Thursday, July 26, 2012

കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ സാന്നിധ്യം: സര്‍ക്കാര്‍


സംസ്ഥാനത്ത് സിപിഐ എം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട 27 കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പങ്കാളിത്തമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവ വര്‍ഗീയ കൊലപാതകങ്ങളായിരുന്നുവെന്നും വ്യക്തിപരമല്ലായിരുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ടിന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നതരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം. ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഫ്രീഡംപരേഡിന് അനുമതി തേടി നല്‍കിയ അപേക്ഷ പരിഗണിച്ചില്ലെന്നു കാട്ടി പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സര്‍ക്കാര്‍ വിശദീകരണം.

ഈ മുസ്ലിം തീവ്രവാദസംഘടന പ്രവര്‍ത്തിക്കുന്നത് രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധമായാണ്. ഇവര്‍ സാമുദായികസ്പര്‍ധ വളര്‍ത്തുന്നവരും ദേശവിരുദ്ധ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവരുമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ചെയര്‍മാന്‍ അബ്ദുള്‍റഹ്മാന്‍, സംസ്ഥാന സെക്രട്ടറി അബ്ദുള്‍ഹമീദ് മാസ്റ്റര്‍, നേതാക്കളായ ഇ അബൂബക്കര്‍, പി കോയ തുടങ്ങിയവര്‍ സിമിയുടെ ദേശീയ-സംസ്ഥാന ഭാരവാഹികളായിരുന്നുവെന്നും മറ്റ് സമുദായാംഗങ്ങള്‍ ആരും പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമുദായാംഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നു പ്രചരിപ്പിക്കുകയും ക്രിമിനല്‍പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഫ്രീഡം പരേഡ് അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് നിയമപരമല്ലെന്നും അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുകയാണു വേണ്ടതെന്നും ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍നായര്‍ അഭിപ്രായപ്പെട്ടു. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം ഏഴുദിവസംമുമ്പ് നല്‍കുന്ന അപേക്ഷമാത്രമേ പരിഗണിക്കാവൂ എന്നും അപേക്ഷ വളരെ നേരത്തെ നല്‍കിയതിനാലാണ് പരിഗണിക്കാതിരുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കൊല്ലം, ഈരാറ്റുപേട്ട, പൊന്നാനി എന്നിവിടങ്ങളില്‍ ഫ്രീഡം പരേഡ് നടത്തുന്നതിനാണ് പോപ്പുലര്‍ ഫ്രണ്ട് അനുമതി തേടിയത്.

deshabhimani 260712

No comments:

Post a Comment