Saturday, July 28, 2012

ചില്ലറവില്‍പ്പനയില്‍ എഫ്ഡിഐ: തീരുമാനം ഉടനെന്ന് സര്‍ക്കാര്‍


മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ രാഷ്ട്രീയതീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് യുപിഎ സര്‍ക്കാര്‍. മള്‍ട്ടി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി ആനന്ദ്ശര്‍മ പറഞ്ഞു. രാഷ്ട്രീയ അനുരജ്ഞനത്തിനുവേണ്ടി അനിശ്ചിതമായി കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം തുടര്‍ന്നു. ലണ്ടനില്‍ ആഗോള നിക്ഷേപ സമ്മേളനത്തിന് എത്തിയ വേളയിലാണ് ആനന്ദ്ശര്‍മ യുപിഎ സര്‍ക്കാരിന്റെ തീരുമാനം പ്രഖ്യാപിച്ചത്.

ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അടുത്തയിടെ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയിലെത്തിയ അമേരിക്കന്‍ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി ആഷ്ടണ്‍ ബി കാര്‍ടറും ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുളള പ്രതികരണമെന്ന നിലയിലാണ് ബ്രിട്ടനില്‍ ആനന്ദ് ശര്‍മ വിദേശനിക്ഷേപത്തിന് അനുകൂലമായ പ്രഖ്യാപനം നടത്തിയത്.

ഭൂരിപക്ഷം സംസ്ഥാന മുഖ്യമന്ത്രിമാരും വിദേശനിക്ഷേപത്തിന് അനുകൂലമാണ്. ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ് വിദേശനിക്ഷേപം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നത്. അത് ആശയപരവുമാണ്. ബിജെപിയുടെ എതിര്‍പ്പ് പക്ഷപാതപരമാണ്. ഇഷ്ടംപോലെ അവര്‍ നിറം മാറും-ആനന്ദ്ശര്‍മ പറഞ്ഞു. അതുകൊണ്ട് തന്നെ ഒരുരാഷ്ട്രീയ തീരുമാനം കൈക്കോള്ളേണ്ട സമയമായി. കഴിഞ്ഞ നവംബര്‍ 24ന് കേന്ദ്രമന്ത്രിസഭഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതിനാല്‍, ഇനി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയാല്‍ മാത്രം മതിയെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. നാല് ഇടതുപക്ഷപാര്‍ടികളും സമാജ്വാദിപാര്‍ടിയും ജനതാദള്‍-എസും കഴിഞ്ഞ ദിവസം വിദേശനിക്ഷേപം അനുവദിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയിരുന്നു. യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മുലായംസിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദിപാര്‍ടിയും വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരെ രംഗത്ത് വന്നത് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. യുപിഎ ഘടകകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസും വിദേശനിക്ഷേപത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. എന്‍ഡിഎ ഘടകകക്ഷിയായ ഐക്യജനതാദളും വിദേശനിക്ഷേപത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

പ്രതിഷേധം തണുപ്പിക്കാന്‍ ലക്ഷ്യമിട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ്സിങ് യാദവിനും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും ആനന്ദ് ശര്‍മ അടുത്തയിടെ കത്തെഴുതിയിരുന്നു. അതിനിടെ പ്രതിരോധരംഗത്ത് വിദേശനിക്ഷേപം അനുവദിക്കണമെന്ന് ദേശീയ സുരക്ഷ സംബന്ധിച്ച നരേഷ്ചന്ദ്ര കര്‍മ സമിതി ശുപാര്‍ശ ചെയ്തു. നിലവില്‍ 26 ശതമാനം മാത്രമാണ് വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. ശുപാര്‍ശ പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

deshabhimani 280712

1 comment:

  1. മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ രാഷ്ട്രീയതീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് യുപിഎ സര്‍ക്കാര്‍. മള്‍ട്ടി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി ആനന്ദ്ശര്‍മ പറഞ്ഞു. രാഷ്ട്രീയ അനുരജ്ഞനത്തിനുവേണ്ടി അനിശ്ചിതമായി കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം തുടര്‍ന്നു. ലണ്ടനില്‍ ആഗോള നിക്ഷേപ സമ്മേളനത്തിന് എത്തിയ വേളയിലാണ് ആനന്ദ്ശര്‍മ യുപിഎ സര്‍ക്കാരിന്റെ തീരുമാനം പ്രഖ്യാപിച്ചത്.

    ReplyDelete