Tuesday, July 31, 2012
ലാലൂര്‍: സിപിഐ എം നേതൃത്വത്തില്‍ ഇന്ന് മാലിന്യം തള്ളല്‍ സമരം
തൃശൂര്‍ നഗരത്തിലെ മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച കോര്‍പറേഷന്‍ വളപ്പില്‍ മാലിന്യം തള്ളുന്ന ജനകീയ മാര്‍ച്ച് നടത്തും. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പകല്‍ 11ന് സമരം ഉദ്ഘാടനം ചെയ്യും.
നഗരത്തില്‍ മാലിന്യനീക്കം നിലച്ചിട്ട് 23ന് ആറുമാസം കഴിഞ്ഞു. തെരുവോരങ്ങളും മാര്‍ക്കറ്റുകളും മാലിനമയമാണ്. മഴയായതോടെ ഇവ ഒഴുകി വെള്ളത്തില്‍ കലരുകയും പലവിധ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ദുര്‍ഗന്ധം മൂലവും മാലിന്യം കത്തിക്കുന്ന പുക മൂലവും ജനജീവിതം ദുസ്സഹമാണ്. ഇത്രയും ഗുരുതര വിഷയമായിട്ടും നടപടിയെടുക്കാതെ അലംഭാവം കാട്ടുകയാണ് മേയറും കോര്‍പറേഷന്‍ ഭരണവും. പ്രശ്നം പരിഹരിക്കേണ്ടവരില്‍ നിര്‍ണായക സ്ഥാനമുള്ള ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലീവെടുത്ത് ഉല്ലാസയാത്രയിലാണെന്ന് പറയുന്നു. തനിക്കൊന്നും ചെയ്യാനില്ലെന്ന നിലപാടെടുക്കുന്ന മേയര്‍ മുന്‍ഭരണസമിതിയുടെ കാലത്ത് സര്‍വകക്ഷി യോഗം അംഗീകരിച്ച ലാംപ്സ് പദ്ധതി അട്ടിമറിക്കുകയാണ്. നഗരമാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് എടുക്കുന്ന നടപടികള്‍ക്ക് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തും സുതാര്യവുമായിരിക്കണം നടപടികള്‍. ഇക്കാര്യം പലവട്ടം മേയറടക്കമുള്ളവരെ അറിയിച്ചിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് മാലിന്യം കോര്‍പറേഷന്‍ വളപ്പില്‍ തള്ളുന്നതടക്കമുള്ള ശക്തമായ സമരങ്ങള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കുന്നത്.
കാറ്റിന് മരണഗന്ധം
"ഞങ്ങള്‍ക്കുണ്ടായ ദുരന്തം ഇനിയാര്‍ക്കും ഉണ്ടാകരുത്. ലാലൂരിലെ വിഷവായുവാണ് ഞങ്ങള്‍ക്ക് ദുരന്തം സമ്മാനിച്ചത്. എന്നാണ് ഇതില്‍നിന്നെല്ലാം മോചനവും പരിഹാരവും"- ലാലൂര്‍ ശാസ്ത്രിലെയ്നില്‍ കുഴുപ്പുള്ളി പരേതനായ ബേബിയുടെ ഭാര്യ ആനി ചോദിച്ചു. ലാലൂരിലെ വിഷവായുവാണ് ആനിയുടെ ഭര്‍ത്താവ് ബേബിയുടെ ജീവനെടുത്തത്. പതിനേഴുവര്‍ഷം മുമ്പുണ്ടായ ദുരന്തത്തില്‍ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.
1995 മാര്‍ച്ച് 29- ലാലൂരിലെ വിഷവായു അനാഥമാക്കിയത് മൂന്ന് കുടുംബങ്ങളെ. കിണറ്റിലെ വിഷവായു ശ്വസിച്ചാണ് ശാസ്ത്രിലെയ്നില്‍ കുഴുപ്പുള്ളി വീട്ടില്‍ ബേബി(44), അക്കര വീട്ടില്‍ ജെയിംസ്(32), പുതൂര്‍ക്കര സ്വദേശി ശ്രീകുമാര്‍ (31) എന്നിവര്‍ മരിച്ചത്. ജയിംസും ശ്രീകുമാറും സുഹൃത്തുക്കള്‍. മുംബൈയില്‍ ഹോട്ടല്‍ മാനേജരായിരുന്നു ജയിംസ്. അവധിക്ക് നാട്ടില്‍ വന്ന സുഹൃത്തിനെ കാണാനെത്തിയതായിരുന്നു ശ്രീകുമാര്‍. സംസാരിച്ചിരിക്കുമ്പോഴാണ് അയല്‍വാസിയായ ബേബിയുടെ വീട്ടില്‍ ബഹളം കേട്ടത്. കിണറ്റില്‍ വീണ കപ്പെടുക്കാന്‍ ഇറങ്ങിയ ബേബി കിണറ്റിനുള്ളില്‍ കുഴഞ്ഞുവീണു. രക്ഷിക്കാനായി ശ്രീകുമാറാണ് കിണറ്റിലേക്ക് ആദ്യം ഇറങ്ങിയത്. കുഴഞ്ഞുവീണ ശ്രീകുമാറിനെ രക്ഷിക്കാനിറങ്ങിയ ജയിംസും കുഴഞ്ഞുവീണു. ഫയര്‍ഫോഴ്സെത്തി മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നിര്‍മാണത്തൊഴിലാളിയായ ബേബിയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. "സഹായത്തിന് ആരുമുണ്ടായിരുന്നില്ല, ഏറെ കഷ്ടപ്പെട്ടു"- ആനി പറഞ്ഞു. ആ കിണര്‍ പിന്നീട് മണ്ണിട്ടുമൂടി. അന്ന് ബേബിയുടെ മകന്‍ ജോമോന്‍ വിദ്യാര്‍ഥിയായിരുന്നു. ഇപ്പോള്‍ ബില്‍ഡിങ് കരാറുകാരനാണ്. കുടുംബവുമായി.
ജയിംസിന്റെയും ഷാജിയുടെയും വിവാഹം കഴിഞ്ഞ് ഏറെ കഴിയും മുമ്പേയായിരുന്നു ദുരന്തം. എല്ലാ സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞ ദിനം ഷാജി മറക്കാന്‍ ശ്രമിക്കുകയാണ്. സ്വകാര്യ മെഡിക്കല്‍ഷോപ്പിലെ ജീവനക്കാരിയാണ് ഷാജി.
മാലിന്യം ലാലൂരുകാര്‍ക്ക് സമ്മാനിച്ചത് നിരവധി രോഗങ്ങള്‍. ത്വക്രോഗങ്ങളും ശ്വാസകോശരോഗങ്ങളും ബാധിച്ചവര്‍ നിരവധി. ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ വര്‍ഷങ്ങളായുള്ള മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നു. മഴയില്‍ ദുരിതം പതിന്മടങ്ങാകും. മലിനജലം വീടുകളിലേക്ക് ഒഴുകിയെത്തും, "തീരാത്ത ദുരിതം"- വാഴപ്പിള്ളി വീട്ടില്‍ യേശുദാസും ലാലൂര്‍ എടക്കളത്തൂര്‍ വീട്ടില്‍ മേരിയും പറഞ്ഞു. മഴയെത്തിയാല്‍ വലിയ കറുത്ത പുഴുക്കള്‍ അരിച്ചെത്തും. ലാലൂരില്‍ മാത്രം കാണുന്ന പുഴു-പത്താം ക്ലാസ് വിദ്യാര്‍ഥി ഗോഡ്സണ്‍ ബാബു പറഞ്ഞു. ഈച്ചയും രൂക്ഷഗന്ധവുംമൂലം ഏറെ ബുദ്ധിമുട്ട്-കോമ്പാറക്കാരന്‍ ജോണ്‍സണും തറയില്‍ സിന്ധുവും പറഞ്ഞു. ലാലൂരെന്നു കേട്ടാല്‍ വിവാഹാലോചനകള്‍പോലും മുടങ്ങുമെന്ന നില. വിവാഹച്ചടങ്ങുകളും മറ്റു ചടങ്ങുകളും ഉപേക്ഷിക്കുന്നു. വിഷപ്പുക ശ്വസിച്ച് നിരവധി പേരാണ് ആശുപത്രിയിലായത്. മാലിന്യം എത്താത്തതുകൊണ്ട് അല്‍പ്പം ആശ്വാസമുണ്ടെങ്കിലും വര്‍ഷങ്ങളായി കിടക്കുന്ന മാലിന്യത്തിന്റെ രൂക്ഷഗന്ധംമൂലം ശ്വാസംമുട്ടിയാണ് ലാലൂര്‍ കഴിയുന്നത്. മാറിമാറി വന്ന യുഡിഎഫ് ഭരണസമിതികള്‍ നീണ്ടവര്‍ഷമാണ് തൃശൂര്‍ നഗരസഭയില്‍ വാണത്. ഈ കാലം ലാലൂരിനെ വിഷലിപ്തമാക്കുകയും പോംവഴികള്‍ക്കുള്ള വാതിലുകള്‍ പലതും അടയ്ക്കുകയും ചെയ്തു. ലാലൂരിന്റെ ആ പഴയകഥ നാളെ..
ചതിയുടെ തുടര്‍ക്കഥ
ലാലൂരിലെ ജനവാസകേന്ദ്രമായി മാറിയതോടെയാണ് യുഡിഎഫ് ഭരണസമിതികളുടെ ചതികളുടെയും ലാലൂര്‍ക്കാരുടെ ദുരിതത്തിനും തുടക്കമായത്. ലാലൂര്‍ സമരം സ്വാതന്ത്ര്യലബ്ധിക്കു പിറകെ 1947-48 കാലത്ത് തുടങ്ങി. ആദ്യകാലത്ത് നഗരത്തില്‍ കുഴിക്കക്കൂസായിരുന്നു നിലനിന്നിരുന്നത്. കൈവണ്ടികളില്‍ കൊണ്ടുവന്ന മലം ലാലൂര്‍ ട്രഞ്ചിങ്ഗ്രൗണ്ടില്‍ നിക്ഷേപിച്ചത് പ്രതിഷേധമുയര്‍ത്തി. ഒടുവില്‍ പ്ലാന്റ് സ്ഥാപിച്ചു. അപ്പോഴേക്കും സെപ്റ്റിക് ടാങ്ക് സംവിധാനമായി. പ്ലാന്റ് നോക്കുകുത്തിയായി. ലക്ഷങ്ങള്‍ വെള്ളത്തിലും. മാലിന്യപ്രശ്നം രൂക്ഷമായതോടെ 1989ല്‍ ലാലൂര്‍ നിവാസി നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിയമിച്ച എം എന്‍ സോമന്‍ കമീഷന്‍ ട്രഞ്ചിങ്ഗ്രൗണ്ട് സന്ദര്‍ശിച്ചു. പ്രാകൃതവും മനുഷ്യജീവിതത്തെ ബാധിക്കുന്നതുമാണ് മാലിന്യനിക്ഷേപമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ വഞ്ചന പുറത്തായി. മലിനീകരണം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ 92 മാര്‍ച്ച് അഞ്ചിന് നഗരസഭയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നു. എന്നാല്‍ നഗരസഭ ഉറപ്പ് പാലിച്ചില്ല.
1995ല്‍ ലാലൂരിലുണ്ടായ മൂന്നുമരണം ലാലൂരിലെ ഭീകരാവസ്ഥ പുറത്തുകൊണ്ടുവന്നു. മരിച്ച ബേബിയുടെ ഭാര്യ ആനിയും മറ്റു 120 പേരും നല്‍കിയ പരാതിയില്‍ ആര്‍ഡിഒ ഡോ. വി എം ഗോപാലമേനോന്‍ ഇടപെട്ടു. ലാലൂരില്‍ മാലിന്യം തള്ളരുതെന്ന് ആര്‍ഡിഒ നിര്‍ദേശം നല്‍കി. ഈ ഉത്തരവിനെതിരെയും നഗരസഭ ഹൈക്കോടതിയിലെത്തി. ഒടുവില്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് പ്രഖ്യാപിച്ചു. കോര്‍പറേഷനിലെ മുന്‍ യുഡിഎഫ് ഭരണസമിതിയാണ് യന്ത്രവല്‍കൃത പ്ലാന്റ് സ്ഥാപിച്ചത്. കരാറിലെ അഴിമതിയെച്ചൊല്ലി ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ ശണ്ഠയായി. കരാറിനും അഴിമതിക്കും എതിരെ ശബ്ദിച്ച എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ കൗണ്‍സില്‍ ഹാളില്‍ കയറി പൊലീസ് പിടിച്ചുകൊണ്ടുപോയി. പാളിച്ചയുണ്ടെന്ന് വ്യക്തമായ ആദ്യകരാര്‍ റദ്ദാക്കി മറ്റൊരു കരാറിലൂടെ പ്ലാന്റ് കൊണ്ടുവന്നു. ലക്ഷങ്ങളുടെ വിദേശനിര്‍മിത യന്ത്രങ്ങള്‍ മാലിന്യപ്രശ്നത്തിന് പരിഹാരമാണെന്നും പ്രചരിപ്പിച്ചു. എന്നാല്‍ മാലിന്യം സംസ്കരിക്കാനാവാതെ മെഷീനുകള്‍ ഉപയോഗശൂന്യമായി. ഒഴുക്കിക്കളഞ്ഞത് ഖജനാവിലെ കോടികള്‍. പൊടിതട്ടി കമ്പനിക്കാരും പോയി. പിന്നീട് വന്ന എല്‍ഡിഎഫ് ഭരണസമിതിയാണ് മാലിന്യസംസ്കരണത്തിന് വികേന്ദ്രീകൃതസംവിധാനം എന്ന ആശയം കൊണ്ടുവന്നത്. ഏവരാലും അംഗീകരിക്കപ്പെട്ട ആശയമായിരുന്നു അത്. സിപിഐ എം ജില്ലാ നേതൃത്വം പ്രശ്നം ഏറ്റെടുത്തു. പ്രൊഫ. പത്തിയൂര്‍ ഗോപിനാഥിന്റെ ലാംപ്സ് യുഡിഎഫ് ഉള്‍പ്പെടെ ഏവരും അംഗീകരിച്ചു. പദ്ധതിക്ക് തുടക്കവുമായി.
deshabhimani news
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment