Tuesday, July 31, 2012

ഡിവൈഎസ്പി ഫോണ്‍ വിളിച്ചത് തെളിവെടുക്കാനെന്ന്


ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാന്‍ വിവിധ ആളുകളുമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫലി ഹൈക്കോടതിയെ അറിയിച്ചു. ദേശാഭിമാനി വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ഫോണുകളിലേക്ക് 13 കോളുകള്‍ മാത്രമാണ് വിളിച്ചിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. വാര്‍ത്ത നല്‍കുന്നതിനായി മാധ്യമപ്രവര്‍ത്തകരെ ആരെയും വിളിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ബിഎസ്എന്‍എല്‍ അക്കൗണ്ട്സ് ഓഫീസര്‍ ആര്‍ എസ് സനല്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

മൊബൈല്‍ഫോണ്‍ കോള്‍ വിവരങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് സനല്‍കുമാര്‍ ഉള്‍പ്പെടെ 35 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ഐഡിയും പാസ്വേഡും നല്‍കിയിട്ടുണ്ടെന്നും സനല്‍കുമാര്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് പാസ്വേഡ് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 3000 തവണ മാധ്യമപ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന ദേശാഭിമാനി വാര്‍ത്ത വാസ്തവമല്ല. ഡിവൈഎസ്പി ഷൗക്കത്തലിയുടെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പരിശോധിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടേതടക്കം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതിനാല്‍ സനല്‍കുമാറിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ട്. ദേശാഭിമാനി ഉദ്യോഗസ്ഥരും സനല്‍കുമാറും തമ്മില്‍ വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേസെടുത്തതിനെത്തുടര്‍ന്ന് ബിഎസ്എന്‍എല്ലിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്നതും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതുമായ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സനല്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കൂടുതല്‍ വാദത്തിനായി മാറ്റി.

deshabhimani 310712

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാന്‍ വിവിധ ആളുകളുമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫലി ഹൈക്കോടതിയെ അറിയിച്ചു. ദേശാഭിമാനി വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ഫോണുകളിലേക്ക് 13 കോളുകള്‍ മാത്രമാണ് വിളിച്ചിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. വാര്‍ത്ത നല്‍കുന്നതിനായി മാധ്യമപ്രവര്‍ത്തകരെ ആരെയും വിളിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ബിഎസ്എന്‍എല്‍ അക്കൗണ്ട്സ് ഓഫീസര്‍ ആര്‍ എസ് സനല്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

    ReplyDelete