Friday, July 5, 2013

തൊഴിലാളികളുടെ അവകാശം ഉറപ്പാക്കണം: കോടതി

ബംഗളൂരു മെട്രോ റെയിലിനായി പണിയെടുക്കുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഇവിടെ പണിയെടുക്കുന്നവര്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ പരിതാപകരമായ അവസ്ഥയിലാണെന്നു കാണിച്ച് സാമൂഹ്യപ്രവര്‍ത്തകനായ സാമുവേല്‍ സത്യശീലന്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവെയാണ് കോടതി ബിഎംആര്‍സിക്ക് ഈ മുന്നറിയിപ്പുനല്‍കിയത്. ചീഫ്ജസ്റ്റിസ് ഡി എച്ച് വഗേല, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പ്രശ്നത്തില്‍ കോണ്‍ട്രാക്ടര്‍മാരുടെയും തൊഴില്‍വകുപ്പിന്റെയും യോഗം വിളിക്കാന്‍ കോടതി ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനോ(ബിഎംആര്‍സി)ട് കോടതി നിര്‍ദേശിച്ചു. മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിര്‍മാണമാണ് നഗരത്തില്‍ നടക്കുന്നത്. 27 കോണ്‍ട്രാക്ടര്‍മാരുടെ കീഴിലാണ് നിര്‍മാണം. തൊഴില്‍നിയമം ലംഘിച്ചാണ് പ്രവൃത്തികള്‍. തൊഴിലാളികള്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. താമസസൗകര്യവും ഭക്ഷണവും നിലവാരമില്ലാത്തതാണ്.

30,000 തൊഴിലാളികള്‍ സമരത്തില്‍

ചെന്നൈ: ഊര്‍ജോല്‍പ്പാദനമേഖലയിലെ നവരത്ന കമ്പനിയായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ (എന്‍എല്‍സി) അഞ്ചുശതമാനം ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 30,000ലേറെ തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ കഴിയുംവരെ സമരത്തിലേക്ക് നീങ്ങരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് തൊഴിലാളികളുടെ സമരപ്രഖ്യാപനം. 2400 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള എന്‍എല്‍സിയില്‍ നിന്ന് 1140മെഗാവാട്ട് വൈദ്യുതിയും തമിഴ്നാട് വാങ്ങുന്നു. കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളും എന്‍എല്‍സിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. തൊഴിലാളി സമരം അനിശ്ചിതമായി നീളുന്നത് ദക്ഷിണേന്ത്യയിലെ വൈദ്യുതി വിതരണത്തെ ബാധിക്കും. 56 വര്‍ഷമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വകാര്യകുത്തകകളുടെ കൈയിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. എന്‍എല്‍സിയുടെ 93.56 ശതമാനം ഓഹരി കേന്ദ്രസര്‍ക്കാരിനാണ്. 2006ല്‍ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിവന്നു.

deshabhimani

No comments:

Post a Comment