപിഐ എമ്മിനുമാണ്. ഇതിനെ ആശയപരമായും രാഷ്ട്രീയമായും നേരിടുകയാണ് ചെയ്തത്. അതുകൊണ്ടാണ് മുപ്പതോളം പ്രവര്‍ത്തകരെ നഷ്ടപ്പെട്ട എസ്എഫ്ഐ ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമായി മാറിയത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കൂട്ടിയത് ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ധിക്കാന്‍ ഇടവരുത്തുമെന്നും കോടിയേരി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് അടിത്തറയുണ്ടാക്കിയത് ഇ എം എസ്: ടി ശിവദാസമേനോന്‍
പാലക്കാട്: കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് അടിത്തറയുണ്ടാക്കിയത് ഇം എം എസ് സര്‍ക്കാരാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ടി ശിവദാസമേനോന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യനീതി" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം രാഷ്ട്രീയവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് ഇപ്പോഴത്തെ ശ്രമം. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം ആദ്യം നടപ്പാക്കിയത് ഇ എം എസ് സര്‍ക്കാരാണ്. വെള്ളാപ്പളളിയും എന്‍എസ്എസുംചേര്‍ന്ന് ഹിന്ദുലീഗുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് രാജ്യത്തിന് വന്‍ അപകടമാകും. കൊടിയ മര്‍ദനങ്ങള്‍ക്കുമുന്നിലും പതറാതെ നെഞ്ചുവിരിച്ചുനിന്നവരാണ് എസ്എഫ്ഐക്കാര്‍. ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല-ശിവദാസമേനോന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വച്ചു: ഋതബ്രത ബാനര്‍ജി
പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വച്ചതായി എസ്എഫ്ഐ ജനറല്‍സെക്രട്ടറി ഋതബ്രത ബാനര്‍ജി പറഞ്ഞു. എസ്എഫ്ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലിലടച്ചും ഗ്രനേഡ് പ്രയോഗിച്ചും എസ്എഫ്ഐ പ്രവര്‍ത്തകരെ തളര്‍ത്താനുള്ള ശ്രമം നടക്കില്ല. രക്തസാക്ഷികളാകാന്‍ എസ്എഫ്ഐക്കാര്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍, ആശയങ്ങളെ തോല്‍പ്പിക്കാന്‍ ഒരിക്കലുമാകില്ല. രാജസ്ഥാനിലും തമിഴ്നാട്ടിലും ത്രിപുരയിലും ഉള്‍പ്പടെ തെരഞ്ഞെടുപ്പു നടന്ന എല്ലാ സര്‍വകലാശാലകളിലും എസ്എഫ്ഐ മിന്നുന്ന വിജയംനേടി. ഹിമാചലിലെ സിംല സര്‍വകലാശാലയില്‍ ചരിത്രവിജയം നേടി. രാജ്യത്തെ വിദ്യാഭ്യാസനയം തീരുമാനിക്കുന്നത് വെറും ഏഴുപേരാണ്. ഇവരില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു പങ്കുമില്ല. ബംഗാളിലും ഇതുതന്നെയാണ് അവസ്ഥ. കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തിനും ഈ സമ്മേളനത്തിനുമിടയില്‍ രാജ്യത്ത് ഏഴ് എസ്എഫ്ഐപ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ഇവരില്‍ അഞ്ചുപേര്‍ ബംഗാളികളാണ്. എസ്എഫ്ഐക്കാരുടെ പോരാട്ടവീര്യത്തെ തകര്‍ക്കാന്‍ ഒരു ഗ്രനേഡിനും ജയിലിനും സാധിക്കില്ലെന്ന് ഋതബ്രത പറഞ്ഞു.
പൊതുവിദ്യാഭ്യാസ നിഷേധത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തും: പി കെ ബിജു
പാലക്കാട്: പാവപ്പെട്ടവര്‍ക്ക് പൊതുവിദ്യാഭ്യാസം നിഷേധിക്കുന്ന സര്‍ക്കാര്‍നിലപാടിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എം പി പറഞ്ഞു. എസ്എഫ്ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥിരാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശ്രമം നടക്കില്ല. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് സംഘടനയുടെ കെട്ടുറപ്പ് ശക്തിപ്പെടുത്തും. ഇന്ത്യയിലാകെ വിദ്യാര്‍ഥികളെയും നേതാക്കളെയും ജയിലിലടച്ചും മര്‍ദിച്ചും പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് നീക്കം. മതേതരവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പച്ചബ്ലൗസിനും പച്ചസാരിക്കുംപിന്നാലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവിതരണവും നിര്‍ത്തലാക്കി. പച്ചവെള്ളവും പച്ച മാങ്ങയും കഴിച്ചാല്‍ മതിയെന്ന് പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മുഖ്യമന്ത്രി എല്ലാത്തിനും കൂട്ടുനില്‍ക്കുന്നു. വിദ്യാഭ്യാസകച്ചവടക്കാരെ പ്രീണിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. വിദ്യാര്‍ഥികളുടെ കൈയുംകാലും തല്ലിയൊടിച്ച് ഭരണംനടത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ജയിലും ഗ്രനേഡുംകണ്ട് ഭയക്കുന്നരല്ല എസ്എഫ്ഐക്കാര്‍. മൂന്നുസീറ്റിന്റെ ബലത്തില്‍ മൂന്നാംമുറ പ്രയോഗമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി നടത്തുന്നതെന്ന് ബിജു പറഞ്ഞു.
റാലിയില്‍ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍
കോരിച്ചൊരിഞ്ഞ മഴയെ വക വയ്ക്കാതെയാണ് കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ റാലിയില്‍ അണിനിരന്നത്. ഗവ. വിക്ടോറിയ കോളേജ്പരിസരത്തുനിന്ന് പകല്‍ മൂന്നിന് റാലി ആരംഭിച്ചപ്പോള്‍ ത്തന്നെ മഴ ശക്തമായിരുന്നു. എന്നാല്‍, പ്രകടനത്തില്‍ അണിനിരന്ന ഒരു വിദ്യാര്‍ഥിപോലും കൊഴിഞ്ഞുപോയില്ല. മഴയില്‍ നയുമ്പോഴും സ്കൂള്‍വിദ്യാര്‍ഥികളും പെണ്‍കുട്ടികളും അടങ്ങുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് മുന്നേറി. അരമണിക്കൂറോളം മഴ നീണ്ടു. വിക്ടോറിയ കോളേജ്പരിസരത്തുനിന്ന് ആരംഭിച്ച റാലി ഹെഡ്പോസ്റ്റോഫീസ്വഴി കോര്‍ട്ട്റോഡിലൂടെ പൊതുസമ്മേളന നഗരിയായ കെ വി സുധീഷ് നഗറില്‍(കോട്ടമൈതാനത്ത്)എത്തുമ്പോഴേക്കും അന്തരീക്ഷം തെളിഞ്ഞു.
deshabhimani news
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ വികല നയത്തിനെതിരെ എല്ലാവരും അണിനിരക്കണമെന്ന് എസ്എഫ്ഐ സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്തു.
ReplyDelete