Monday, July 30, 2012

അവകാശബോധത്തോടെ വീണ്ടും സമരഭൂമിയില്‍


മേപ്പാടി: കുഞ്ഞുകുട്ടി പരിവാരങ്ങളുമൊത്ത് അവര്‍ വീണ്ടും സംസ്കാരത്തിന്റെ മടിത്തട്ടിലെത്തി. വിരുന്നെത്തിയവര്‍ ആട്ടിപ്പായിച്ച അതേവനത്തിനുള്ളിലേക്ക് അവകാശസമരത്തിന്റെ ചെങ്കൊടി നാട്ടി. വനഭൂമിയുടെ നേരവകാശികളാണ് തങ്ങളെന്ന് ഉച്ചൈസ്ഥരം അവര്‍ ഉദ്ഘോഷിച്ചു. ആദിവാസി ഭൂസമരം കൂടുതല്‍ തീക്ഷ്ണമാകുകയാണ്.

ഭൂസമരസഹായസമിതി- ആദിവാസിക്ഷേമസമിതി പ്രവര്‍ത്തകര്‍ക്കൊപ്പം നൂറിലധികം ആദിവാസികളാണ് മേപ്പാടിയിലെ നിക്ഷിപ്ത വനഭൂമിയില്‍ വീണ്ടും അവകാശം സ്ഥാപിച്ചത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാലയിലും ആനക്കാട്ടിലും കണിയാമ്പറ്റ, മുട്ടില്‍ പഞ്ചായത്തുകളില്‍ നിന്നെത്തിയ 51 കുടുംബങ്ങളാണ് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചത്. നെടുമ്പാലയില്‍ പടവയല്‍, കൊല്ലിവയല്‍, എടക്കൊമ്പം, ആലന്തട്ട, കോളനികളില്‍ നിന്നെത്തിയ 18 കുടുംബങ്ങളില്‍ നിന്നായി 44 ആദിവാസികള്‍ കുടിലുകള്‍ കെട്ടി. പൂത്തക്കൊല്ലി എസ്റ്റേറ്റില്‍നിന്ന് മിച്ചഭൂമിയായി പിടിച്ചെടുത്ത 25 ഏക്കര്‍ ഭൂമിയിലാണ് ആദിവാസികള്‍ അവകാശം സ്ഥാപിച്ചത്. കരണിയിലെ കല്ലുവയല്‍ കോളനി, കൂടോത്തുമ്മല്‍ പുത്തന്‍വീട് കോളനി, വയല്‍ കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള 33 പണിയ കുടുംബങ്ങളാണ് ആനക്കാട്ടില്‍ കുടില്‍ കെട്ടിസമരം തുടങ്ങിയത്. 42 സ്ത്രീകളും 45 പുരുഷന്മാരും 11 കുട്ടികളുമാണ് സമരകേന്ദ്രങ്ങളില്‍ കഴിയുന്നത്. അരിയുള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ സഹിതം തയ്യാറെടുപ്പുകളോടെയാണ് ആദിവാസികള്‍ സമരഭൂമിയിലെത്തിയത്. അറസ്റ്റും ജയിലുമൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് അവര്‍ അചഞ്ചലമായി പറഞ്ഞു. ഭൂമി കിട്ടുംവരെ സമരം തുടരും. ജയില്‍ വാസം വരിക്കേണ്ടിവന്നാല്‍ ജയിലില്‍ നിന്ന് തിരിച്ചെത്തുന്നതും ഈ സമരകേന്ദ്രത്തിലേക്ക് തന്നെയായിരിക്കും- ആദിവാസികള്‍ ഉറപ്പിച്ച് പറഞ്ഞു.

മെയ് ഏഴിന് ചീയമ്പത്തും വഞ്ഞോടുമാണ് ആദിവാസി ഭൂസമരത്തിന്റെ മൂന്നാംഘട്ടം തുടങ്ങിയത്. തുടക്കത്തില്‍ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആദിവാസികളെയും സര്‍ക്കാര്‍ ജയിലിലടച്ചു. ആദിവാസി ക്ഷേമസമിതിക്കൊപ്പം മറ്റ് സംഘടനകളും സമരത്തില്‍ പങ്കാളികളാകുന്നുണ്ടെങ്കിലും അവര്‍ കോടതിയില്‍ നിന്നും ജാമ്യമെടുക്കുകയാണ്. 50 സമര കേന്ദ്രങ്ങളിലായി 2500 ലധികം ആദിവാസികള്‍ ഇപ്പോള്‍ സമരരംഗത്താണ്. 890 പേര്‍ ഇപ്പോഴും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജയിലുകളിലാണ്. എന്നാല്‍ ഭൂസമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. ജൂണ്‍ 14ന് ആദിവാസിസംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചക്കകം മന്ത്രിസഭ ഉപസമിതി ജില്ല സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലയിലെത്തിയ മുഖ്യമന്ത്രി ആദിവാസികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടപ്പായില്ല.മാത്രമല്ല ഭൂമി വിതരണം ചെയ്യാനുള്ള നടപടികളും എവിടെയുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭൂസമരം കൂടുതല്‍ ശക്തമാക്കാന്‍ ഭൂസമരസഹായസമിതി തീരുമാനിച്ചത്.

നിയമം ലംഘിക്കുന്നത് സര്‍ക്കാര്‍: സി കെ ശശീന്ദ്രന്‍

മേപ്പാടി: ആദിവാസികള്‍ക്ക് നിയമപ്രകാരം നല്‍കാനുളള ഭൂമി വിതരണം ചെയ്യാതെ സര്‍ക്കാരാണ് നിയമം ലംഘിക്കുന്നതെന്ന് ഭൂസമര സഹായസമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ പറഞ്ഞു. നെടുമ്പാലയില്‍ ഭൂസമരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം വിതരണം ചെയ്യണമെന്ന് നിയമമുണ്ട്. ഇത് നടപ്പാക്കുന്നതിന് പകരം ജനാധിപത്യമാര്‍ഗത്തിലൂടെ സമരം ചെയ്യുന്ന ആദിവാസികളെ അടിച്ചമര്‍ത്തുകയാണ്. സമരത്തില്‍ പങ്കെടുത്ത 1769 ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.സ്ത്രീകളും കുട്ടികളുമടക്കം 800ലധികം പേര്‍ ഇപ്പോഴും ജയിലുകളിലാണ്. ആദിവാസികള്‍ ജയിലില്‍ കിടക്കുമ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയില്ല. ആഗസ്ത് 15ന് വലിയൊരു പ്രക്ഷോഭത്തിന് ജില്ല സാക്ഷ്യം വഹിക്കും.കൂടാതെ ജയിലില്‍ 30 മുതല്‍ ആദിവാസികള്‍ നിരാഹാരസമരം ആരംഭിക്കുമെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു.

കെ ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി എ സുബ്രഹ്മണ്യന്‍ സംസാരിച്ചു. വി ഗിരീഷ് സ്വാഗതം പറഞ്ഞു. ആനക്കാട് എകെഎസ് ജില്ലാപ്രസിഡന്റ് സീതബാലന്‍ ഉദ്ഘാടനംചെയ്തു.ഗോപി അധ്യക്ഷനായി. സണ്ണിഡാനിയേല്‍ സംസാരിച്ചു.

deshabhimani 300712

1 comment:

  1. കുഞ്ഞുകുട്ടി പരിവാരങ്ങളുമൊത്ത് അവര്‍ വീണ്ടും സംസ്കാരത്തിന്റെ മടിത്തട്ടിലെത്തി. വിരുന്നെത്തിയവര്‍ ആട്ടിപ്പായിച്ച അതേവനത്തിനുള്ളിലേക്ക് അവകാശസമരത്തിന്റെ ചെങ്കൊടി നാട്ടി. വനഭൂമിയുടെ നേരവകാശികളാണ് തങ്ങളെന്ന് ഉച്ചൈസ്ഥരം അവര്‍ ഉദ്ഘോഷിച്ചു. ആദിവാസി ഭൂസമരം കൂടുതല്‍ തീക്ഷ്ണമാകുകയാണ്.

    ReplyDelete