നാടിന്റെ പുരോഗതി തടയുന്ന വൈദ്യുതിനിരക്ക് വര്‍ധന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കടുത്ത പ്രക്ഷോഭം ഉയര്‍ന്നുവരും. വെള്ളിയാഴ്ച വൈദ്യുതി ഓഫീസുകള്‍ക്കുമുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. എല്ലാവിഭാഗം ജനങ്ങളും നിരക്ക് വര്‍ധനയ്ക്കെതിരെ രംഗത്തുവരണമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ ഭീമമായ നിരക്ക് വര്‍ധന വികസനരംഗത്ത് വന്‍ പിറകോട്ടടിയുണ്ടാക്കും. ഇത്രയധികം ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ ഒരുവ്യവസായവും ഇവിടേക്ക് വരാത്ത സ്ഥിതിയുണ്ടാകും. നിരക്കു വര്‍ധനയിലൂടെ 1640 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നു പറയുന്നു. ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നത് രഹസ്യ അജന്‍ഡയാണ്. ഇപ്പോള്‍ കൂട്ടിയ നിരക്ക് 2013 മാര്‍ച്ച് 31 വരെയുള്ളതാണെന്നാണ് പറയുന്നത്. അടുത്ത ഏപ്രില്‍ മുതല്‍ നിരക്ക് വീണ്ടും ഉയര്‍ത്തും. ഓരോ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. വരള്‍ച്ചയുടെ പേരില്‍ വൈദ്യുതി ഉല്‍പ്പാദനം കുറയുന്നതിനാല്‍ സര്‍ചാര്‍ജ് വേണ്ടിവരുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. കൂടുതല്‍ നിരക്ക് വര്‍ധനയ്ക്ക് അണിയറയില്‍ തയാറെടുക്കുന്നതിന്റെ സൂചനയാണിത്്. നിരക്ക് കൂട്ടാന്‍ നിയമസഭാ സമ്മേളനം കഴിയുന്നതുവരെ കാത്തിരുന്നത് എല്ലാവരും ശക്തമായി എതിര്‍ക്കും എന്ന് ഭയമുള്ളതിനാലാണ്. നിയമസഭ സമ്മേളിക്കുമ്പോള്‍തന്നെ ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ തയാറാക്കിയതാണ്. സഭ പിരിയാന്‍വരെ സര്‍ക്കാര്‍ കാത്തിരുന്നു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കുകയാണെന്ന് ഞങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. വൈദ്യുതിനിരക്ക് വര്‍ധനയിലൂടെ ഞങ്ങള്‍ പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയുകയാണ്. കേവലം വൈദ്യുതി നിരക്കിലുള്ള മാറ്റമല്ല ഉണ്ടായത്. ഏറ്റവും താഴെതട്ടിലുള്ള വൈദ്യുതി ഉപഭോക്താക്കളടക്കം കടന്നാക്രമണത്തിന് വിധേയമാവുകയാണ്. ആരെയും വര്‍ധനയില്‍നിന്ന് ഒഴിവാക്കുന്നില്ല. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന പാവപ്പെട്ട വിഭാഗങ്ങള്‍ 85 രൂപ അടയ്ക്കുന്നത് 120 രൂപയായാണ് ഉയര്‍ത്തിയത്. കാര്‍ഷിക- വ്യവസായ ഉപഭോക്താക്കളുടെ നിരക്കും കാര്യമായി വര്‍ധിപ്പിച്ചു. ഓരോ മാസവും ഫിക്സഡ് ചാര്‍ജായി സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ 20 രൂപയും ത്രീഫേസ് ഉപഭോക്താക്കള്‍ 60 രൂപയും അടക്കണമെന്ന പുതിയ വ്യവസ്ഥയുമുണ്ട്. കേരളത്തിന്റെ വികസനത്തെ തടയുന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പിണറായി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിരക്കുവര്‍ധന പിന്‍വലിക്കണം: വി എസ്
വൈദ്യുതിചാര്‍ജ് മുന്‍കാലപ്രാബല്യത്തോടെ കുത്തനെ വര്‍ധിപ്പിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുമേല്‍ മറ്റൊരു പ്രഹരംകൂടി ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍.
ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ച റെഗുലേറ്ററി അതോറിറ്റി നിയമസഭാസമ്മേളനം പിരിഞ്ഞതിനു തൊട്ടുപിറകെ ചാര്‍ജ് വര്‍ധന ഉത്തരവിറക്കിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. സഭാസമ്മേളനം തീര്‍ന്നശേഷം മതി ഉത്തരവെന്ന നിലയില്‍ സമ്മര്‍ദമുണ്ടായെന്നു സംശയിക്കണം. സഭാസമ്മേളനകാലമായ ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഏര്‍പ്പെടുത്തിയത് ജനാധിപത്യവിരുദ്ധവുമാണ്. വൈദ്യുതിചാര്‍ജ് പരിഷ്കരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സര്‍ക്കാരിന് അക്കാര്യം നിയമസഭയെ ധരിപ്പിക്കാമായിരുന്നു. ഇതില്‍ സര്‍ക്കാര്‍ ഒളിച്ചുകളിയാണ് നടത്തിയത്.
ആസൂത്രണത്തിലെ പിഴവുകളും വന്‍കിടക്കാരില്‍നിന്ന് വൈദ്യുതിചാര്‍ജിലെ കുടിശ്ശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയുമാണ് വൈദ്യുതിബോര്‍ഡിന്റെ വരുമാന കമ്മിക്ക് കാരണം. ശരിയായ ആസൂത്രണത്തിലും കുടിശ്ശിക പിരിവിലെ കാര്യക്ഷമതയിലും ഊന്നുന്നതിനുപകരം നഷ്ടക്കണക്ക് പറഞ്ഞ് ഉപയോക്താക്കളെ പിഴിയുന്നതിന് ന്യായീകരണമില്ല. വൈദ്യുതിചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ചെറുകിട-ഇടത്തരം ഉപയോക്താക്കളുടെമേല്‍ അടിച്ചേല്‍പ്പിച്ച അധികഭാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിനായി സബ്സിഡി നല്‍കാന്‍ തയ്യാറാകണമെന്നും വി എസ് ആവശ്യപ്പെട്ടു.
ആസൂത്രണവൈകല്യത്തിന്റെ ഫലം: എ കെ ബാലന്‍
ജനങ്ങളുടെമേല്‍ കടുത്ത ഭാരം അടിച്ചേല്‍പ്പിച്ച വൈദ്യുതിനിരക്ക് വര്‍ധന യുഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രണ വൈകല്യത്തിന്റെ ഫലമാണെന്ന് മുന്‍വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. വര്‍ധന പിന്‍വലിച്ച് വൈദ്യുതിബോര്‍ഡിന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിരക്കുവര്‍ധനയുടെ മുഖ്യഭാരം ഗാര്‍ഹിക ഉപയോക്താക്കളുടെ മേലാണ് വരുന്നത്. പുതുതായി ഏര്‍പ്പെടുത്തിയ സ്ഥിരംനിരക്ക് ഉള്‍പ്പെടെ 640 കോടി രൂപയുടെ അധിക ബാധ്യത ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുണ്ടാകും. ശരാശരി വര്‍ധന 41 ശതമാനമാണ്. മൊത്തം 1676 കോടി രൂപയുടെ അധികഭാരമാണ് ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. വ്യവസായങ്ങള്‍ക്ക് 27 മുതല്‍ 32 ശതമാനം വരെയാണ് വര്‍ധന. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കും. പുതിയ നിരക്ക് 2013 മാര്‍ച്ച് 31 വരെ മാത്രമാണ് നിലവിലുണ്ടാകുക എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അടുത്തവര്‍ഷം വീണ്ടും ഭീമമായ നിരക്ക് വര്‍ധനയുണ്ടാകുമെന്നാണിത് വ്യക്തമാക്കുന്നത്. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്ന ആസൂത്രണ കമീഷന്‍- കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുന്നു എന്നാണ് ഇതിനര്‍ഥം. ഗാര്‍ഹിക, വ്യാവസായിക ഉപയോക്താക്കള്‍ക്ക് 2013 ജനുവരി മുതല്‍ ടിഒഡി താരിഫ് ഏര്‍പ്പെടുത്തണമെന്ന ഉത്തരവും കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. മഴക്കുറവിന്റെ പേരില്‍ കടുത്ത വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം.
ശരാശരി ഉപയോഗത്തിന്റെ 70 ശതമാനത്തിനു മുകളിലുള്ള ഉപയോഗത്തിന് താപവൈദ്യുതിയുടെ നിരക്കായ യൂണിറ്റിന് 10 രൂപ തോതില്‍ ഈടാക്കാനുള്ള നിര്‍ദേശം അണിയറയില്‍ ഒരുങ്ങുകയാണ്. ഗാര്‍ഹിക ഉപയോക്താക്കള്‍ 150 യൂണിറ്റിനു മുകളിലുള്ള ഉപയോഗത്തിന് യൂണിറ്റിന് 10 രൂപ തോതില്‍ നല്‍കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്.
മഴലഭ്യതയില്‍ കുറവുണ്ടെങ്കിലും കേന്ദ്രനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിലഭ്യത വര്‍ധിച്ചിട്ടുണ്ട്. മുമ്പ് മഴക്കുറവ് അനുഭവപ്പെട്ട 2008ലേതിനേക്കാള്‍ മെച്ചപ്പെട്ട നീരൊഴുക്ക് ഇപ്പോഴുണ്ട്. ജൂലൈ 25 വരെ 91.7 കോടി യൂണിറ്റിനുള്ള നീരൊഴുക്ക് ഈവര്‍ഷം ലഭിച്ചപ്പോള്‍ 2008ല്‍ 88.7 കോടി യൂണിറ്റിനുള്ള നീരൊഴുക്കാണ് ലഭിച്ചത്. എന്നാല്‍, കേന്ദ്രനിലയങ്ങളില്‍ നിന്നും 1384 മെഗാവാട്ട് ആയി വിഹിതം വര്‍ധിച്ചു. 2008ല്‍ 400-500 മെഗാവാട്ട് മാത്രമായിരുന്നു കേന്ദ്രവിഹിതം. അന്ന് പന്നിയാര്‍-മൂഴിയാര്‍ നിലയങ്ങള്‍ അപകടത്തെ തുടര്‍ന്ന് അടച്ചിടേണ്ടിയും വന്നു. കടുത്ത പ്രതിസന്ധിയിലും നേരിയ നിയന്ത്രണങ്ങള്‍ മാത്രം ഏര്‍പ്പെടുത്തി പ്രതിസന്ധി മറികടക്കാന്‍ അന്ന് എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. വൈദ്യുതി ഉല്‍പ്പാദനത്തിലെ കൃത്യമായ ആസൂത്രണത്തിലൂടെയും ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി ഏറ്റെടുത്തുമാണ് ഇത് സാധ്യമായത്. 4500 കോടിയുടെ പൊതുകടം 1500 കോടിയായി കുറച്ച് 2010-11ല്‍ 36 കോടി രൂപ ലാഭമുണ്ടാക്കാനുമായി. നിരക്കുവര്‍ധന ഏര്‍പ്പെടുത്താതെ തന്നെ ബോര്‍ഡിനെ സാമ്പത്തിക സുസ്ഥിരതയില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചതായി ബാലന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രം കണ്ണടച്ച് ഇരുട്ടാക്കുന്നു: എം എ ബേബി
കണ്ണടച്ച് ഇരുട്ടാക്കലാണ് പെട്രോളിയം വിലവര്‍ധനയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റേതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഒഎ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം സര്‍ക്കാരിനില്ലെന്നാണ് വാദം. എന്നാല്‍, തെരഞ്ഞെടുപ്പ് വരുമ്പോള്‍ വില ഉയര്‍ത്താത്തത് കമ്പനികളുമായി ഉണ്ടാക്കിയ ഒത്തുകളിയാലാണ്. യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ തിരുത്തണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. ഇതിനായി സേവനമേഖലകള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നു. ജനങ്ങള്‍ പട്ടിണികിടന്നു മരിക്കുമ്പോഴാണ് ഭക്ഷ്യധാന്യശേഖരം കെട്ടിക്കിടന്ന് പുഴുവരിച്ചു നശിക്കുന്നത്. അധികമുള്ള ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും നല്‍കിയില്ല. ഇപ്പോള്‍ റേഷന്‍സമ്പ്രദായവും എടുത്തുകളയുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കൂപ്പണിലൂടെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍, കമ്പോളത്തില്‍ അടിക്കടി വില വര്‍ധിക്കുമ്പോള്‍ ഇടപെടുന്നില്ല. കാര്‍ഷികഉല്‍പ്പാദനം കുറയുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയെപ്പോലും ഇത് ബാധിക്കും. സര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിരിക്കയാണ്. ചില്ലറ വ്യാപാരമേഖലയില്‍ കുത്തകക്കമ്പനികള്‍ എത്തുന്നതോടെ ചെറുകിട കച്ചവടക്കാരും ആത്മഹത്യ ചെയ്യേണ്ടിവരും- ബേബി പറഞ്ഞു.
കെഎസ്ഇബി ഓഫീസുകളിലേക്ക് ഇന്ന് ബഹുജന മാര്‍ച്ച്: വൈക്കം വിശ്വന്‍
കോട്ടയം: വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരെ സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളിലേക്ക് വെള്ളിയാഴ്ച ബഹുജന മാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. അടിച്ചേല്‍പ്പിച്ച വര്‍ധന പിന്‍വലിക്കുന്നതുവരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ബഹുജന പ്രക്ഷോഭം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്താല്‍ ദുരിതത്തിലായ സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് വര്‍ധന. ഉപയോഗിച്ചാലും ഇല്ലെങ്കിലും സ്ഥിരം ചാര്‍ജ് എന്നത് ഇരുട്ടടിയാണ്. നിയമസഭ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ വരുത്തിയ വര്‍ധന ജനങ്ങളെ വഞ്ചിക്കലാണ്. വര്‍ധന കാര്‍ഷിക വ്യവസായ മേഖലയെ തകര്‍ക്കും. പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണിത്. ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന തരത്തില്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയ പ്രഖ്യാപനവും പൊള്ളയായി. സംസ്ഥാന റെഗുലേറ്ററി കമീഷന് ജുഡീഷ്യറിക്ക് തുല്യമായ അധികാരമാണുള്ളതെന്ന് പറഞ്ഞ മന്ത്രി ജനങ്ങളെ ഇനിയും കൊള്ളയടിക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. 2013 ഏപ്രിലില്‍ വീണ്ടും വന്‍ വര്‍ധന വരുമെന്നാണ് സര്‍ക്കാര്‍തന്നെ നല്‍കുന്ന സൂചന.
കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചും വിതരണ സംവിധാനം കുറ്റമറ്റതാക്കിയും എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതിരംഗം മെച്ചപ്പെടുത്തിയിരുന്നു. ഇത് അട്ടിമറിക്കുന്ന സമീപനമാണ് യുഡിഎഫിന്റേത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം സമീപനങ്ങള്‍ക്കെതിരായ സമരത്തില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 270712
നിരക്കുവര്‍ധന വികസന രംഗത്തുള്ള തിരിച്ചടിയേക്കാള്‍ സാധാരണക്കാരന്റെ
ReplyDeleteജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുക.അട്ടപ്പാടിയില്‍ പട്ടിണി കിടന്നു മരിച്ച ആളെപ്പറ്റി ചിന്തിക്കുക.അതൊക്കെ ആര് ചിന്തിക്കാന്‍! കേരളത്തില്‍ മത ഭരണമല്ലേ!ഓരോ മതങ്ങള്‍ക്കും വേണ്ടിയാണ് ഇന്ന് രാഷ്ട്രീയം! മനുഷ്യനു എന്ത് വില? രാഷ്ട്രീയം ജനതയുടെ പുരോഗതിക്കല്ല,മതത്തിന്‍റെ നിലനില്പിനാണ്...അത്രമാത്രം അതാഹ്പ്പതിച്ചു
കേരള രാഷ്ട്രീയം.പ്രീയപ്പെട്ട വി.എസ്...താങ്കള്‍ ഒന്ന് തിരിച്ചുവരുമോ?