Friday, July 27, 2012

ഗള്‍ഫ്-കേരള റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഇരുട്ടടി


പ്രവാസി മലയാളികളുടെ റമദാന്‍ , ഓണം അവധി യാത്ര പ്രതിസന്ധിയിലാക്കി യുഎഇ, കുവൈത്ത് സെക്ടറില്‍ പല പ്രധാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. യുഎഇ-കേരള സെക്ടറില്‍ ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം 48ല്‍നിന്ന് 28 ആക്കി. കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒക്ടോബര്‍ 27 വരെ റദ്ദാക്കി. ചെറിയപെരുന്നാളിനും ഓണത്തിനും നാട്ടില്‍ വരാനിരുന്ന ആയിരങ്ങളെ ഈ തീരുമാനം ചതിച്ചത്. ആഗസ്ത് 16 മുതല്‍ 22 വരെയാണ് യുഎഇ-കേരള സെക്ടറില്‍ 20 പ്രധാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഈ സര്‍വീസുകള്‍ ഏറെയും ദുബായില്‍നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം റൂട്ടുകളില്‍. ഇ-മെയില്‍ വഴിയാണ് റദ്ദാക്കല്‍ അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിച്ചത്. മറ്റു സ്വകാര്യ എയര്‍ലൈന്‍സുകളില്‍ ടിക്കറ്റ് ലഭിക്കാന്‍ നേരത്തെ എയര്‍ ഇന്ത്യയില്‍ ലഭിച്ച ടിക്കറ്റ് നിരക്കിന്റെ നൂറും നൂറ്റമ്പതും ശതമാനം തുക അധികം നല്‍കണം. ആ നിരക്കില്‍തന്നെ ടിക്കറ്റ് കിട്ടാനുമില്ല.

സ്വകാര്യ എയര്‍ലൈന്‍സില്‍ ദുബായില്‍നിന്നും ഇപ്പോള്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന് 2000 ദിര്‍ഹം(30,000 രൂപ) അധികം നല്‍കണം. ആഗസ്ത് 18ന് ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വണ്‍വേ ടിക്കറ്റിന് എത്തി. ഹാദ് എയര്‍വേയ്സില്‍ ഇപ്പോഴത്തെ നിരക്ക് 34,761 രൂപ. പൂര്‍ണമായും ടിക്കറ്റ് ബുക്ക് ചെയ്ത സര്‍വീസുകളാണ് റദ്ദാക്കിയത്. സര്‍വീസ് റദ്ദാക്കിയിട്ടും തുക മടക്കി നല്‍കുന്നതില്‍ എയര്‍ ഇന്ത്യ വീഴ്ച വരുത്തുന്നതായി പരാതിയുണ്ട്. എന്നാല്‍, റദ്ദാക്കിയ സര്‍വീസിലെ എല്ലാവര്‍ക്കും ടിക്കറ്റ് തുക മടക്കി നല്‍കുമെന്നും പെരുന്നാള്‍ അവധിക്ക് ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാര്‍ക്ക് പ്രത്യേക സര്‍വീസ് പരിഗണിക്കുന്നുണ്ടെന്നും ദുബായ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. കുവൈത്തില്‍നിന്ന് എല്ലാ ബുധനാഴ്ചയും കൊച്ചി വഴി കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആഗസ്ത് 1, 8, 15, 22, 29, സെപ്തംബര്‍ 2, 19, 26, ഒക്ടോബര്‍ 3, 10, 17, 24 എന്നീ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വേനലവധി കഴിയുന്ന സമയത്തെ തിരക്ക് പരിഗണിച്ച് സെപ്തംബര്‍ അഞ്ചിന് മാത്രം സര്‍വീസ് ഉണ്ടായിരിക്കുമെന്നും അറിയിച്ചു. ഈ സര്‍വീസ് ആദ്യം ജൂലൈ 31 വരെയായിരുന്നു റദ്ദാക്കിയിരുന്നത്. പിന്നീട് ആഗസ്തിലേക്കും ഇപ്പോള്‍ ബലി പെരുന്നാള്‍ യാത്ര പ്രയാസത്തിലാക്കി ഒക്ടോബര്‍ 27 വരെയും റദ്ദാക്കി. ബലി പെരുന്നാള്‍ ഒക്ടോബര്‍ 26നാണ്. ഒക്ടോബര്‍ 27 വരെ കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് പ്രതിവാരം നാലു സര്‍വീസേ ഉണ്ടാകൂ. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മംഗലാപുരം വഴി കോഴിക്കോട്ടേക്കും ശനിയാഴ്ച കൊച്ചി വഴി കോഴിക്കോട്ടേക്കുമുള്ള സര്‍വീസുകള്‍. കുവൈത്ത്-മംഗലാപുരം സര്‍വീസ് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലേക്കും മാറ്റി.
(അനസ് യാസിന്‍)

deshabhimani 270712

1 comment:

  1. പ്രവാസി മലയാളികളുടെ റമദാന്‍ , ഓണം അവധി യാത്ര പ്രതിസന്ധിയിലാക്കി യുഎഇ, കുവൈത്ത് സെക്ടറില്‍ പല പ്രധാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. യുഎഇ-കേരള സെക്ടറില്‍ ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം 48ല്‍നിന്ന് 28 ആക്കി. കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒക്ടോബര്‍ 27 വരെ റദ്ദാക്കി.

    ReplyDelete