Friday, July 5, 2013

മേല്‍ജാതിക്കാരിയെ വിവാഹം കഴിച്ച ദളിത് യുവാവ് മരിച്ച നിലയില്‍

ധര്‍മപുരി ജില്ലയിലെ മൂന്ന് ഗ്രാമത്തില്‍ ദളിത് വേട്ടയ്ക്ക് വഴിവച്ച മിശ്രവിവാഹത്തിലെ വരനായ ദളിത് യുവാവ് ഇ ഇളവരശന്‍ മരിച്ച നിലയില്‍. ധര്‍മപുരി സര്‍ക്കാര്‍ ആര്‍ട്സ് കോളേജിനു സമീപം റെയില്‍വേട്രാക്കില്‍ ചിന്നിച്ചിതറിയ നിലയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇളവരശന്റെ മൃതദേഹം കണ്ടെത്തിയത്. ധര്‍മപുരിയിലെ നായിക്കന്‍കൊട്ടി ഗ്രാമത്തിലെ നാതം കോളനിയിലെ ഇളവരശന്‍ വാണിയര്‍ സമുദായത്തില്‍പെട്ട ദിവ്യയെ വിവാഹം കഴിച്ചത് വന്‍ ദളിത് വേട്ടയ്ക്കും പാട്ടാളിമക്കള്‍കച്ചി (പിഎംകെ), വിടുതലൈ ചിരുതൈ കച്ചി (വിസികെ) എന്നീ പാര്‍ടികള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷത്തിനും ഇടവച്ചിരുന്നു.

വിവാഹം നടക്കുമ്പോള്‍ ദിവ (21) നേഴ്സിങ് വിദ്യാര്‍ഥിനിയും ഇളവരശന്‍(18) തമിഴ്നാട് പൊലീസില്‍ കോണ്‍സ്റ്റബിളായി നിയമനം കാത്തുകഴിയുകയുമായിരുന്നു. വിവാഹത്തിനു മൂന്ന് മാസത്തിനുശേഷം 2012 നവംബറില്‍ ദിവ്യയുടെ അച്ഛന്‍ നാഗരാജ് ജീവനൊടുക്കി. നാതം, അണ്ണനഗര്‍, കൊണ്ടംപട്ടി കോളനികളില്‍ മേല്‍ജാതിക്കാര്‍ നവംബര്‍ ഏഴിന് അക്രമം അഴിച്ചുവിട്ടു. ബംഗളൂരുവില്‍ കുറേക്കാലം ഒളിവില്‍ താമസിച്ച ദമ്പതികള്‍ സ്ഥിതിഗതികള്‍ ശാന്തമായെന്ന ധാരണയില്‍ തിരിച്ചെത്തി. ജൂണില്‍ ദിവ്യയെ കാണാനില്ലെന്ന് കാട്ടി മാതാവ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും രാഷ്ട്രീയ-സാമുദായിക പ്രശ്നം മൂലം അമ്മയ്ക്ക് ഒപ്പം പോകുന്നുവെന്ന് ദിവ്യ കോടതിയെ അറിയിച്ചു. ഭര്‍ത്താവോ വീട്ടുകാരോ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ദിവ്യ കോടതിയെ അറിയിച്ചു. ഇളവരശനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം ദിവ്യ മദ്രാസ് ഹൈക്കോടതി പരിസരത്തു വച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ മനംനൊന്ത് ഇളവരശന്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

കോയമ്പത്തൂരില്‍നിന്ന് ലോകമാന്യ തിലക് ടെര്‍മിനസിലേക്കു പോയ കുര്‍ള എക്സ്പ്രസിനു മുന്നില്‍ ഇളവരശന്‍ ചാടുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. മൃതശരീരത്തിനടുത്തുള്ള ബാഗില്‍നിന്ന് 2011ല്‍ ദിവ്യ അയച്ച കത്തുകളും ദിവ്യയുടെ ചിത്രവും കണ്ടെത്തി. എന്നാല്‍, ഇളവരശനെ കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കടുത്ത ബാഹ്യസമ്മര്‍ദ്ദം മൂലമാണ് ദിവ്യ ഭര്‍ത്താവിനെ പിരിയാന്‍ തീരുമാനിച്ചതെന്ന് വ്യക്തമായതിനാല്‍ ഇളവരശിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇളവരശന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് ധര്‍മപുരിയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍കരുതലെന്ന നിലയില്‍ രണ്ട് കമ്പനി തമിഴ്നാട് പ്രത്യേക സായുധസേന ധര്‍മപുരിയില്‍ തമ്പടിക്കുന്നു. സാമുദായിക സംഘര്‍ഷ മേഖലകളായ ധര്‍മപുരി, വില്ലുപുരം, കുഡ്ഡലൂര്‍, തിരുവണ്ണാമലൈ ജില്ലകളിലും ജാഗ്രത പുലര്‍ത്തുന്നു.

deshabhimani

No comments:

Post a Comment