തിരു: ദേശാഭിമാനി പ്രസിദ്ധീകരിച്ചത് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയതോടെ തകര്‍ന്നത് വലതുപക്ഷ മാധ്യമങ്ങളുടെ നുണക്കോട്ട. സിപിഐ എമ്മിനെ രക്ഷിക്കാന്‍ അവതരിച്ച ചില "അപൂര്‍വ ചാനല്‍ ജന്മ"ങ്ങളുടെ രക്ഷകവേഷവും അഴിഞ്ഞു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി പ്രമേയം ഡ്യൂപ്ലിക്കേറ്റാണെന്ന് വരുത്താനാണ് ഇടതുപക്ഷ മുഖംമൂടിയിട്ടവരും മാധ്യമവിശാരദന്മാരും ചാനല്‍ച്ചര്‍ച്ചകളിലും അച്ചടിമാധ്യമങ്ങളിലും ശ്രമിച്ചത്. പക്ഷേ, ഇക്കൂട്ടരുടെ നുണക്കോട്ടയ്ക്ക് ആയുസ്സ് 24 മണിക്കൂര്‍പോലും ഉണ്ടായില്ല.
സിപിഐ എമ്മില്‍ പ്രത്യയശാസ്ത്രതര്‍ക്കമുണ്ടെന്നും പാര്‍ടിയുടെ കേന്ദ്രനേതൃത്വവും സംസ്ഥാനകമ്മിറ്റിയും രണ്ടുതട്ടിലാണെന്നും വരുത്താനുള്ള മാധ്യമയജ്ഞം സജീവമായിരുന്നു. ഇതിനിടയിലാണ് പാര്‍ടിയില്‍ ഐക്യവും അച്ചടക്കവും പ്രത്യയശാസ്ത്ര തെളിച്ചവും വളര്‍ത്താന്‍ ഉപകരിക്കുന്ന പാര്‍ടി കേന്ദ്രകമ്മിറ്റി പ്രമേയം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. പാര്‍ടിപ്രമേയം പാര്‍ടി ജിഹ്വയ്ക്ക് പ്രസിദ്ധീകരിക്കാമോ എന്ന ചോദ്യവും ചര്‍ച്ചയുമായി അപ്പോഴേക്കും. പ്രമേയത്തിന്റെ വിശ്വാസ്യതയെപ്പറ്റി സന്ദേഹവും പരത്തി. ദേശാഭിമാനിയില്‍ വന്നത് പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ യഥാര്‍ഥ പ്രമേയമല്ലെന്നും കേന്ദ്രകമ്മിറ്റി പ്രമേയം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിക്കുകയെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. പാര്‍ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച കേന്ദ്രകമ്മിറ്റി പ്രമേയത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റമില്ലെങ്കിലും ശൈലിയും വാചകഘടനയും കമ്മിറ്റിയുടെ പൊതുവികാരവുമായി യോജിക്കുന്നതല്ലെന്ന് കേന്ദ്രനേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരിക്കുന്നുവെന്ന കണ്ടെത്തലിലാണ് കേരളകൗമുദി. സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച പ്രമേയം വളച്ചൊടിക്കപ്പെട്ടതാണെന്നായിരുന്നു മാതൃഭൂമിയുടെ പക്ഷം. ഇങ്ങനെ പ്രമേയത്തിന്റെ വിശ്വാസ്യതയെപ്പോലും ചോദ്യംചെയ്യുന്ന നിലയിലേക്ക് അച്ചടി- ദൃശ്യ മാധ്യമങ്ങള്‍ മാറി. ഇതിനുള്ള ചുട്ട പ്രഹരമായി കാരാട്ടിന്റെ വിശദീകരണം.
എന്നാല്‍, ഇതിനുശേഷവും പ്രമേയത്തെ ആസ്പദമാക്കി വിശ്വാസരാഹിത്യം പരത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. സിപിഐ എമ്മിനെപ്പറ്റി പറയാന്‍ ജനറല്‍ സെക്രട്ടറിക്കുപോലും അവകാശമില്ലെന്ന നിലയിലേക്ക് ചാനല്‍ചര്‍ച്ചകളെയും വാര്‍ത്തകളെയും കൊണ്ടുപോവുകയാണ്. സിപിഐ എമ്മിനെപ്പറ്റിയുള്ള അവസാനവാക്ക് ചില "എക്സ് കമ്യൂണിസ്റ്റു"കള്‍ക്കും കമ്യൂണിസ്റ്റുവിരുദ്ധര്‍ക്കുമാണെന്ന് സ്ഥാപിക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
പാര്‍ടിയില്‍ ഐക്യവും പ്രത്യയശാസ്ത്ര കരുത്തും വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ പ്രമേയം. കേരളത്തിലെ പാര്‍ടിയില്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുണ്ടെന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ലെന്നാണ് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയത്. രാഷ്ട്രീയമായ വ്യതിചലനം, ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ത്തുന്നത് വിഭാഗീയത വളര്‍ത്താനാണ്. ഇതിനെ കേന്ദ്രകമ്മിറ്റി തിരിച്ചറിഞ്ഞതിലുള്ള അസ്വസ്ഥതകൊണ്ടാണ് ചില ഇടതുബുദ്ധിജീവികളും മാധ്യമ സിന്‍ഡിക്കറ്റും പാര്‍ടിപ്രമേയത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തത്. കേരളത്തിലെ പാര്‍ടിക്ക് വലതുപക്ഷ വ്യതിയാനമുണ്ടെന്ന ആക്ഷേപവും കേന്ദ്രകമ്മിറ്റി തള്ളി. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാനകമ്മിറ്റി പാലിച്ചുപോന്നു എന്ന വസ്തുത പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ടി പി ചന്ദ്രശേഖരന്‍ വധത്തെതുടര്‍ന്ന് കേരള അന്തരീക്ഷത്തില്‍ പരത്തിയ കമ്യൂണിസ്റ്റുവിരുദ്ധ ഹിസ്റ്റീരിയയ്ക്ക് ആക്കംകൂട്ടാന്‍, സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ പ്രമേയത്തിലെ ഒരു വരിപോലും കമ്യൂണിസ്റ്റുവിരുദ്ധര്‍ക്ക് വീണുകിട്ടാത്തതിന്റെ നിരാശയിലാണ് കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമക്കൂട്ടവും "നിശാകാല മാധ്യമവിപ്ലവജീവി"കളും.
(ആര്‍ എസ് ബാബു)
തകര്‍ന്നത് മാധ്യമ നുണക്കോട്ട
ReplyDeleteദേശാഭിമാനി മാത്രമാണ് ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നത് അല്ലെ സഖാവെ?
ReplyDelete