Thursday, July 4, 2013

അന്വേഷണത്തിന് തിരുവഞ്ചൂരിന്റെ മൂക്കുകയര്‍

ആലപ്പുഴ: സോളാര്‍ കുംഭകോണക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന് മൂക്കുകയറിടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സംഘത്തില്‍തന്നെ ഭിന്നത. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇനി അറസ്റ്റടക്കമുള്ള നടപടികള്‍ രാഷ്ട്രീയ തീരുമാനത്തിന് ശേഷം മാത്രമേ പാടുള്ളൂവെന്ന നിര്‍ദേശമാണ് അതൃപ്തിക്ക് ഇടയാക്കിയത്. ജോപ്പനെ അറസ്റ്റ് ചെയ്ത സമയം ശരിയായില്ലെന്ന് എ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെ അഭ്യന്തര മന്ത്രി തന്നെ ഇതുസംബന്ധിച്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായാണ് അറിവ്. അന്വേഷണസംഘത്തിലെ യുഡിഎഫ് അനുകൂലികളായ മൂന്ന് ഡിവൈഎസ്പിമാരെ അഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ച് സംഘത്തിന്റെ നീക്കങ്ങളും തീരുമാനങ്ങളും അപ്പപ്പോള്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ടെന്നി ജോപ്പനെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാത്തതിലും ശാലുമേനോന്റെ അറസ്റ്റ് വൈകിക്കുന്നതിലും അന്വേഷണസംഘത്തില്‍ ഭിന്നതയുണ്ട്. മുഖ്യമന്ത്രിയെയും ഓഫീസിനെയും രക്ഷിക്കാനുള്ള സാവകാശം ഒരുക്കാനാണ് ജോപ്പനെ ഉടനെ കസ്റ്റഡിയില്‍ വാങ്ങേണ്ടെന്ന തീരുമാനത്തിന് പിന്നില്‍. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്ന കരാര്‍ സംബന്ധിച്ച് ശ്രീധരന്‍ നായരുമായി മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടത്തിയതെന്ന് ജോപ്പന്‍ സമ്മതിച്ചിരുന്നു. രണ്ടാം ഗഡുവായ 15 ലക്ഷത്തിന്റെ ചെക്കും അവിടെവെച്ചാണ് കൈമാറിയത്. ഇതുസംബന്ധിച്ച തെളിവെടുപ്പിന് ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോകേണ്ടിവരും. ഇത് വൈകിക്കുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത് നീട്ടിവെക്കുന്നത്. സോളാര്‍ തട്ടിപ്പ് പുറത്തായ ശേഷം പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപെടാന്‍ ശാലുമേനോന്‍ സഹായിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ബിജുവില്‍ നിന്ന് പലതവണ പണം വാങ്ങിയിട്ടുണ്ടെന്നും ശാലുപറഞ്ഞിരുന്നു. തട്ടിപ്പ് സംഘത്തിന്റെ ഏജന്റായി ചിലരെ ശാലു സമീപിക്കുകയും ചെയ്തു. എന്നിട്ടും ശാലുമേനോനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് അന്വേഷണസംഘത്തെ നിരാശയിലാക്കി. അഭ്യന്തര മന്ത്രി തിരുവഞ്ചൂരുമായുള്ള ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ മാധ്യങ്ങള്‍ പുറത്തുവിട്ടിട്ടും വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന സരിതയെ ഇതുസംബന്ധിച്ച് ബുധനാഴ്ച ചോദ്യം ചെയ്തില്ല.

ഗണ്‍മാന്മാരെ മാറ്റില്ല; അന്വേഷിക്കട്ടെ: മുഖ്യമന്ത്രി

തിരു: സലിംരാജിനു പുറമെ മറ്റു രണ്ട് ഗണ്‍മാന്മാരും സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയുമായി ഫോണ്‍ബന്ധം പുലര്‍ത്തിയതും പൊലീസ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗണ്‍മാന്മാരായ അശോക്കുമാര്‍, രവീന്ദ്രന്‍പിള്ള എന്നിവരെ സരിത നിരന്തരം വിളിച്ചത് ബുധനാഴ്ച പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവരെ മാറ്റിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടപടിക്രമം പാലിച്ച് ആവശ്യമായതു ചെയ്യുമെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

ആക്ഷേപം വന്ന ഉടന്‍ സലിംരാജിനെ മാറ്റിനിര്‍ത്തിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് തന്ന ശേഷമാണ് നടപടിയെടുത്തത്. മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുന്നതുകൊണ്ട് തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കില്ല. അന്വേഷണം ശരിയായ ദിശയില്‍ പോകും. നാല്‍പ്പതു ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ തന്റെ ഓഫീസില്‍വച്ചല്ല സരിതയ്ക്ക് ചെക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

ജോപ്പനും സരിതയും ഓഫീസില്‍ നിന്ന് ചെക്ക് കൈപ്പറ്റിയെന്നതും അവിടെവച്ച് സന്തോഷം പങ്കിട്ടു എന്നതും പത്രപ്രവര്‍ത്തകര്‍ ഉണ്ടാക്കിയതാണ്. സത്യം മൂടിവയ്ക്കാന്‍ സാധിക്കില്ല. ശ്രീധരന്‍നായരുടെ പരാതിയില്‍ തിരുത്തുവരുത്തിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി കോടതിയിലെയും കേസ് ഡയറിയിലെയും പരാതി ഒന്നുതന്നെയാണെന്ന് കോടതി നീരിക്ഷിച്ചത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പ്രതികരിച്ചില്ല. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടി ശാലുവിന്റെ വീട്ടില്‍പോയത് മറച്ചുവച്ചതും പിന്നീട് സമ്മതിച്ചതും സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ശാലുവിനെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍, വരട്ടെ നോക്കാം എന്നായിരുന്നു മറുപടി. സോളാര്‍ വിവാദത്തില്‍ ഫെയ്സ് ബുക്കില്‍ പ്രതികരിച്ചതിന്റെ പേരില്‍ നാല് ഉദ്യോസ്ഥരെ സസ്പെന്‍ഡ് ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. താന്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. എന്നാല്‍, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന് നടപടിയെടുത്തിട്ടുണ്ടെങ്കില്‍ താന്‍ ഇടപെടില്ല. കേരളഹൗസില്‍ അനധികൃത നിയമനത്തിന് യോഗ്യതാമാനദണ്ഡങ്ങള്‍ ഇളവ് ചെയ്തിട്ടില്ല. പരാതിയുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ പരിശോധിക്കും. കരിങ്കൊടി കാണുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, എങ്കില്‍ പൊലീസ് ഭീകരത സൃഷ്ടിക്കുന്നതെന്തിനെന്ന ചോദ്യത്തിന് സുരക്ഷാക്രമീകരണങ്ങളാണെന്ന് മറുപടി നല്‍കി.

deshabhimani

No comments:

Post a Comment