Friday, July 27, 2012

ചികിത്സ കിട്ടാതെ ആദിവാസി മരിച്ചു


പാലക്കാട്: രോഗിയായ ആദിവാസി ചികിത്സ കിട്ടാതെ മരിച്ചു. ഗുഡയൂര്‍ ഊരിലെ പൊടിയനാ(52)ണ് ബുധനാഴ്ച ഉച്ചയോടെ കോട്ടത്തറ ആശുപത്രിയില്‍ മരിച്ചത്. മൂന്നുവര്‍ഷമായി പൊടിയന്‍ തളര്‍വാതം പിടിപെട്ട് കിടക്കുകയായിരുന്നു. ഭാര്യയും മക്കളും ഉപേക്ഷിച്ച ഇയാള്‍ പട്ടികവര്‍ഗവകുപ്പിന്റെ കാരുണ്യാശ്രമത്തിലായിരുന്നു. അഞ്ച് മാസം മുമ്പ് ഇയാളെ സഹോദരിയായ കാളി ഗൂഡല്ലൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഇവിടെ വരാന്തയിലാണ് പൊടിയനെ കിടത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അവശ നിലയിലായ പൊടിയനെ നാട്ടുകാര്‍ പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചില്ല. ദിവസങ്ങളായി ചികിത്സ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ശരീരത്ത് പുഴുവരിച്ച നിലയിലായിരുന്നു പൊടിയന്‍. ചൊവ്വാഴ്ച പാലിയേറ്റീവ്കെയര്‍ പ്രവര്‍ത്തകരും പൊലീസും ഇടപെട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഭൂസമരം: 32 ആദിവാസികളെ ജയിലിലടച്ചു

മാനന്തവാടി: ഭൂമിക്കുവേണ്ടി സമരംചെയ്ത മാനന്തവാടിയിലെ ആദിവാസികളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. മാനന്തവാടി പഞ്ചായത്തിലെ ചോയിമൂല, കുമാരമല എന്നിവിടങ്ങളില്‍ കുടില്‍കെട്ടിയ 123 ആദിവാസികളെയാണ് നോര്‍ത്ത് വയനാട് ഡിഎഫ്ഒ കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ചോയിമൂലയില്‍ സമരം ചെയ്ത 32 പുരുഷന്മാരെയും 22 സ്ത്രീകളെയും അറസ്റ്റുചെയ്തു. പുരുഷന്മാരെ ജയിലിലടച്ചു. സ്ത്രീകളെ സ്വന്തം ജാമ്യത്തില്‍ വിട്ടു. ആദിവാസിസംഘിന്റെ പ്രവര്‍ത്തകരായ 50 പുരുഷന്മാരെയും 31 സ്ത്രീകളെയും കുമാരമലയില്‍നിന്ന് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ഭൂമിക്കുവേണ്ടി സമരംചെയ്യുന്നവരെ ജയിലിലടച്ച് സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂസമരം രമ്യമായി പരിഹരിക്കാന്‍ അഞ്ചംഗ മന്ത്രിതലസംഘം ജില്ലയിലെത്തുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാവില്ലെന്നും മുഖ്യമന്ത്രി ആദിവാസി സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പുലംഘിച്ചാണ് ആദിവാസികളെ അറസ്റ്റുചെയ്യുന്നത്.

deshabhimani 260712

No comments:

Post a Comment