Saturday, July 28, 2012

കോംട്രസ്റ്റ് ഏറ്റെടുക്കലിലൂടെ നടപ്പായത് എല്‍ഡിഎഫ് നയം


കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലൂടെ നടപ്പായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. കോമണ്‍വെല്‍ത്ത് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി നെയ്ത്ത് ഫാക്ടറിയും അനുബന്ധ സ്ഥലങ്ങളുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സ്ഥലവും ഭൂമിയും ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സാണ് മന്ത്രിസഭ നടപ്പാക്കിയത്. ഫാക്ടറി വില്‍ക്കാനുള്ള ശ്രമം മാനേജ്മെന്റ് ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനാണ് സ്ഥലവും ഫാക്ടറിയും ഏറ്റെടുക്കുക.

ഫാക്ടറി കെട്ടിടം വ്യവസായ മ്യൂസിയമാക്കി നിലനിര്‍ത്താനും ഉപയോഗിക്കാതെകിടക്കുന്ന ഒന്നര ഹെക്ടറിലധികം സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ നെയ്ത്ത് ഫാക്ടറി പണിയാനും കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ നിര്‍ദേശിച്ചിരുന്നു. മന്ത്രിസഭ അംഗീകരിച്ച ഏറ്റെടുക്കല്‍ ബില്ലിലും ഇതേ നിര്‍ദേശങ്ങളാണ്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനാണ് യന്ത്രവത്കൃത നെയ്ത്ത് ഫാക്ടറി സ്ഥാപിക്കുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നെയ്ത്ത് ഫാക്ടറിക്കായി കെഎസ്ഐഡിസി രൂപരേഖ തയ്യാറാക്കി ഫണ്ടും വകയിരുത്തിയിരുന്നു. 2010 ജൂണിലാണ് കോംട്രസ്റ്റ് ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചെങ്കിലും ബില്ലാക്കി മാറ്റുന്നതിനായി തിരിച്ചയച്ചു. ഓര്‍ഡിനന്‍സ് തിരിച്ചുവരുന്നതിന് നാല് മാസം വൈകി. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഓര്‍ഡിനന്‍സ് ബില്ലാക്കുന്നതിന് സാധിച്ചില്ല.

തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ബില്ലാക്കുന്നതിന് നടപടി ആരംഭിച്ചത്. നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അകാരണമായി നീട്ടി. അഞ്ചാംസമ്മേളനത്തിലാണ് ബില്‍ പാസാക്കിയത്. ബില്‍ വൈകിയതിനെത്തുടര്‍ന്ന് ഇരുനൂറോളം തൊഴിലാളികള്‍ കോംട്രസ്റ്റ് പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ ആനുകൂല്യം വാങ്ങി പിരിഞ്ഞു. കോംട്രസ്റ്റ് വിറ്റ സ്ഥലങ്ങളും വിപണിവില നല്‍കി ഏറ്റെടുക്കും. 38.4 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. 4.61 കോടി രൂപയ്ക്ക് 45 സെന്റും 12.35 കോടിക്ക് 1.23 ഏക്കറുമാണ് രണ്ട് സ്ഥാപനങ്ങള്‍ക്കായി ട്രസ്റ്റ് വിറ്റത്. കമ്പോള വിലയ്ക്കൊപ്പം 12.5 ശതമാനം പലിശയും നല്‍കുമെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 3.82 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. സ്വയം വിരമിക്കല്‍ ആനുകൂല്യം കൈപ്പറ്റാത്തവര്‍ക്ക് നെയ്ത്ത് ഫാക്ടറിയില്‍ ജോലി ലഭിക്കും. എ പ്രദീപ്കുമാറടക്കമുള്ള എല്‍ഡിഎഫ് എംഎല്‍എമാരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ബില്‍ അവതരിപ്പിച്ചത്. 150 വര്‍ഷത്തിലേറെ പഴക്കമുള്ള സ്ഥാപനം കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് 2009 ഫെബ്രുവരി ഒന്നിനാണ് മാനേജ്മെന്റ് അടച്ചൂപൂട്ടിയത്.

deshabhimani 280712

1 comment:

  1. കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലൂടെ നടപ്പായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. കോമണ്‍വെല്‍ത്ത് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി നെയ്ത്ത് ഫാക്ടറിയും അനുബന്ധ സ്ഥലങ്ങളുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സ്ഥലവും ഭൂമിയും ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സാണ് മന്ത്രിസഭ നടപ്പാക്കിയത്. ഫാക്ടറി വില്‍ക്കാനുള്ള ശ്രമം മാനേജ്മെന്റ് ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനാണ് സ്ഥലവും ഫാക്ടറിയും ഏറ്റെടുക്കുക.

    ReplyDelete