Saturday, July 13, 2013

മുഖ്യമന്ത്രി തിരുത്തുന്നു; സോളാര്‍ കൊണ്ടുപോയത് 10 കോടിയെന്ന്

സോളാര്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് 10 കോടി രൂപ നഷ്ടമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ചുകോടി രൂപമാത്രമാണ് നഷ്ടമെന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. പതിനായിരം കോടിയുടെ തട്ടിപ്പെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. സരിതയുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ഗാഢബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ന്യായീകരണവുമായി മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് പത്തുകോടി നഷ്ടമെന്ന വെളിപ്പെടുത്തല്‍. സോളാര്‍വഴി 10 കോടി പോയപ്പോള്‍ ഒരുദിവസത്തെ ഹര്‍ത്താലിലൂടെ സംസ്ഥാനത്തിനുണ്ടായ സാമ്പത്തികനഷ്ടം 800 മുതല്‍ 1000 കോടി രൂപവരെയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സോളാര്‍വിഷയത്തില്‍ ആരോപണങ്ങള്‍ ഉയരുന്നത്. നിയമസഭയുടെ പരിരക്ഷയില്‍ മുമ്പ് ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു. ഇപ്പോള്‍ ചാനലുകളിലും മറ്റും കയറിയിരുന്ന് ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയായി. സ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ കാര്യങ്ങളാണ് മലവെള്ളപ്പാച്ചില്‍പോലെ വരുന്നത്. കുടുംബാംഗങ്ങളെപ്പോലും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. വസ്തുതയുടെ അംശംപോലുമില്ലാതെ എന്തും പറയാമെന്ന നിലപാട് വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ്. സോളാര്‍ കേസിലെ പ്രതികളുമായി തന്റെ ഓഫീസിലെ മൂന്നു ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ട കാര്യം വിസ്മരിക്കുന്നില്ല. കുറ്റംചെയ്ത എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ്സംഘത്തെ നിയോഗിച്ചത്. പ്രതിപക്ഷം തന്റെ രക്തത്തിന് ദാഹിക്കുകയാണ്. താന്‍ ഓരോ ഇഞ്ചും പൊരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimnai

No comments:

Post a Comment