Sunday, July 29, 2012

ചേകനൂര്‍ മൗലവിയുടെ തിരോധാനത്തിന് ഇന്നേക്ക് 19 വയസ്സ്


എടപ്പാള്‍: ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുക മറ്റുള്ളവയെല്ലാം കാപട്യമാണ് എന്ന് പ്രചരിപ്പിച്ച ചേകനൂര്‍ മൗലവിയുടെ തിരോധാനത്തിന് ഇന്ന് 19 വയസ്. എന്നാല്‍ ഈ ആശയം ഇസ്ലാം വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുകുയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത ആ പണ്ഡിതന്‍ ചിലരുടെ കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തിന്റെ തിരോധാനത്തിന് ഉത്തരവാദികളായവര്‍ ഒരുപക്ഷേ, ഇപ്പോഴും പുറത്ത് വിലസുന്നുണ്ടാവാമെന്ന ബലമായ സംശയംതന്നെയാണ് കേസ് നടത്തിയിരുന്ന ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് സാലിംഹാജിക്കുള്ളത്.

1993 ജൂലൈ 29ന് രാത്രി ഒന്‍പതോടെയാണ് ചേകനൂര്‍ മൗലവിയെ കാണാതായത്. നീലനിറത്തിലുള്ള നമ്പര്‍ എഴുതാത്ത ജീപ്പില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ടുപേര്‍ ചേര്‍ന്നാണ് മൗലവിയെ എടപ്പാള്‍ കാവില്‍പ്പടിയിലുള്ള വീട്ടിലെത്തി ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതെന്ന് മൗലവിയുടെ ഭാര്യ ഹവ്വാഉമ്മയും പ്രസിലെ ജീവനക്കാരനും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. 2002 ഡിസമ്പര്‍ 18ന് ഒമ്പത് പ്രതികള്‍ക്കെതിരെ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഒന്നാം പ്രതി ഹംസ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ചേകനൂര്‍ മൗലവിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ നശിപ്പിക്കാന്‍ തുടങ്ങിയെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദത്തെ തുടര്‍ന്ന് 1996-ല്‍ കേസ് സിബിഐ ഏറ്റെടുത്തു. ബാബു ഗൗതമിനായിരുന്നു അന്വേഷണ ചുമതല. ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ടുപോകവെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തുടര്‍ന്ന് സിബിഐയിലെ ഡിവൈഎസ്പി പ്രേമകുമാര്‍ അന്വേഷണം ഏറ്റെടുത്തു. ഈ സമയത്താണ് കോഴിക്കോട് ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഊമ ബാബു എന്നയാളെ സി ബി ഐ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് മൗലവിയുടെ തിരോധനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ലഭിച്ചു. എന്നാല്‍ മൂന്നാംദിവസം അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തുടര്‍ന്ന് ഡിവൈഎസ്പി മുഹാജിര്‍ കേസ് ഏറ്റെടുത്തു. കേസില്‍ നിര്‍ണായക സൂചന കിട്ടിയതോടെ പ്രതികള്‍ രാജ്യംവിടുകയായിരുന്നുവെന്ന് സാലിം ഹാജി പറഞ്ഞു. പിന്നീട് മുഹാജിറിനെയും സ്ഥലംമാറ്റി പകരം സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു. ഇയാളെയും മാറ്റി പിന്നീട് അന്വേഷണം നന്ദകുമാറിനായിരുന്നു.

ഇതിനിടെ പിടിയിലായ ആളില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് ചങ്ങരംകുളം സ്വദേശിയായ ഹംസ സഖാഫിയെ പിടികൂടിയത്. ഇതോടെ രാജ്യംവിട്ട പ്രതികള്‍ എറണാകുളം കോടതിയില്‍ കീഴടങ്ങി. ഹംസ സഖാഫിയെ ഒന്നാം പ്രതിയുമാക്കി. ഇയാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഡിവൈഎസ്പി മുഹാജിറിന്റെ കാലത്ത് വിലപ്പെട്ട തെളിവുകള്‍ കിട്ടിയിരുന്നുവെന്നും ഇതിന്റെ കേസ് ഡയറി സിബിഐ കോടതില്‍ ഹാജരാക്കിയില്ലായെന്നും സാലിം ഹാജി പറഞ്ഞു.
(വി സെയ്ത്)

deshabhimani 290712

1 comment:

  1. ചേകനൂര്‍ മൗലവിയുടെ തിരോധാനത്തിന് ഇന്നേക്ക് 19 വയസ്സ്

    ReplyDelete