ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടാതെ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്കും വിചാരണയോ ശിക്ഷയോ ഇല്ലാതെ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന വിധിയാണിത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കള്ളക്കേസുകള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. കൂടാതെ നിയമ-ജുഡീഷ്യല്‍ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയും പക്ഷപാതിത്വവും കാരണം ലക്ഷക്കണക്കിന് വിചാരണത്തടവുകാര്‍ മനുഷ്യാവകാശം പോലും ഹനിക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഉത്തരവ് വന്‍തോതില്‍ ദുരുപയോഗിക്കുന്നതിലേക്കാവും നയിക്കുക. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുന്നതിന് മറ്റുള്ളവരെ ജയിലിലടയ്ക്കാന്‍ ഭരണകക്ഷികള്‍ക്ക് കഴിയും. എംപിമാരോ എംഎല്‍എമാരോ കുറ്റം ചെയ്തവരാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ചുതന്നെ നേരത്തെ വിധിച്ചു. കുറ്റം ചുമത്തപ്പെട്ട് ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അപ്പീലിനും സ്റ്റേയ്ക്കും മേല്‍ക്കോടതിയെ സമീപിക്കാന്‍ മൂന്നു മാസത്തേക്ക് സമയം നല്‍കുന്ന രീതിയില്‍ അംഗത്വം തുടരുന്നതിന് അനുവദിക്കുന്ന 8(4) വകുപ്പ് സുപ്രീംകോടതി റദ്ദാക്കി.
ഗുരുതരമായ കുറ്റകൃത്യങ്ങളുമായും അഴിമതിയുമായും ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ മാറ്റിനിര്‍ത്തുന്നതിനുള്ള സുപ്രീംകോടതിയുടെ താല്‍പ്പര്യം നല്ലതും അഭിനന്ദനാര്‍ഹവുമാണ്. എന്നാല്‍, ജനപ്രാതിനിധ്യനിയമത്തിന്റെ 8(4) ഭരണഘടനാവിരുദ്ധമാണെന്ന വിധി സുപ്രധാനമായ ചില പ്രശ്നങ്ങളുയര്‍ത്തുന്നു. നിലവിലുള്ള ജുഡീഷ്യല്‍ സംവിധാനത്തില്‍ വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീല്‍ പരിഗണിക്കുന്ന മേല്‍ക്കോടതികള്‍ പലപ്പോഴും വിധി റദ്ദാക്കാറുണ്ട്. വിധി വന്നയുടന്‍ അയോഗ്യത കല്‍പ്പിക്കപ്പെടുന്ന ഒരംഗം മേല്‍ക്കോടതിയെ സമീപിച്ച് കുറ്റവിമുക്തനായാല്‍ തനിക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ അവസരം ഇല്ലാതാകും. വിധി ഉയര്‍ത്തുന്ന മറ്റ് പ്രശ്നങ്ങളും പരിശോധിക്കണം. അതിനാല്‍ വിധി പുനഃപരിശോധനയിലൂടെ കൂടുതല്‍ വ്യക്തമാക്കണം- പിബി പറഞ്ഞു. സുപ്രീംകോടതി വിധിന്യായം പരിശോധിച്ച് വരികയാണെന്നും അതിന് ശേഷം എല്ലാ രാഷ്ട്രീയ പാര്‍ടികളുമായും ചര്‍ച്ചചെയ്ത് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment