Friday, July 27, 2012

എന്‍ഡോസള്‍ഫാന്‍: എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തും


രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗം വീണ്ടും അനുവദിക്കണമെന്ന കേന്ദ്രനിലപാടിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആരംഭിക്കുമ്പോള്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കേന്ദ്രനിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചു.

എക്സല്‍, കോറമൊന്‍ഡല്‍ തുടങ്ങിയ സ്വകാര്യ കീടനാശിനി കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് എന്‍ഡോസള്‍ഫാന്‍ അനുകൂലനിലപാട് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. അവശേഷിച്ച എന്‍ഡോസള്‍ഫാന്‍ എങ്ങനെ ഇല്ലാതാക്കാമെന്നതിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഏപ്രിലില്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം കേന്ദ്രം മുന്നോട്ടുവയ്ക്കട്ടെയെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് കീടനാശിനി കമ്പനികളായിരുന്നു. തങ്ങള്‍ക്ക് പറയാനുള്ളത് സര്‍ക്കാരിനെക്കൊണ്ട് കോടതിയില്‍ പറയിക്കാമെന്ന തന്ത്രമാണ് കമ്പനികള്‍ പയറ്റിയത്. കമ്പനികള്‍ ആഗ്രഹിച്ചവിധം സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതാക്കാന്‍ സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് 11 വര്‍ഷംവരെ സമയമുണ്ടെന്ന വാദമാണ് കീടനാശിനി കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാലമത്രയും കീടനാശിനി വില്‍പ്പന തടസ്സമില്ലാതെ കൊണ്ടുപോകാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. അതിന് വഴിയൊരുക്കുംവിധമാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേരളത്തിലും കര്‍ണാടകത്തിലും എന്‍ഡോസള്‍ഫാന്‍ ഉപയോഗം വേണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ കച്ചവടം തകൃതിയായാല്‍ കേരളത്തിലുമെത്തും. കാസര്‍കോട് ദുരന്തത്തിനുശേഷം കേരളത്തില്‍ ഉപയോഗം നിരോധിച്ചെങ്കിലും തമിഴ്നാട്ടില്‍നിന്ന് മറ്റും കീടനാശിനി അതിര്‍ത്തി കടന്നെത്തി.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം കാസര്‍കോട്ട് സൃഷ്ടിച്ച ദുരന്തം വിവരിച്ച് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കീടനാശിനി കമ്പനികള്‍ക്കും കേന്ദ്രത്തിനും കനത്ത ആഘാതമായിരുന്നു വിധി. മുതിര്‍ന്ന അഭിഭാഷകരെവച്ച് കേസ് നടത്തുന്ന കീടനാശിനി കമ്പനികള്‍ കേന്ദ്രത്തെ കൂട്ടുപിടിച്ച് ഏതുവിധവും നിരോധനം മറികടക്കാനുള്ള ശ്രമത്തിലാണ്. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്റെ വിപത്ത് വിശദമാക്കുന്ന ശില്‍പ്പശാല നടക്കുന്ന ദിവസംതന്നെ കേന്ദ്രം എന്‍ഡോസള്‍ഫാന്‍ അനുകൂല സത്യവാങ്മൂലം സമര്‍പ്പിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് പി കരുണാകരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വലിയ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന കീടനാശിനിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ കീടനാശിനി കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍.

deshabhimani 270712

1 comment:

  1. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗം വീണ്ടും അനുവദിക്കണമെന്ന കേന്ദ്രനിലപാടിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആരംഭിക്കുമ്പോള്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കേന്ദ്രനിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചു.

    ReplyDelete