Thursday, July 26, 2012

ക്യാപ്റ്റന്‍ ലക്ഷ്മിയോട് അനാദരവ് കാണിച്ച മുഖ്യമന്ത്രി മാപ്പു പറയണം: എം ബി രാജേഷ്


സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മിയോട് അനാദരവ് കാണിച്ച യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരള ജനതയോട് മാപ്പു പറയണമെന്ന് എം ബി രാജേഷ് എംപി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ സമര സേനാനിയും ഐഎന്‍എയുടെ പോരാളിയും ഉജ്വല കമ്യുണിസ്റ്റും മലയാളികളുടെ അഭിമാനവുമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. അവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയ വിരോധം മാത്രമാണ്. സമാനതകളില്ലാത്ത ജീവിതത്തിനുടമയായ ക്യാപ്റ്റന്‍ ലക്ഷ്മിയെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുള്ളതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരും ക്യാപ്റ്റന്‍ ലക്ഷ്മിയോട് തികഞ്ഞ അനാദരവാണ് കാണിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത് സ്വജീവന്‍ ത്യജിക്കാന്‍ തയ്യാറായ പോരാട്ടവീര്യത്തിനുടമയായിരുന്ന ഒരു ദേശസ്നേഹിക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറായില്ല. കമ്യുണിസ്റ്റ്വിരോധത്തിന്റെ പേരില്‍ ഒരു ധീരവനിതയുടെ ത്യാഗോജ്വല ജീവിതത്തോട് കാണിച്ച ഈ അവഗണന പ്രതിഷേധാര്‍ഹമാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അര്‍ഹിക്കുന്ന എല്ലാ ആദരവും ക്യാപ്റ്റന് നല്‍കിയപ്പോള്‍ ഡെല്‍ഹിക്ക് വളരെ അടുത്തു കിടക്കുന്ന കാണ്‍പൂരിലേക്ക് കേരള ഹൗസിലെ ഒരു ഉദ്യോഗസ്ഥനെ അയച്ച് റീത്ത് സമര്‍പ്പിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല. കമ്യുണിസ്റ്റ് എന്നതിലുപരി ദേശീയപ്രസ്ഥാനത്തിന് അമൂല്യസംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു കുടുംബാംഗമാണ് ക്യാപ്റ്റന്‍ ലക്ഷ്മി എന്നുള്ള കാര്യമെങ്കിലും മുഖ്യമന്ത്രി പരിഗണിക്കേണ്ടതായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായ, രാജ്യം മുഴുവന്‍ ആദരിക്കുന്ന ആ ധന്യജീവിതത്തോട് കാണിച്ച ഈ അനാദരവ് പൊറുക്കാനാവാത്ത സംസ്കാരശൂന്യതയാണെന്നും എം ബി രാജേഷ് എംപി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 260712

1 comment:

  1. സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മിയോട് അനാദരവ് കാണിച്ച യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരള ജനതയോട് മാപ്പു പറയണമെന്ന് എം ബി രാജേഷ് എംപി ആവശ്യപ്പെട്ടു.

    ReplyDelete