Thursday, July 4, 2013

ഭക്ഷ്യസുരക്ഷ 67 ശതമാനത്തിനു മാത്രം

പാര്‍ലമെന്റിനെ മറികടന്ന് ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഓര്‍ഡിനന്‍സ് വ്യാഴാഴ്ച രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. അംഗീകാരം ലഭിച്ചാലുടന്‍ ചട്ടങ്ങള്‍ക്ക് രൂപംനല്‍കും. പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ചചെയ്തേ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാവൂവെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് തീരുമാനം. ജനക്ഷേമപദ്ധതി ഓര്‍ഡിനന്‍സ് രൂപത്തില്‍ നടപ്പാക്കുന്നത് അത്യപൂര്‍വമാണ്. വര്‍ഷകാല സമ്മേളനം തുടങ്ങി ആറാഴ്ചയ്ക്കകം ബില്‍ പാസാക്കുമെന്ന് ഭക്ഷ്യസഹമന്ത്രി കെ വി തോമസ് പറഞ്ഞു.

67 ശതമാനം ജനങ്ങള്‍ക്കുമാത്രം ആനുകൂല്യം ലഭിക്കുന്ന വിധമാണ് ബില്ലിലെ വ്യവസ്ഥകള്‍. പല സംസ്ഥാനങ്ങളിലുമുള്ള ഭക്ഷ്യപദ്ധതികളുമായി താരമത്യപ്പെടുത്തുമ്പോള്‍ കേന്ദ്രപദ്ധതി അനാകര്‍ഷകമാണ്. പദ്ധതിയുടെ പ്രധാന മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്: ആനുകൂല്യത്തിന് അര്‍ഹനാകുന്ന വ്യക്തിക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം അനുവദിക്കും. അരി കിലോയ്ക്ക് മൂന്നു രൂപ നിരക്കിലും ഗോതമ്പ് രണ്ടുരൂപയ്ക്കും ലഭിക്കും. മറ്റ് ധാന്യങ്ങള്‍ക്ക് ഒരു രൂപയാണ് നിരക്ക്. പദ്ധതിപ്രകാരം ഗുണഭോക്താവിന് ധാന്യം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. വനിതാ ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6000 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക പരിഗണനയുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് സംസ്ഥാനങ്ങളാണ്. അടുത്ത സാമ്പത്തികവര്‍ഷം ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, നടപ്പുവര്‍ഷം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി മാത്രമാകും ചെലവാകുക. ബില്ലില്‍ ഒട്ടനവധി പിഴവുകളുണ്ടെന്നും പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമം കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ എം പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment