നാലുലക്ഷത്തിലേറെ പേരെ ഭവനരഹിതരാക്കിയ അസമിലെ വംശീയസംഘര്‍ഷത്തിന് നേരിയ അയവ്. ആറു ജില്ലകളില്‍ ബോഡോ ഗോത്രവംശജരും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മില്‍ ഒരാഴ്ചയായി തുടരുന്ന വംശീയസംഘര്‍ഷത്തിന് ശമനമുണ്ടാക്കാന്‍ ശ്രമങ്ങള്‍ സജീവമായി. സേനയും അര്‍ധസൈനിക വിഭാഗവും പൊലീസും ഫ്ളാഗ് മാര്‍ച്ച് തുടരുന്ന സാഹചര്യത്തില്‍ പുതിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ കൊക്രജാര്‍, ധുബ്രി ജില്ലകളില്‍ നിശാനിയമത്തില്‍ പകല്‍ ഇളവുനല്‍കി. ഞായറാഴ്ച രാത്രിമുതല്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ആറുപേര്‍ പൊലീസ് വെടിവയ്പിലാണ് മരിച്ചത്. 58 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. പത്തുപേരെ കാണാതായി. 57 പേര്‍ക്ക് പരിക്കേറ്റു. 150 പേരെ അറസ്റ്റ് ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളക്ഷാമവും പകര്‍ച്ചവ്യാധിയുംമൂലം ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തില്‍. ഇരുവിഭാഗങ്ങളിലും പരസ്പരവിശ്വാസം വളര്‍ത്താനായി വംശീയ സംഘടനകളുടെ സമാധാനസമിതികള്‍ക്ക് രൂപംനല്‍കി. സംഘര്‍ഷത്തെക്കുറിച്ച് ഉചിതമായ അന്വേഷണം നടത്തുമെന്ന് കൊക്രജാറിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച, അസമില്‍നിന്നുള്ള രാജ്യസഭാംഗംകൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. ഇരകള്‍ക്ക് ധനസഹായമേകാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 300 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ്, ഗവര്‍ണര്‍ ബി കെ പട്നായ്ക് തുടങ്ങിയവര്‍ക്കൊപ്പം കലാപബാധിത മേഖലകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ബോഡോ നേതാക്കളുമായും ചര്‍ച്ച നടത്തി. അതേസമയം, കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ മുന്നണിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ പിരിച്ചുവിടണമെന്നും അവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി ഒരിടത്തുമാത്രമേ എത്തിയുള്ളൂ.
കലാപമേഖലയില്‍ സേന എത്താന്‍ വൈകിയതിനെക്കുറിച്ച് കേന്ദ്രവും സംസ്ഥാനവും പഴിചാരല്‍ തുടരുന്നു. കലാപമുണ്ടാകുമെന്ന് കേന്ദ്രത്തിന് നേരത്തെ രഹസ്യാന്വേഷണവിവരം ലഭിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടും തര്‍ക്കത്തിന് വഴിവച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ എന്തുകൊണ്ട് കേന്ദ്രം ഉടന്‍ നടപടിയെടുത്തില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. കേന്ദ്രത്തിന്റെ കലാപമുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചില്ലെന്നും ഗൊഗൊയ് പറയുന്നു. സംസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടിട്ടും രണ്ടു ദിവസം വൈകിയാണ് സേനയെ വിന്യസിക്കാന്‍ പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയത്. അതേസമയം, കലാപമേഖലയിലെ ജില്ലാമേധാവികളുടെ പേരില്‍ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സേന എത്താന്‍ വൈകിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശം സേനാവക്താക്കള്‍ തള്ളി. കലാപമേഖലകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിമാത്രമേ സേനയ്ക്ക് എത്താനാകൂ എന്ന് പ്രതിരോധമന്ത്രാലയ വക്താക്കള്‍ പറഞ്ഞു.11,000 സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി ഉടന്‍ കലാപബാധിത ജില്ലകളില്‍ വിന്യസിക്കും. കൂടുതല്‍ വൈദ്യസേവനവും ഏര്‍പ്പെടുത്തി.
പ്രധാനമന്ത്രിയുടെ വരവോടെ മാത്രമാണ് ദുരിതാശ്വാസക്യാമ്പുകളിലെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര-സംസ്ഥാന ഭരണസംവിധാനം ചലിച്ചുതുടങ്ങിയത്. ഭവനരഹിതരായവരില്‍ മൂന്നുലക്ഷത്തോളം പേരാണ് 250ലേറെ ക്യാമ്പുകളില്‍ നരകിക്കുന്നത്. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അപര്യാപ്തതയാണ് ക്യാമ്പുകള്‍ നേരിടുന്ന പ്രധാന പ്രശ്നം. സംഘര്‍ഷബാധിത ജില്ലകളില്‍ അവശ്യസാധനവില കുതിച്ചുയര്‍ന്നു. ബോഡോ ശക്തികേന്ദ്രങ്ങളിലെ സുരക്ഷാസേനാംഗങ്ങള്‍ ന്യൂനപക്ഷങ്ങളോട് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കലാപത്തിനു കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ: ചര്‍ച്ചസ് കൗണ്‍സില്‍
ഷില്ലോങ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടും അനാസ്ഥയുമാണ് അസമില്‍ വംശീയകലാപത്തിനിടയാക്കിയതെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള അഭയാര്‍ഥിപ്രവാഹം പരിശോധിക്കാന്‍ വേണ്ട ഒരു നടപടിയും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ഇതാണ് കലാപത്തിനിടയാക്കിയതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് അയച്ച കത്തില്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ 10,000 ചതുരശ്ര കിലോമീറ്ററോളം സ്ഥലത്ത് അതിര്‍ത്തികടന്നെത്തിയ അഭയാര്‍ഥികള്‍ കുടിയേറി കഴിഞ്ഞു. സമീപ ജില്ലകളിലേക്കും അഭയാര്‍ഥികള്‍ പ്രവഹിക്കുകയാണ്. തദ്ദേശവാസികള്‍ക്കിടയില്‍ ഭീതിപടരുന്നതിനും പ്രതികാരബുദ്ധി വളരുന്നതിനും സാഹചര്യമുണ്ടായി. എന്നാല്‍, ഇതൊന്നും തടയാന്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല- എന്‍സിസിഐ ജനറല്‍സെക്രട്ടറി റോജര്‍ ഗെയ്ക്ക്വാദ് കത്തില്‍ പറഞ്ഞു.അസമിലെ കൊക്രജാര്‍, ധുബ്രി, ചിരാഗ് എന്നിവിടങ്ങളിലുണ്ടായ കലാപം 2008ല്‍ ഈ പ്രദേശങ്ങളിലുണ്ടായ കലാപങ്ങളുടെ തനിയാവര്‍ത്തനമാണ്.
deshabhimani 290712
നാലുലക്ഷത്തിലേറെ പേരെ ഭവനരഹിതരാക്കിയ അസമിലെ വംശീയസംഘര്‍ഷത്തിന് നേരിയ അയവ്. ആറു ജില്ലകളില്‍ ബോഡോ ഗോത്രവംശജരും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മില്‍ ഒരാഴ്ചയായി തുടരുന്ന വംശീയസംഘര്‍ഷത്തിന് ശമനമുണ്ടാക്കാന്‍ ശ്രമങ്ങള്‍ സജീവമായി. സേനയും അര്‍ധസൈനിക വിഭാഗവും പൊലീസും ഫ്ളാഗ് മാര്‍ച്ച് തുടരുന്ന സാഹചര്യത്തില്‍ പുതിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ കൊക്രജാര്‍, ധുബ്രി ജില്ലകളില്‍ നിശാനിയമത്തില്‍ പകല്‍ ഇളവുനല്‍കി. ഞായറാഴ്ച രാത്രിമുതല്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ആറുപേര്‍ പൊലീസ് വെടിവയ്പിലാണ് മരിച്ചത്. 58 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. പത്തുപേരെ കാണാതായി. 57 പേര്‍ക്ക് പരിക്കേറ്റു. 150 പേരെ അറസ്റ്റ് ചെയ്തു.
ReplyDelete