Friday, July 27, 2012

ഇരുട്ടു ഭരിക്കും

ജൂലൈ ഒന്നുമുതലുള്ള മുന്‍കാലപ്രാബല്യത്തോടെ വൈദ്യുതിനിരക്ക് കുത്തനെ കൂട്ടി. വീടുകളെയും വ്യവസായങ്ങളെയും ഒന്നുപോലെ പിഴിയുന്നതാണ് പുതിയ നിരക്കുകള്‍. തെരുവുവിളക്കുകള്‍ക്ക് നിരക്ക് മൂന്നിരട്ടിയാക്കി. കാര്‍ഷികമേഖലയെയും ജീവകാരുണ്യസ്ഥാപനങ്ങളെയും വെറുതെ വിട്ടില്ല. സിംഗിള്‍ ഫേസ് കണക്ഷനുള്ള വീടുകളില്‍നിന്ന് പ്രതിമാസം 20 രൂപയും ത്രീ ഫേസുകാരില്‍നിന്ന് 60 രൂപയും സ്ഥിരം നിരക്ക് പിരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതിവര്‍ഷം 1676.84 കോടി കൊള്ളയടിക്കാന്‍ വൈദ്യുതി ബോര്‍ഡിനെ അനുവദിക്കുന്നതാണ് നിരക്കുവര്‍ധന. 30.2 ശതമാനത്തിന്റെ വരുമാനവര്‍ധനയാണ് ബോര്‍ഡിന് ലഭിക്കുക. നിയമസഭ പിരിയാന്‍ കാത്തുനിന്നശേഷമാണ് വ്യാഴാഴ്ച നിരക്കുവര്‍ധന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ പ്രഖ്യാപിച്ചത്. അതിനിടെ, വൈദ്യുതി നിരക്ക് വര്‍ധനയുടെ ആഘാതത്തില്‍നിന്ന് ജനത്തെ രക്ഷിക്കാന്‍ സബ്സിഡി അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് അറിയിച്ചു. പുതിയ നിരക്കുകള്‍ക്ക് 2013 മാര്‍ച്ച് 31 വരെയുള്ള പ്രാബല്യമാണ് നല്‍കിയിരിക്കുന്നത്. അതിനുശേഷം വീണ്ടും നിരക്കുവര്‍ധനയുണ്ടാകുമെന്ന് ആശങ്കയുയരുന്നു. ആസൂത്രണ വൈകല്യങ്ങളാണ് സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് റെഗുലേറ്റി കമീഷന്‍തന്നെ നിരീക്ഷിച്ചിരുന്നു.

കടുത്ത വൈദ്യുതിനിയന്ത്രണങ്ങളും സര്‍ചാര്‍ജ് അടക്കമുള്ള ഭാരങ്ങളും പിന്നാലെ എത്തുന്നതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. അഞ്ഞൂറ് യൂണിറ്റിനുമേല്‍ ഉപയോഗമുള്ള വീടുകള്‍ക്ക് 6.50 രൂപയാണ് പുതിയ നിരക്ക്. ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും ഇതേനിരക്ക് നല്‍കേണ്ടിവരുമെന്നതാണ് ഇതിന്റെ പ്രത്യേകത. 5.45 രൂപയാണ് ഇവര്‍ക്ക് ഇപ്പോഴുള്ള നിരക്ക്. അഞ്ഞൂറ് യൂണിറ്റിനുമുകളില്‍ ഉപയോഗമുള്ളവര്‍ക്ക് പീക്ക് സമയത്ത് കൂടിയ നിരക്ക് ഈടാക്കും. വൈകിട്ട് ആറുമുതല്‍ രാത്രി പത്തുവരെയുള്ള സമയത്തേക്കാണ് കൂടിയ നിരക്ക്. ടിഒഡി (ടൈം ഓഫ് ദി ഡേ) മീറ്റര്‍ സ്ഥാപിച്ചാണ് ഈ സമയത്തെ ഉപയോഗം കണ്ടെത്തുക. എല്ലാ ഉപയോക്താക്കള്‍ക്കും ടിഒഡി മീറ്റര്‍ സ്ഥാപിക്കണമെന്നായിരുന്നു ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ചെറുകിട വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്കും ടിഒഡി മീറ്റര്‍ നിര്‍ബന്ധമാക്കി. അടുത്ത ജനുവരി ഒന്നിനകം മീറ്റര്‍ സ്ഥാപിക്കണം. തെരുവുവിളക്കുകള്‍ക്കുള്ള നിരക്ക് 90 പൈസയില്‍നിന്ന് 2.75 രൂപയാക്കി. ഇത് തദ്ദേശസ്ഥാപനങ്ങളെ വലയ്ക്കും. കാര്‍ഷികമേഖലയ്ക്ക് യൂണിറ്റിന് 65 പൈസയായിരുന്ന നിരക്ക് ഒന്നരരൂപയാക്കി.

അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, പോളിയോ ഹോമുകള്‍, ക്യാന്‍സര്‍- പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവയുടെയും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ബധിര- മൂകര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും നിരക്കും കൂട്ടിയിട്ടുണ്ട്. ബോര്‍ഡ് ആവശ്യപ്പെട്ടതുപ്രകാരം ഈ വിഭാഗത്തിന്റെ നിരക്ക് 85 പൈസയില്‍നിന്ന് ഒന്നരരൂപയാക്കി. ലൈബ്രറികള്‍, വായനശാലകള്‍, പാര്‍ടി ഓഫീസുകള്‍ തുടങ്ങിയവയ്ക്കും കനത്ത നിരക്കുവര്‍ധനയുണ്ടാകും. സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കും വന്‍വര്‍ധനയുണ്ട്. നിരക്കുവര്‍ധന വ്യവസായമേഖലയ്ക്കും കനത്ത ആഘാതമാകും.

എച്ച്ടി ഇഎച്ച്ടി വ്യവസായങ്ങള്‍ക്ക് താരിഫ് വര്‍ധനയ്ക്കുപുറമെ ഡിമാന്‍ഡ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നത്. ചാര്‍ജ് വര്‍ധനയ്ക്കെതിരെ സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളിലേക്ക് വെള്ളിയാഴ്ച ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കോട്ടയത്ത് പറഞ്ഞു. നാടിന്റെ പുരോഗതി തടയുന്ന വൈദ്യുതിനിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു. വില വര്‍ധനവില്‍ പ്രതിഷേധിച്ച് ആഗസ്ത് 10ന് വ്യവസായബന്ദ് നടത്താന്‍ ട്രേഡ്യൂനിനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്തു.

നിരക്കുവര്‍ധന എല്ലാവര്‍ഷവും

വൈദ്യുതി നിരക്കുവര്‍ധന ഇനി എല്ലാ വര്‍ഷവും. പുതിയ നിരക്കിന് 2013 മാര്‍ച്ച് 31 വരെ മാത്രം പ്രാബല്യം നല്‍കിയതിലൂടെയാണ് അടുത്തവര്‍ഷവും നിരക്കുവര്‍ധിക്കുമെന്ന് ഉറപ്പായത്. കാലാവധി പ്രഖ്യാപിച്ചുള്ള താരിഫ് വര്‍ധന ഇതാദ്യമാണ്. എല്ലാവര്‍ഷവും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന് ഈ മാസാദ്യം ചേര്‍ന്ന വൈദ്യുതിമന്ത്രിമാരുടെ യോഗത്തില്‍ ആസൂത്രണ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. വര്‍ഷന്തോറും വര്‍ധന ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം വൈദ്യുതി അപ്പലേറ്റ് ട്രിബ്യൂണലും നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ കേരളം അംഗീകരിച്ചെന്ന് വ്യക്തമായിരിക്കയാണ്.

സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടും കേന്ദ്രനയങ്ങളുമാണ് ഇത്തവണത്തെ നിരക്കുവര്‍ധനയ്ക്ക് വഴിവച്ചത്. വേനലിനു മുമ്പേ ഇടുക്കിയില്‍ അമിതോല്‍പ്പാദനം നടത്തിയത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളി. ചെറുകിട പദ്ധതികളില്‍ നിന്ന് പരമാവധി ഉല്‍പ്പാദനം നടത്തിയും പുറമേനിന്ന് വൈദ്യുതി വാങ്ങിയും മഴക്കാലത്ത് ആവശ്യം നിറവേറ്റുകയാണ് പതിവ്. മഴക്കാലത്ത് കുറഞ്ഞവിലയ്ക്ക് പുറമേനിന്ന് വൈദ്യുതി വാങ്ങാനും കഴിയും. അതിനു തയ്യാറാകാതെ ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തിയത് തിരിച്ചടിയായി. അമിതമായി ഉല്‍പ്പാദിപ്പിച്ച വൈദ്യുതി ചുരുങ്ങിയവിലയ്ക്ക് വില്‍ക്കുകയുംചെയ്തു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ നിര്‍ത്തലാക്കിയതും തിരിച്ചടിയായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റുകളില്‍ വൈദ്യുതി ഉപയോഗ നിയന്ത്രണത്തിന് പ്രത്യേക വിഹിതം നീക്കിവച്ചിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ അതും മുടങ്ങി. കേന്ദ്രപൂളില്‍ നിന്ന് മുമ്പൊരിക്കലും ഇല്ലാത്ത വിഹിതം ലഭിച്ചിട്ടും കേരളം ഇരുട്ടിലേക്ക് നീങ്ങി.

കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 60 ശതമാനവും മുമ്പ് ഇവിടെ തന്നെ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇന്ന് 35 ശതമാനം മാത്രമാണ് ഉല്‍പ്പാദനം. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ അതിരപ്പിള്ളി, പൂയംകുട്ടി അടക്കമുള്ള പല നിലയങ്ങളുടെയും അനുമതി കേന്ദ്രം തടഞ്ഞു. കിട്ടിയ പദ്ധതികള്‍ പലതും പരിസ്ഥിതിവാദികളുടെ എതിര്‍പ്പുമൂലം ഉപേക്ഷിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട പല പദ്ധതിക്കും തുടര്‍ച്ചയുണ്ടാകാത്തതും തിരിച്ചടിയായി. കേരളത്തിന്റെ ഈ വീഴ്ചകള്‍ പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവ് വന്‍തോതില്‍ വര്‍ധിക്കാനിടയാക്കി. 2006ല്‍ 1741 കോടിയായിരുന്ന വാങ്ങല്‍ ചെലവ് ഈവര്‍ഷം 5659 കോടിയിലെത്തി. 2006ല്‍ 830 കോടി യൂണിറ്റാണ് വാങ്ങിയതെങ്കില്‍ ഈവര്‍ഷം അത്് 1280 കോടിയിലെത്തി. കേന്ദ്രനിലയങ്ങളിലെ വൈദ്യുതിനിരക്ക് ക്രമാതീതമായി വര്‍ധിച്ചതുമൂലം വാങ്ങല്‍ ചെലവ് കുത്തനെ കൂടി. കല്‍ക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും നാഫ്തയുടെയും എല്‍എസ്എച്ച്എസിന്റെയും വില വന്‍തോതില്‍ വര്‍ധിച്ചതാണ് കേന്ദ്ര വൈദ്യുതിനിരക്കും കൂടാന്‍ കാരണമായത്. കല്‍ക്കരിക്ക് ഇരട്ടിയും നാഫ്തയ്ക്ക് മൂന്നിരട്ടിയുമായിരുന്ന വിലവര്‍ധന. ഊര്‍ജവിപണനം ശക്തിപ്പെടുത്തിയും വൈദ്യുതി വില്‍പ്പനയ്ക്ക് ഏജന്‍സികളെ നിയോഗിച്ചതും സ്ഥിതി വഷളാക്കി. ഇടനിലക്കാരുടെ തന്ത്രങ്ങള്‍ മൂലം വേനല്‍ക്കാലത്ത് വൈദ്യുതിവില കുതിച്ചുയരുകയും ചെയ്തു.
(ആര്‍ സാംബന്‍)

കൊടുംചതി; ഷോക്കേറ്റ് വ്യവസായമേഖല

വൈദ്യുതി നിരക്കുവര്‍ധന സംസ്ഥാനത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റും. ഇതുവരെയുണ്ടാകാത്തത്ര വന്‍ വര്‍ധന വ്യവസായകേന്ദ്രങ്ങളെ ഞെട്ടിച്ചു. വര്‍ധന മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയതും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ ആഘാതമായി. പ്രതിമാസം 10 ലക്ഷം യൂണിറ്റ് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിരക്കുപ്രകാരം 1.46 കോടി രൂപയുടെ അധിക ബാധ്യതയാണ് വരുത്തുന്നത്.

ടിസിസി, ബിനാനി സിങ്ക് എന്നിവയ്ക്ക് പുതിയ നിരക്കുപ്രകാരം ഒരുവര്‍ഷം വരുന്ന അധിക ബാധ്യത 21 കോടിയോളം രൂപയാണ്. ഇത് ഈ കമ്പനികളെ അടച്ചുപൂട്ടലിലേക്ക് നയിക്കും. പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 18 കോടിയുടെ അധിക ബാധ്യതയുണ്ടാകും. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടിസിസി) ചരിത്രത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന ലാഭം ഏഴര കോടി മാത്രമാണ്. വാര്‍ഷിക വിറ്റുവരവ് 200 കോടിയോളം രൂപയും. ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് പിടിച്ചുനില്‍ക്കാനാവുകയെന്നാണ് കമ്പനി അധികൃതര്‍ ചോദിക്കുന്നത്. യൂണിവേഴ്സല്‍ കാര്‍ബോറാണ്ടം കമ്പനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് ഒമ്പതര കോടിയും അപ്പോളോ ടയേഴ്സ്, കെഎംഎംഎല്‍ എന്നീ കമ്പനികള്‍ക്ക് 10 കോടി രൂപയുടെയും യൂണിവേഴസല്‍ കാര്‍ബോറാണ്ടത്തിന് 12 കോടി രൂപയുടെയും അധിക ബാധ്യതയുണ്ടാക്കും. എംആര്‍എഫിന് ഏഴര കോടി, എച്ച്ഒസിക്ക് 4.30 കോടി, ടൈറ്റാനിയത്തിന് 2.25 കോടി എന്നിങ്ങനെയാണ് ഇതര കമ്പനികള്‍ക്ക് ഉണ്ടാകുന്ന അധികബാധ്യത.

 ഇരുട്ടടിയാണ് സര്‍ക്കാരില്‍നിന്നുണ്ടായതെന്ന് ഹൈ ടെന്‍ഷന്‍ എക്സ്ട്രാ ഹൈ ടെന്‍ഷന്‍ കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് തോമസ് പറഞ്ഞു. വൈദ്യുതിബോര്‍ഡ് ചോദിച്ചത് അപ്പടി അനുവദിച്ചു. വ്യവസായസ്ഥാപനങ്ങള്‍ക്ക് യൂണിറ്റിന് 3.60 രൂപയായിരുന്ന നിരക്ക് 4.80 ആക്കി. ഒരു കെവിഎയ്ക്ക് 245 രൂപമുതല്‍ 290 രൂപവരെ ഫിക്സഡ് ചാര്‍ജും ഏര്‍പ്പെടുത്തി. ഇന്‍ഡാല്‍ എന്ന കമ്പനി പൂട്ടിയതുപോലെ ഇതര കമ്പനികളും പൂട്ടാന്‍ ഇത് വഴിയൊരുക്കും. ഫലത്തില്‍ വ്യവസായങ്ങള്‍ക്ക് 35 ശതമാനം നിരക്കുവര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഫെഡറേഷന്‍ വൈസ് പ്രസിഡന്റും കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനി ജനറല്‍ മാനേജരുമായ എ ആര്‍ സതീശ് പറഞ്ഞു. മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തിയത് കൊടുംചതിയാണെന്ന് ഫെഡറേഷന്‍ ട്രഷററും ബിനാനി സിങ്ക് ഇലക്ട്രിക്കല്‍ അഡൈ്വസറുമായ എ എ മുഹമ്മദ് നവാസ് പറഞ്ഞു. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഉല്‍പ്പാദനം കുറയ്ക്കാമായിരുന്നു.

വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ടതിനേക്കാള്‍ 100 കോടി രൂപ കൂടുതലാണ് ചാര്‍ജ് വര്‍ധനവഴി റെഗുലേറ്ററി കമീഷന്‍ അനുവദിച്ചിട്ടുള്ളതെന്ന് ട്രേഡ്യൂണിയന്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ് പറഞ്ഞു. 1552 കോടി രൂപയുടെ വര്‍ധനയാണ് ബോര്‍ഡ് അഭ്യര്‍ഥിച്ചത്. 1656 കോടിയുടെ വര്‍ധന കമീഷന്‍ അനുവദിച്ചു. ഇത് അംഗീകരിക്കാനാവില്ല. വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സബ്സിഡി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഴുവന്‍ യൂണിയനുകളെയും അണിനിരത്തി യോജിച്ച പ്രക്ഷോഭം നടത്തുമെന്നും ഗോപിനാഥ് വ്യക്തമാക്കി.
(ഷഫീഖ് അമരാവതി)

വര്‍ധനയ്ക്ക് അടിസ്ഥാനമാക്കിയത് കേന്ദ്രനയം: റെഗുലേറ്ററി കമീഷന്‍

2003ലെ വൈദ്യുതിനിയമം, ദേശീയ താരിഫ് നയം, ദേശീയ വൈദ്യുതിനയം എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്കുവര്‍ധനയെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍. ക്രോസ് സബ്സിഡി കുറയ്ക്കുക, ഉപയോക്താക്കളുടെ ശേഷിക്കനുസരിച്ച് നിരക്ക് നിശ്ചയിക്കുക, ഊര്‍ജസംരക്ഷണത്തിന് ഉത്തേജനം നല്‍കുക തുടങ്ങിയ ആശയങ്ങള്‍ വര്‍ധനയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിരക്കുവര്‍ധനയിലൂടെ ബോര്‍ഡിന് വര്‍ഷം 1676.84 കോടി അധിക വരുമാനമുണ്ടാകും. ബോര്‍ഡിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ റവന്യൂ കമ്മിയായ 1889 കോടിയുടെ കുറവ് നികത്താന്‍ ഇത് പര്യാപ്തമാണ്. വര്‍ധനയ്ക്കുശേഷം ഒരു യൂണിറ്റ് വൈദ്യുതിയില്‍നിന്ന് ബോര്‍ഡിന് ലഭിക്കുന്ന ശരാശരി വരുമാനം 4.41 രൂപയാണ്. ചെലവിന്റെ 95 ശതമാനമേ ഇതിലൂടെ ലഭിക്കൂ. പ്രതിമാസം 40 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരെ സ്ഥിരം നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമീഷന്‍ അറയിച്ചു.

ചോദിച്ചതിനേക്കാള്‍ കൂടുതല്‍ വര്‍ധന

ജനങ്ങളുടെ പോക്കറ്റടിക്കുന്ന വിധം നിരക്കുവര്‍ധന ആവശ്യപ്പെട്ട വൈദ്യുതി ബോര്‍ഡിനെ അതിലുമേറെ നല്‍കി റെഗുലേറ്ററി കമീഷന്‍ ഞെട്ടിച്ചു. മാര്‍ച്ച് 29ന് റെഗുലേറ്ററി കമീഷന് നല്‍കിയ ഹര്‍ജിയില്‍ 1546.40 കോടിയുടെ വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പുതിയ നിരക്കുവര്‍ധനയിലൂടെ ബോര്‍ഡിന് ലഭിക്കുന്നത് 1676.84 കോടിയും. വര്‍ഷം മുഴുവന്‍ 15 ശതമാനം വൈദ്യുതി പുറമേനിന്നു വാങ്ങാനുള്ള പദ്ധതിയിട്ടാണ് ബോര്‍ഡ് 1546.40 കോടിയുടെ കണക്ക് സമര്‍പ്പിച്ചിരുന്നത്. പുറമേനിന്നുള്ള വാങ്ങലിന് ജനങ്ങളില്‍ നിന്ന് സര്‍ചാര്‍ജ് പിരിക്കാം. എന്നാല്‍, ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമാണ് പുറമേനിന്നുള്ള വൈദ്യുതി വാങ്ങലിന് കമീഷന്‍ അനുമതി നല്‍കിയത്. അതുകൂടി പരിഗണിച്ചാണ് കൂടുതല്‍ തുക ലഭിക്കത്തക്കവിധമുള്ള വര്‍ധന അനുവദിച്ചതെന്ന് കരുതുന്നു. എന്നാല്‍, ബോര്‍ഡിന്റെ പാളിച്ചകള്‍ മൂലം വൈദ്യുതി പ്രതിസന്ധി തുടര്‍ന്നു. ഇത് മറികടക്കുന്നതിനായി പുറമേനിന്ന് തുടര്‍ന്നും വൈദ്യുതി വാങ്ങേണ്ടിവന്നു. ഈ തുകയ്ക്ക് സര്‍ചാര്‍ജ് പിരിക്കാന്‍ ബോര്‍ഡിനെ അനുവദിക്കുമോയെന്ന ചോദ്യം ബാക്കി.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും എച്ച്ടി- ഇഎച്ച്ടി വിഭാഗങ്ങള്‍ക്കും ബോര്‍ഡ് ആവശ്യപ്പെട്ടതില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാതെയാണ് നിരക്കുവര്‍ധന അനുവദിച്ചിട്ടുള്ളത്. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന പാവങ്ങളെ നിരക്കുവര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. യൂണിറ്റിന് 35 പൈസയാണ് അവര്‍ക്ക് വര്‍ധിപ്പിച്ചത്. ബോര്‍ഡിന്റെ കണക്കുപ്രകാരം 28.45 ലക്ഷം ഉപയോക്താക്കളാണ് ഈ സ്ലാബിലുള്ളത്. 201മുതല്‍ 300 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് ബോര്‍ഡ് 5.50 രൂപയുടെ രൂപയുടെ വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചുനല്‍കിയത് ആറുരൂപയുടെ വര്‍ധന. 301-500 സ്ലാബുകാര്‍ക്ക് നിരക്ക് 6.70 രൂപയാക്കണമെന്നായിരുന്നു ആവശ്യം. കമീഷന അനുവദിച്ചതാകട്ടെ 7.50 രൂപയും. 500 യൂണിറ്റിനു മേല്‍ ഉപയേഗിക്കുന്നവര്‍ക്ക് മുഴുവന്‍ യൂണിറ്റും 6.50 രൂപയാക്കിയതും ബോര്‍ഡിന് നേട്ടമായി.

സബ്സിഡി നല്‍കില്ല: മുഖ്യമന്ത്രി

വൈദ്യുതി നിരക്കുവര്‍ധനയുടെ ആഘാതത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സബ്സിഡി അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നത്തെ സാഹചര്യത്തില്‍ സബ്സിഡി നല്‍കാനാകില്ല. ഗുരുതര സാമ്പത്തിക സാഹചര്യത്തിലാണ് വര്‍ധന വേണ്ടിവന്നത്. അണക്കെട്ടുകളില്‍ ആവശ്യത്തിന്റെ മൂന്നിലൊന്ന് വെള്ളം മാത്രമാണുള്ളത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani 270712

1 comment:

  1. പ്രതിവര്‍ഷം 1676.84 കോടി കൊള്ളയടിക്കാന്‍ വൈദ്യുതി ബോര്‍ഡിനെ അനുവദിക്കുന്നതാണ് നിരക്കുവര്‍ധന. 30.2 ശതമാനത്തിന്റെ വരുമാനവര്‍ധനയാണ് ബോര്‍ഡിന് ലഭിക്കുക. നിയമസഭ പിരിയാന്‍ കാത്തുനിന്നശേഷമാണ് വ്യാഴാഴ്ച നിരക്കുവര്‍ധന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ പ്രഖ്യാപിച്ചത്

    ReplyDelete