Saturday, July 28, 2012

വ്യാജ കത്തിനു പിന്നിലും നന്ദകുമാറെന്ന് സംശയം


കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ കേസില്‍ അനഘയുടെ സുഹൃത്തെന്ന പേരില്‍ ഹൈക്കോടതി ജഡ്ജിക്ക് കത്തയച്ചതിന് പിന്നിലും ക്രൈം നന്ദകുമാറാണെന്ന് സിബിഐയ്ക്ക് സംശയം. അനഘയുടെ സഹപാഠി ശ്രീകുമാരിയെന്ന പേരില്‍ ഹൈക്കോടതി ജഡ്ജി ആര്‍ ബസന്തിനാണ് കത്തയച്ചത്. അനഘയ്ക്ക് പലരുമായി ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു കത്ത്. കത്തു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശപ്രകാരം ലോക്കല്‍ പൊലീസും സിബിഐയും വിശദമായി അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു വിദ്യാര്‍ഥിനിയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് അനഘയ്ക്ക് ശ്രീകുമാരി എന്ന സുഹൃത്ത് ഉണ്ടോയെന്നത് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതീവ രഹസ്യമായ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തിറങ്ങിയതും നന്ദകുമാറാണ്. രഹസ്യ കത്തിനെക്കുറിച്ച് നന്ദകുമാറിന് എങ്ങനെ അറിവ് ലഭിച്ചുവെന്നത് വിവാദമായിരുന്നു. പിന്നീട് കത്തിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും ഇയാള്‍ ആരോപിച്ചു. അനഘയുടെ ഒരു സുഹൃത്തിനെ സ്വാധീനിച്ച് അനഘയ്ക്ക് പലരുമായി ബന്ധമുണ്ടെന്ന് പറയിപ്പിക്കാന്‍ നന്ദകുമാര്‍ ശ്രമിച്ചുവെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അനഘയെയും കുടുംബത്തെയുംക്കുറിച്ച് സുഹൃത്ത് പറഞ്ഞ രഹസ്യവിവരങ്ങള്‍ സിബിഐയ്ക്ക് പുറത്തുവിടേണ്ടി വന്നത് നന്ദകുമാര്‍ ഇങ്ങനെ നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനാലാണ്.

എറണാകുളം രണ്ടാം അഡീഷണല്‍ ജില്ലാ കോടതിയില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഹര്‍ജി നല്‍കി നന്ദകുമാര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നും സിബിഐ പറയുന്നു. കവിയൂരില്‍ അനഘയും കുടുംബവും ആത്മഹത്യ ചെയ്ത കേസിലെ പ്രതി ലതാനായരെ ജയിലില്‍ പോയി കണ്ട് നന്ദകുമാര്‍ ഒരു കോടി രൂപ വാഗ്ദാനംചെയ്തെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇക്കാര്യംഅന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ കത്തുസംബന്ധിച്ച തെളിവും പുറത്തുവരും. കേസില്‍ സിപിഐ എം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് പറയാനാണ് കിളിരൂര്‍ കേസില്‍ തിരുവനന്തപുരത്ത് ജയിലില്‍ ലതാനായരെ നന്ദകുമാര്‍ കണ്ടത്. ലതാനായര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനംചെയ്യാന്‍ നന്ദകുമാറിനൊപ്പം പോയത് കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ച സിന്ധുവാണ്. ലതാനായരോട് സിന്ധുവും രാഷ്ട്രീയനേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ടു.

deshabhimani 280712

1 comment:

  1. കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ കേസില്‍ അനഘയുടെ സുഹൃത്തെന്ന പേരില്‍ ഹൈക്കോടതി ജഡ്ജിക്ക് കത്തയച്ചതിന് പിന്നിലും ക്രൈം നന്ദകുമാറാണെന്ന് സിബിഐയ്ക്ക് സംശയം.

    ReplyDelete