Saturday, July 6, 2013

മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ പഴുതില്ല

ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതിനെട്ടടവും പയറ്റുന്നുണ്ട്. രക്ഷപ്പെടുത്താനാകട്ടെ അദ്ദേഹത്തെ കൈമെയ് മറന്ന് പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ ആവതും ശ്രമിക്കുന്നുമുണ്ട്. ബഹുജനശ്രദ്ധ മറ്റു ചില വിഷയങ്ങളിലേക്ക് വഴിതെറ്റിച്ചു വിട്ട്, പ്രശ്നം നിസ്സാരവല്‍ക്കരിച്ച് ഇല്ലാതാക്കാനാണ് പാടുപെടുന്നത്. എന്നാല്‍, രക്ഷപ്പെടാന്‍ പഴുതില്ലാത്ത കുരുക്കിലാണ് ഉമ്മന്‍ചാണ്ടി അകപ്പെട്ടിരിക്കുന്നത്. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, നടി ശാലുമേനോന്‍ എന്നീ മൂന്നു പേരാണ് തട്ടിപ്പിന്റെ സിരാകേന്ദ്രം. ഇവരുമായി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.

മുഖ്യമന്ത്രി ഒപ്പിട്ട അദ്ദേഹത്തിന്റെ ഔദ്യോഗികമായ ശുപാര്‍ശക്കത്തുപയോഗിച്ചാണ് പലരില്‍നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അരഡസന്‍ പേരെങ്കിലും തട്ടിപ്പുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സാമ്പത്തിക അഴിമതി, തട്ടിപ്പ്, വെട്ടിപ്പ്, വഞ്ചന, മേലെനിന്നുള്ള ഇടപെടല്‍ എന്നിവയൊക്കെ ഈ തട്ടിപ്പുകേസില്‍ ഉണ്ടായതായി കാണാം. സ്റ്റാഫില്‍പ്പെട്ടവര്‍ തട്ടിപ്പ് നടത്തിയാല്‍ മുഖ്യമന്ത്രിയെ എങ്ങനെ കുറ്റപ്പെടുത്തും എന്ന് വാദിക്കുന്നവരുണ്ട്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റ്, പ്യൂണ്‍, ഗണ്‍മാന്‍, ഡ്രൈവര്‍ തുടങ്ങി എല്ലാവരെയും അദ്ദേഹംതന്നെ കണ്ടെത്തുകയായിരുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തരെയാണ് തെരഞ്ഞുപിടിച്ച് നിയമിച്ചത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം പതിന്മടങ്ങ് വര്‍ധിക്കുന്നു.

ശ്രീധരന്‍നായര്‍ എന്നൊരാള്‍ സരിതയ്ക്ക് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് കൈമാറിയതെന്ന് കാണുന്നു. സരിതയുടെയും സംഘത്തിന്റെയും വിശ്വാസ്യത ഉറപ്പിക്കാനാണ് പണം കൈമാറാനുള്ള വേദി മുഖ്യമന്ത്രിയുടെ ഓഫീസായി തെരഞ്ഞെടുത്തതെന്ന് വ്യക്തം. 40 ലക്ഷം രൂപ ഒരാള്‍ വിശ്വസിച്ചേല്‍പ്പിക്കണമെങ്കില്‍ തുക നഷ്ടപ്പെടുകയില്ലെന്ന് നല്ല ഉറപ്പുണ്ടായിരിക്കണം. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ബലത്തിലാണ് തുക കൈമാറിയത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രിക്കൊഴിഞ്ഞുമാറാന്‍ കഴിയില്ല. ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ചാണ്ടി എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹംതന്നെ സമ്മതിക്കുന്നു. അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടി സമയം ചെലവഴിക്കുന്നതില്‍ ധൂര്‍ത്ത് കാണിക്കുന്ന ആളല്ല. തന്റെ ഓഫീസില്‍ കാണാന്‍ വരുന്നവരോട് ഇടതുകൈയും വലതുകൈയും ഉപയോഗിച്ച് നിവേദനം വാങ്ങുന്ന പതിവാണുള്ളത്. ഇരുന്ന ഇരുപ്പില്‍ നിവേദനം വാങ്ങില്ല. നിന്ന നില്‍പ്പിലാണ് നിവേദനം സ്വീകരിക്കുന്നത്. ഇരിക്കാന്‍ സമയമില്ല. കാല്‍ലക്ഷത്തിലധികം പേരെ ഒരു കേന്ദ്രത്തില്‍ വിളിച്ചുകൂട്ടി, തുരുതുരാ നിവേദനം സ്വീകരിക്കും. ഈ ജനസമ്പര്‍ക്ക പരിപാടിയുടെ പേരിലാണ് ഐക്യരാഷ്ട്രസഭയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് അവാര്‍ഡ് തരപ്പെടുത്തിയത്. അത്തരം ഒരു മുഖ്യമന്ത്രി ബിജു രാധാകൃഷ്ണനുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

ആരാണീ രാധാകൃഷ്ണന്‍. തന്റെ ഭാര്യയെ അതിക്രൂരമായി കൊന്ന ആളാണ്. മുഖ്യമന്ത്രിക്ക് ഒരുമണിക്കൂര്‍ ചര്‍ച്ചചെയ്യാന്‍ ഇതിലധികം മഹത്വമുള്ള ഒരാളെ എവിടെനിന്നാണ് കിട്ടുക? മുഖ്യമന്ത്രി ഒരുമണിക്കൂര്‍ ചെലവഴിച്ചത് കൊലപാതകിയുമായിട്ടാണ്. സംസാരിച്ച വിഷയം തിരക്കിയപ്പോള്‍ കുടുംബകാര്യമാണെന്നാണുത്തരം. കുടുംബകാര്യം എന്താണെന്നത് പരമരഹസ്യമാണ്, ഊഹിക്കാനേ കഴിയൂ. രണ്ടാം വിവാഹകാര്യമാണോ, ടീം സോളാര്‍ കമ്പനിയില്‍ ഓഹരിയെടുക്കുന്ന കാര്യമാണോ, ജനങ്ങളെ വഞ്ചിക്കുന്ന കാര്യമാണോ എന്നൊന്നും വ്യക്തമല്ല. ഇതൊന്നുമല്ലാത്ത മറ്റൊരു കുടുംബകാര്യം രാധാകൃഷ്ണനുമായി സംസാരിക്കാനില്ല. അതുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാണ്. നല്ല കനമുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കൊലയാളിയുടെ കുടുംബകാര്യം സംസ്ഥാന മുഖ്യമന്ത്രി തന്റെ വിലപ്പെട്ട ഒരുമണിക്കൂര്‍ ചെലവഴിച്ച് ചര്‍ച്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . 20 മന്ത്രിമാരില്‍ ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കാനും ഏറ്റെടുക്കാനുമുള്ള കഴിവും വിശ്വാസ്യതയും തിരുവഞ്ചൂരിനാണെന്ന ബോധ്യത്തിലാണല്ലോ വകുപ്പ് അദ്ദേഹത്തെ ഏല്‍പ്പിച്ചത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുക്കാതെ മുറുകെ പിടിക്കേണ്ടുന്ന വകുപ്പാണ് ആഭ്യന്തരം. ആഭ്യന്തരമന്ത്രിയും തട്ടിപ്പ് സംഘവും തമ്മിലുള്ള ഉറ്റ ബന്ധവും മറനീക്കി പുറത്തുവന്നു.

ആഭ്യന്തരമന്ത്രിക്ക് കനത്ത സുരക്ഷാ സന്നാഹങ്ങളാണുള്ളത്. മുമ്പിലും പിമ്പിലും അനേകം പൊലീസ് ജീപ്പുണ്ടായിരിക്കും. അങ്ങനെയുള്ള ഒരു മന്ത്രി ഔദ്യോഗിക വാഹനത്തില്‍ ഇരിക്കുമ്പോള്‍ വഴിക്കുവച്ച് കൈകാണിച്ച് നിര്‍ത്തുന്നു! പുതിയ വീട്ടില്‍ കയറി കൈകൂപ്പി രണ്ടു മിനിറ്റിനകം പുറത്തുകടന്നു എന്നാണ് ആഭ്യന്തരമന്ത്രി ആദ്യം പറഞ്ഞത്. ശാലുമേനോന്റെ അമ്മ പറഞ്ഞത് ക്ഷണിച്ചിട്ടാണ് വന്നതെന്നാണ്. രണ്ടുമണിക്കൂര്‍ അവിടെ തങ്ങിയെന്നും അവര്‍ പറയുന്നു. ഒരുപാട് ഫോട്ടോയ്ക്കും ആഭ്യന്തരമന്ത്രി പോസ് ചെയ്തു. ഇതെന്തിന് മറച്ചുവച്ചു എന്ന് ജനങ്ങള്‍ക്കറിയണം.

ക്രിമിനല്‍ സംഘവുമായിട്ടാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മിത്രമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടുത്ത ബന്ധം കാണുന്നത്. ഈ ബന്ധമാണ് 40 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് കൈമാറാന്‍ ഒരാള്‍ക്ക് പ്രേരണയായത്. കൈരളി ചാനലും ദേശാഭിമാനിയും ഈ രഹസ്യവിവരം പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കില്‍ പതിനായിരം കോടിയില്‍പ്പരം രൂപ കേരളീയരില്‍നിന്ന് ഈ കൊള്ളസംഘം തട്ടിപ്പറിക്കുമായിരുന്നു. അതാകട്ടെ നിരവധി കുടുംബങ്ങളുടെ ആത്മഹത്യക്കിടവരുത്തുമായിരുന്നു. ഒരാളുടെ സ്വഭാവം അറിയാന്‍ അയാളുടെ കൂട്ടുകെട്ട് കൃത്യമായിട്ടറിഞ്ഞാല്‍ മതി. മുഖ്യമന്ത്രി കൂട്ടുകൂടിയത് തട്ടിപ്പുകാരായ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുമായിട്ടാണ്, ശാലുമേനോനെ സെന്‍സര്‍ ബോര്‍ഡംഗമാക്കിയ കൊടിക്കുന്നില്‍ സുരേഷുമായിട്ടാണ്, കൊലയാളിക്ക് കൂടിക്കാഴ്ച ഒരുക്കിയ ഷാനവാസുമായിട്ടാണ്, സരിതാനായരുമായിട്ടാണ്.

ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷംപോലും മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ല. ധാര്‍മികമായിട്ടു മാത്രമല്ല, സാമാന്യ നിയമപ്രകാരവും ജനാധിപത്യമര്യാദയനുസരിച്ചും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ തട്ടിപ്പുസംഘവുമായി അടുത്ത ബന്ധമുണ്ട്. ഇവരുടെ കീഴിലുള്ള പൊലീസിനെക്കൊണ്ടന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. സത്യം ജയിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. അതില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലും ഉണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പദവി ഒഴിഞ്ഞുകൊണ്ടായിരിക്കണം. ജനങ്ങളുടെ അടങ്ങാത്ത രോഷമാണ് കുറെ നാളുകളായി കേരളത്തിന്റെ തെരുവുകളില്‍ ആളിക്കത്തുന്നത്. അതിനെ അടിച്ചമര്‍ത്താനാവില്ല. അതാണ് ചരിത്രസത്യം. ഇനിയും ഒരു നിമിഷം കാത്തിരിക്കാതെ മുഖ്യമന്ത്രിയും കൂട്ടുകാരനും രാജി വച്ചൊഴിയണം. ജുഡീഷ്യലന്വേഷണത്തിന് ഉത്തരവിടണം. അതുവരെ കേരള ജനതയ്ക്ക് വിശ്രമമില്ല.

deshabhimani editorial

No comments:

Post a Comment