Tuesday, July 31, 2012

ലീഗിന് കീഴടങ്ങും; എയ്ഡഡ് പദവി ഉടന്‍


കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ സ്വകാര്യമേഖലയില്‍ ആരംഭിച്ച മലബാറിലെ 33 സ്കൂളിനും മുസ്ലിംലീഗിന് കീഴടങ്ങി, എയ്ഡഡ് പദവി നല്‍കും. എയ്ഡഡാക്കിയാല്‍ വര്‍ഷം 12 കോടിയിലേറെ രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ധനവകുപ്പിന്റെ എതിര്‍പ്പ് വകവയ്ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചതായി ലീഗ് നേതൃത്വം വ്യക്തമാക്കി. ഈ സ്കൂളുകളില്‍ നിയമനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമുണ്ടാവില്ലെന്നും പകരം അധ്യാപക പാക്കേജ് പ്രകാരമുള്ള അധ്യാപകബാങ്കില്‍നിന്ന് നിയമനം നടത്തുമെന്നുമുള്ള വ്യവസ്ഥ തല്‍ക്കാലത്തേക്ക് എഴുതിച്ചേര്‍ത്ത് ജനരോഷത്തെ മറികടക്കാനുള്ള തന്ത്രമാണ് ആലോചിക്കുന്നത്. ഘട്ടംഘട്ടമായി ഈ വ്യവസ്ഥ എടുത്തുകളയാമെന്നും ലീഗ് നേതൃത്വത്തിന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. യുഡിഎഫില്‍ ലീഗൊഴിച്ചുള്ള ഘടകകക്ഷികളും കോണ്‍ഗ്രസിലെ ചില നേതാക്കളും ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധം മറികടക്കാനാണ് താല്‍ക്കാലികമായി, നിയമനകാര്യത്തില്‍ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കുന്നത്.

സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പുറത്തായപ്പോള്‍ ധനവകുപ്പിന്റെ അംഗീകാരത്തിന് വിധേയമായും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്തുംമാത്രമേ അന്തിമ നിലപാടെടുക്കൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എയ്ഡഡാക്കുന്നതിനെതിരെ പിന്നീട്, യുഡിഎഫ് യോഗത്തില്‍ ശക്തമായ വികാരം ഉയര്‍ന്നെങ്കിലും ലീഗ് എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനമൊന്നുമെടുത്തില്ല. ഇപ്പോള്‍ ധനവകുപ്പ് കൂടി എതിര്‍ത്തതോടെ മുസ്ലിംലീഗിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിന് കീഴടങ്ങുകയാണ്.

മുമ്പ് അഞ്ചാംമന്ത്രി സ്ഥാനമെന്ന പോലെ സ്കൂള്‍വിഷയവും ലീഗ് അഭിമാനപ്രശ്നമായാണ് അവതരിപ്പിക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലിശിഹാബ് തങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്കൂള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ഇതിനു കാരണമായി പറയുന്നത്. പിന്നോക്കമേഖലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം പ്രകാരം തുടങ്ങിയ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഫയല്‍ തയ്യാറാക്കിയത് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്നാണ്. ഈ ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയായി വയ്ക്കുന്നതിന്റെ മുന്നോടിയായി, വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് അയച്ചിരുന്നു. ഇതില്‍ ധനവകുപ്പ് ചില വിശദീകരണം ചോദിച്ചെങ്കിലും വിദ്യാഭ്യാസവകുപ്പ് നല്‍കിയില്ല. പകരം ധനവകുപ്പിനെ മറികടന്ന് നേരിട്ട് മന്ത്രിസഭായോഗത്തില്‍ അജന്‍ഡയാക്കി എയ്ഡഡ് പദവി നേടിയെടുക്കുകയായിരുന്നു. ഈ തീരുമാനം വിശദീകരിച്ച മുഖ്യമന്ത്രിയാകട്ടെ സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലാക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവെ എയ്ഡഡ് പദവി നല്‍കാനാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കിയതോടെയാണ് സംഭവം വിവാദമായത്്. ഒടുവില്‍ ലീഗിന് വഴങ്ങി ഈ തീരുമാനം നടപ്പാക്കുന്നതോടെ, യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ഘടകകക്ഷികളും ഒരിക്കല്‍കൂടി ഭരണത്തിനു മുന്നില്‍ നോക്കുകുത്തിയാവുകയാണ്.

deshabhimani 310712

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ സ്വകാര്യമേഖലയില്‍ ആരംഭിച്ച മലബാറിലെ 33 സ്കൂളിനും മുസ്ലിംലീഗിന് കീഴടങ്ങി, എയ്ഡഡ് പദവി നല്‍കും. എയ്ഡഡാക്കിയാല്‍ വര്‍ഷം 12 കോടിയിലേറെ രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ധനവകുപ്പിന്റെ എതിര്‍പ്പ് വകവയ്ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചതായി ലീഗ് നേതൃത്വം വ്യക്തമാക്കി

    ReplyDelete