ജൂലൈ ഒമ്പതിനാണ് ശ്രീധരന്‍നായര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. അതിന് മുമ്പുതന്നെ സരിതയ്ക്ക് ചെക്ക് നല്‍കിയിരുന്നെന്നും അതിനാല്‍ ഈ സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് വരുത്താനുമാണ് "രേഖ" പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി ചൊവ്വാഴ്ച ധനമന്ത്രി കെ എം മാണിയാണ് "രേഖ" സഭയില്‍ അവതരിപ്പിക്കുന്നത്. സുപ്രധാന രേഖയെന്ന് ചിത്രീകരിച്ച് മനോരമ ഇത് ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയാക്കി ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താനും ശ്രമിച്ചു. ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി "രേഖ"യെ കുറിച്ച് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത് എനര്‍ജി മാനേജ്മെന്റ് കൗണ്‍സില്‍ നല്‍കിയ പരസ്യത്തിനുമുകളില്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രം തയ്യാറാക്കിയ മാര്‍ക്കറ്റിങ് ഫീച്ചറില്‍ വന്ന ടീം സോളാറിന്റെ പരസ്യം സര്‍ക്കാര്‍ പരസ്യമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി നടത്തിയ ശ്രമത്തിന്റെ പരിഹാസ്യമായ തുടര്‍ച്ചയാണിത്.
ശ്രീധരന്‍നായര്‍ ചാനലുകളില്‍ വെളിപ്പെടുത്തിയതിന്റെ ചുരുക്കം ഇങ്ങനെ: ജൂണ്‍ 25ന് സരിതയുമായി എംഒയു തയ്യാറാക്കി. 15 ലക്ഷത്തിന്റെ രണ്ട് ചെക്കും 10 ലക്ഷത്തിന്റെ ഒരു ചെക്കും ഉള്‍പ്പെടെ 40 ലക്ഷത്തിന്റെ ചെക്ക് നല്‍കി. പക്ഷേ, കാശ് മാറുന്നതിനുമുമ്പ് മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിക്കണം. അതിനിടെ ജൂണ്‍ 30ന് സരിത വിളിച്ചു. ഇന്ന് മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല. കാശ് അത്യാവശ്യമായതിനാല്‍ ചെക്ക് ബാങ്കില്‍ കൊടുക്കാന്‍ അനുവാദം ചോദിച്ചു. മുഖ്യമന്ത്രിയെ കാണാമെന്ന അവസരമുണ്ടാക്കാമെന്ന് പറഞ്ഞതിനാല്‍ 25 ലക്ഷം രൂപ കൈമാറാന്‍ സമ്മതിച്ചു. ഒടുവില്‍ ജൂലൈ ഒമ്പതിന് കണ്ടു. എംഒയു ഒപ്പിട്ട സാറാണിത്, എന്ന് മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. തുടര്‍ന്നാണ് ബാക്കി കാശ് കൂടി വിട്ടുകൊടുത്തത്.
കാശ് വാങ്ങിയിട്ടും പദ്ധതി നടക്കാതായപ്പോഴാണ് ശ്രീധരന്‍നായര്‍ അഡ്വ. സി എസ് മണിലാല്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്. നിയമനടപടിക്കുള്ള മുന്‍കൂര്‍ നോട്ടീസായിരുന്നു ഇത്. ഇതില്‍ പറഞ്ഞ അതേ കാര്യങ്ങളാണ് ശ്രീധരന്‍നായര്‍ വെളിപ്പെടുത്തുന്നതെന്നും വ്യക്തം. ഒരു ക്രിമിനലിന് വാദിയുടെ അഭിഭാഷകന്‍ അയച്ച നോട്ടീസിനെ സര്‍ക്കാര്‍ സഭയില്‍ വച്ച സുപ്രധാന രേഖയായി അവതരിപ്പിച്ച് മനോരമയും മാതൃഭൂമിയും നാണം കെട്ടു. മുഖ്യമന്ത്രിയെ വിശ്വസിച്ചാണ് ശ്രീധരന്‍നായര്‍ കാശ് നല്‍കിയത്. ആ വിശ്വാസം കൂടിക്കാഴ്ചയ്ക്ക് ശേഷം ഉറപ്പിച്ചു. ബാക്കി കാശും നല്‍കി. ശ്രീധരന്‍നായര്‍ അയച്ച വക്കീല്‍ നോട്ടീസ് സുപ്രധാന രേഖയാണെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയാണെങ്കില്‍ ആ രേഖയുടെ തുടര്‍ച്ചയായി ഒട്ടും വ്യതിചലിക്കാതെ ശ്രീധരന്‍നായര്‍ നല്‍കിയ മൊഴിയും ശരിയാണെന്ന് സമ്മതിക്കേണ്ടിവരും. ഇക്കാര്യത്തില്‍ ശ്രീധരന്‍നായര്‍ നുണപരിശോധനയ്ക്ക് വരെ തയ്യാറാണ്. ജൂലൈ ഒമ്പതിലെ സെക്രട്ടറിയറ്റിലെ സിസി ടിവി ദൃശ്യമോ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരമോ പുറത്തുവിടണമെന്ന വെല്ലുവിളി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നാണ് ഇനി ഉയരുന്ന ചോദ്യം.
deshabhimani
No comments:
Post a Comment