Monday, July 30, 2012

മുക്കാല്‍കോടി കിണറുകള്‍ പൊതുസ്വത്താകും


ലോകബാങ്കിന്റെയും മറ്റ് സാമ്രാജ്യത്വ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുടേയും സമ്മര്‍ദ്ദത്തിനുവഴങ്ങി കേന്ദ്രം അഞ്ചുവര്‍ഷം മുമ്പുള്ള ജലനയം തിരുത്തുന്നതിന്റെ ഫലമായി കേരളത്തിലെ മുക്കാല്‍ കോടിയോളം സ്വകാര്യ കിണറുകള്‍ പൊതുസ്വത്താകും.

ഇതിനുപുറമേ കുളങ്ങളടക്കമുള്ള ജലസ്രോതസ്സുകളും ജലാധിഷ്ഠിത വ്യവസായ കുത്തകകള്‍ക്കുവേണ്ടി തിരുത്തിയ നിര്‍ദ്ദിഷ്ട ജലനയത്തിലെ വ്യവസ്ഥകളനുസരിച്ച് ദേശസാല്‍ക്കരിക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ മഹാക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങളുടെ കുളങ്ങളും സ്വകാര്യകുളങ്ങളും ചിറകളും പൊതുസ്വത്താകും. ഈ കുളങ്ങളിലേയും കിണറുകളിലേയും മറ്റ് ജലസ്രോതസ്സുകളിലേയും ജലവിനിയോഗത്തിനു നിയന്ത്രണം വരും.

ഇവയിലെ വെള്ളം ആര്‍ക്കു വേണമെങ്കിലും വിതരണം ചെയ്യാനോ വില്‍ക്കാനോ ഉള്ള അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നതോടെയാണ് സംസ്ഥാനത്തെ മുക്കാല്‍കോടിയോളം കിണറുകള്‍ പൊതുസ്വത്താവുക. ഭൂഗര്‍ഭജല വകുപ്പ് മേധാവി എം നാസിമുദ്ദീന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സംഘം കോഴിക്കോട്ടെ ജലവിഭവ - വികസന മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാലുവര്‍ഷം മുമ്പ് നടത്തിയ പ്രഥമ 'കിണര്‍ സെന്‍സസി' ലാണ് സംസ്ഥാനത്ത് 70 ലക്ഷത്തോളം കിണറുകളുണ്ടെന്ന കണക്കെടുത്തത്.
പ്രതിവര്‍ഷം സംസ്ഥാനത്തെ കിണറുകളുടെ എണ്ണം 3.31 ശതമാനം വര്‍ദ്ധിക്കുമെന്നും അന്നു കണക്കാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് - ഫഌറ്റ് മാഫിയകളുടെ കടന്നാക്രമണത്തിനിടയില്‍ ഈ കാലയളവിനുള്ളില്‍ അസംഖ്യം കിണറുകള്‍ നികത്തപ്പെട്ടുവെങ്കിലും 75 ലക്ഷത്തോളം സ്വകാര്യ കിണറുകളെങ്കിലും സംസ്ഥാനത്തുണ്ടാകുമെന്നാണ് കണക്ക്. കിണറുകളില്‍ നിന്നുള്ള ജലവിനിയോഗത്തിന്റെ കണക്കെടുക്കാനുള്ള ആധികാരിക രേഖയാണ് ഈ സെന്‍സസ്.

എന്നാല്‍ കുഴല്‍ക്കിണറുകളുടെ അനധികൃത നിര്‍മ്മാണം വ്യാപകമായതോടെ ഭൂഗര്‍ഭജലവിതാനം ആശങ്കാവഹമാംവിധം താണതോടെ പരമ്പരാഗത കിണറുകളിലെ  ജലനിരപ്പ് അതിവേഗം താണുകൊണ്ടിരിക്കുന്നുവെന്നും ഈ പഠനത്തില്‍ തെളിഞ്ഞു.

സംസ്ഥാനത്ത് ഒരു ചതുരശ്രകിലോമീറ്ററില്‍ ശരാശരി 298 കിണറുകളാണുള്ളതെന്നും സെന്‍സസില്‍ കണ്ടെത്തി. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് കേരളത്തില്‍ ഏറ്റവുമധികം കിണര്‍ സാന്ദ്രത. ഇവിടെ ഒരു ചതുരശ്ര കിലോമീറ്ററില്‍ ആയിരത്തില്‍പരം കിണറുകളുണ്ട്.

തീരപ്രദേശത്ത് ചതുരശ്രകിലോമീറ്ററില്‍ ശരാശരി 277 കിണറുകള്‍ ഉള്ളപ്പോള്‍ മലയോരങ്ങളില്‍ അത് 117 ആണ്. അതിവേഗമുള്ള നഗരവല്‍ക്കരണവും അതിതീവ്ര ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം കിണറുകള്‍ തമ്മിലുള്ള അകലം കുറഞ്ഞതും നിയമവിരുദ്ധമായി നിര്‍മ്മിച്ച കുഴല്‍കിണറുകളുടെ ആധിക്യവും മൂലം സാധാരണ കിണറുകളിലെ ജലലഭ്യത ഗണ്യമായി കുറഞ്ഞുവരുന്നു. കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവ് വര്‍ദ്ധിച്ചതുമൂലം കിണര്‍ വെള്ളത്തിന്റെ പഴയ ശുദ്ധിയും ഇല്ലാതായെന്ന് സെന്‍സസില്‍ തെളിഞ്ഞു.
കിണറുകളിലെ ജലത്തില്‍ പലേടത്തും പുളിരസത്തിന്റെ അളവുമേറി. കുഴല്‍ക്കിണര്‍ നിര്‍മ്മാണം, നദികളിലേയും പുഴകളിലേയും അനിയന്ത്രിതമായ മണലൂറ്റ്, അശാസ്ത്രീയമായ ജലവിനിയോഗം എന്നിവ നിയന്ത്രിക്കാന്‍ വെവ്വേറെ നിയമനിര്‍മ്മാണം നടന്നില്ലെങ്കില്‍ കേരളത്തിന്റെ മരുവല്‍ക്കരണം അതിവേഗമാകുമെന്ന ആശങ്കയും വിദഗ്ധര്‍ പ്രകടിപ്പിക്കുന്നു.

janayugom 300712

2 comments:

  1. ലോകബാങ്കിന്റെയും മറ്റ് സാമ്രാജ്യത്വ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുടേയും സമ്മര്‍ദ്ദത്തിനുവഴങ്ങി കേന്ദ്രം അഞ്ചുവര്‍ഷം മുമ്പുള്ള ജലനയം തിരുത്തുന്നതിന്റെ ഫലമായി കേരളത്തിലെ മുക്കാല്‍ കോടിയോളം സ്വകാര്യ കിണറുകള്‍ പൊതുസ്വത്താകും.

    ഇതിനുപുറമേ കുളങ്ങളടക്കമുള്ള ജലസ്രോതസ്സുകളും ജലാധിഷ്ഠിത വ്യവസായ കുത്തകകള്‍ക്കുവേണ്ടി തിരുത്തിയ നിര്‍ദ്ദിഷ്ട ജലനയത്തിലെ വ്യവസ്ഥകളനുസരിച്ച് ദേശസാല്‍ക്കരിക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ മഹാക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങളുടെ കുളങ്ങളും സ്വകാര്യകുളങ്ങളും ചിറകളും പൊതുസ്വത്താകും. ഈ കുളങ്ങളിലേയും കിണറുകളിലേയും മറ്റ് ജലസ്രോതസ്സുകളിലേയും ജലവിനിയോഗത്തിനു നിയന്ത്രണം വരും.

    ReplyDelete
  2. അധികം താമസിയാതെ സ്വകാര്യ കക്കൂസുകുളും പൊതു സ്വത്തായി പ്രഖ്യാപിക്കും സര്‍ക്കാര്‍

    ReplyDelete