ചൊവ്വാഴ്ച കേരളഹൗസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയപ്പോള്‍ തന്നെ കര്‍ക്കശനടപടിക്ക് പൊലീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എസ്എഫ്ഐക്കാരെ എതിരിടാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന്‍ ലോക്കപ്പിലാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ പാര്‍പ്പിച്ചത്. വനിതാ പ്രവര്‍ത്തകരെ രാത്രി വൈകി വിട്ടയച്ചു. പ്രസിഡന്റ് ശിവദാസനും ജോ. സെക്രട്ടറി ശതരൂപ് ഘോഷും ഉള്‍പ്പെടെ ഒമ്പത് പ്രവര്‍ത്തകരെ ബുധനാഴ്ച ഉച്ചയ്ക്ക് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് ജസ്ജിത് കൗര്‍ മുമ്പാകെ ഹാജരാക്കി.
ജാമ്യം നിഷേധിക്കാന്‍ തക്ക കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജനാധിപത്യരീതിയില്‍ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും എസ്എഫ്ഐക്ക് വേണ്ടി ഹാജരായ അനില്‍ ചൗഹാന്‍ ബോധിപ്പിച്ചു. എന്നാല്‍, ഇത് ശരിയല്ലെന്നും പൊലീസുകാരെ കടിച്ച് ഗുരുതരമായി മുറിവേല്‍പ്പിച്ചെന്നും ഡല്‍ഹി പൊലീസ് അഭിഭാഷകന്‍ വാദിച്ചു. മുറിവേല്‍പ്പിച്ചെങ്കില്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ഹാജരാക്കുന്നതിന് ഒരു ദിവസം അനുവദിക്കണമെന്ന പൊലീസിന്റെ അഭ്യര്‍ഥന കോടതി അനുവദിച്ചു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ തിഹാറിലേക്ക് മാറ്റി. ശിവദാസനും ശതരൂപിനും പുറമെ മലയാളി കളായ എന്‍ രാഹുല്‍, നിതീഷ് നാരായണന്‍ എന്നിവരും റിമാന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.
ജീവന് ഭീഷണിയാകുന്ന പ്രവര്‍ത്തനം (ഇന്ത്യന്‍ ശിക്ഷാനിയമം 336), അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ (326), കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ (353), സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ (332), കൃത്യനിര്‍വഹണത്തില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുക (186), ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ അതിക്രമിച്ചുകയറല്‍ (452) അതിക്രമിച്ചുകയറല്‍ (147), കലാപം സൃഷ്ടിക്കല്‍ (149) എന്നീ കുറ്റങ്ങളാണ് പൊലീസ് പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. വ്യാഴാഴ്ച ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഉമ്മന്‍ചാണ്ടി ശനിയാഴ്ച ഡല്‍ഹിയില്‍ എത്തുന്നത് പ്രമാണിച്ച് കേരളഹൗസില്‍ വന്‍ പൊലീസ് ബന്തവസ്സാണ്. ബുധനാഴ്ച എഐവൈഎഫ് പ്രവര്‍ത്തകര്‍ കേരളഹൗസിന് മുന്നിലേക്ക് പ്രതിഷേധപ്രകടനം നടത്തി. ശിവദാസന്‍ അടക്കമുള്ളവരെ ജയിലില്‍ അടച്ചതില്‍ ശക്തമായി പ്രതിഷേധിക്കാന്‍ എസ്എഫ്ഐ ദേശീയ എക്സിക്യൂട്ടീവ് എല്ലാ യൂണിറ്റുകളോടും അഭ്യര്‍ഥിച്ചു. ഡിവൈഎഫ്ഐ ദേശീയ എക്സിക്യൂട്ടീവും പ്രതിഷേധം അറിയിച്ചു.
deshabhimani
No comments:
Post a Comment